2016-08-20 12:52:00

അനീതിക്കെതിരെ ശബ്ദമുയര്‍ത്തുക:ബാന്‍ കി മൂണ്‍


ലോകത്തില്‍ ദുരിതത്തിലാണ്ടവരോട് കാരുണ്യം കാട്ടാനും അനീതിക്കെതിരെ ശബ്ദമുയര്‍ത്താനും മാറ്റത്തിനായി യത്നിക്കാനും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍  ബാന്‍ കി മൂണ്‍ ആഹ്വാനം ചെയ്യുന്നു.

2009 മുതല്‍ അനുവര്‍ഷം ആഗസ്റ്റ് 19 ലോക ജീവകാരുണ്യദിനമായി (WORLD HUMANITARIAN DAY) ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ ഈ ദിനത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഈ ആഹ്വാനമുള്ളത്.

തങ്ങളുടെ ജീവന്‍ നിലനിറുത്തുന്നതിന് ഇന്ന് ലോകത്തില്‍ 13 കോടിയോളം ജനങ്ങള്‍ മാനവികസഹായത്തെ ആശ്രയിക്കേണ്ടിവരുന്ന വേദനാജനകമായ അവസ്ഥയും ഐക്യരാഷ്ട്രസഭയുടെ മേധാവി ബാന്‍ കി മൂണ്‍ തന്‍റെ സന്ദേശത്തിന്‍റെ ആരംഭത്തില്‍ അനുസ്മരിക്കുന്നു.

മക്കള്‍ക്ക് എന്ത് വാങ്ങണം ഭക്ഷണമോ അതോ മരുന്നോ എന്ന് നിശ്ചയിക്കേണ്ടി വരുന്ന മാതാപിതാക്കള്‍, പള്ളിക്കൂടമോ അല്ലെങ്കില്‍ സ്വന്തം കുടുംബത്തിന് താങ്ങകാന്‍ ജോലിയോ തിര‍ഞ്ഞെടുക്കേണ്ടിവരുന്ന കുട്ടികള്‍, ബോംബ്സ്ഫോടനങ്ങള്‍ക്കിരകളാകണോ അതോ സാഹസകിമായി കടല്‍ കടന്നും രക്ഷപ്പെടാന്‍ ശ്രമിക്കണോ എന്നു തീരുമാനിക്കേണ്ടിവരുന്നവര്‍ അങ്ങനെ  അനുദിന ജീവിതത്തില്‍ ബുദ്ധിമുട്ടു നിറഞ്ഞ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടിവരുന്ന സ്ത്രീപുരുഷന്മാരും കുട്ടികളുമടങ്ങുന്നവരാണ് ഇവരെന്നും അദ്ദേഹം പറയുന്നു.

യാതനകള്‍ ഇല്ലാതാക്കാന്‍ പരിശ്രമിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ലോക ജീവകാരുണ്യദിനാചരണമെന്നും ബാന്‍ കി മൂണ്‍  പ്രസ്താവിച്ചു.

പാവപ്പെട്ടവരും പാര്‍ശ്വവത്കൃതരും വേധ്യരുമായവരെ സഹായിക്കുന്നതിനിടെ ജീവന്‍ പൊലിഞ്ഞവരെയും അനുസ്മരിക്കുന്നതിനുള്ള ഒരു ദിനമാണിതെന്ന് 2009 ല്‍ ഈ ദിനാചരണം ഏര്‍പ്പെടുത്തിയ വേളയില്‍ ഐക്യരാഷ്ട്ര സഭ വ്യക്തമാക്കയിരുന്നു. അതുകൊണ്ടുതന്നെയാണ് ഐക്യരാഷ്ട്രസഭയ്ക്ക് ഇറാക്കിന്‍റെ തലസ്ഥാനമായ ബാഗ്ദാദില്‍ 2003 ആഗസ്റ്റില്‍ തുറക്കപ്പെട്ട പുതിയ കാര്യാലയത്തിനു നേര്‍ക്ക് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബോംബാക്രമണമുണ്ടായ ദിനം ആഗ്സറ്റ് 19 ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ ഈ ആചരണത്തിനായി തിരഞ്ഞെടുത്തത്. ആ ബോംബുസ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.