2016-08-19 13:11:00

അപരനെ അന്തസ്സാരവിഹീനനായി കാണുന്നത് മനുഷ്യപ്രകൃതിവിരുദ്ധം


അപരനെ അന്തസ്സാരവിഹീനനും, അതിലുപരി, ദുരിതഹേതുവും, വിഘ്നവുമായി മാറ്റുന്ന സ്വാര്‍ത്ഥതാല്പര്യത്തിന്‍റെ ചക്രവാളത്തില്‍ സ്വയം തളച്ചിടുന്ന പ്രലോഭനത്തില്‍ മനുഷ്യന്‍ പലപ്പോഴും വീണുപോകുന്നതിനെതിരെ മാര്‍പ്പാപ്പാ മുന്നറിയിപ്പു നല്കുന്നു.

മറ്റുള്ളവരെ ഇത്തരത്തില്‍ കാണുന്നത് മനുഷ്യപ്രകൃതിക്ക് ചേര്‍ന്നതല്ലെന്നും   ഫ്രാന്‍സീസ് പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.

ഇറ്റലിയില്‍, റോമില്‍ നിന്ന് 360 കിലോമീറ്ററിലേറെ വടക്കുകിഴക്ക്, സ്ഥിതിചെയ്യുന്ന റിമിനി പട്ടണത്തില്‍ ആരംഭിച്ചിരിക്കുന്ന മുപ്പത്തിയേഴാം ജനതകളുടെ സൗഹൃദസമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

 വെള്ളിയാഴ്ച(19/08/16) ആരംഭിച്ചതും ഇരുപത്തിയഞ്ചാം തിയതി വ്യാഴാഴ്ച വരെ നീളുന്നതുമായ ഈ സപ്തദിന സമ്മേളനത്തിനുള്ള ഈ സന്ദേശം വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പാപ്പായുടെ നാമത്തില്‍ ഒപ്പിട്ട് റിമിനി രൂപതയുടെ മെത്രാന്‍ ഫ്രാന്‍ചെസ്കൊ ലമ്പിയാസിക്ക് സമ്മേളനാരംഭദിനത്തില്‍ അയച്ചുകൊടുക്കുകയായിരുന്നു.

കു‍ഞ്ഞുങ്ങളായിരിക്കുമ്പോള്‍ മുതല്‍ നമ്മള്‍ മനുഷ്യവ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ സൗഷ്ഠവം കണ്ടെത്തുകയും, ഏക പിതാവായ ദൈവത്തിന്‍റെ  മക്കളെന്നനിലയില്‍ മറ്റുള്ളവരെ സഹോദരങ്ങളായി കാണുകയും ആദരിക്കുകയും ചെയ്തുകൊണ്ട് കൂടിക്കാഴ്ചനടത്താന്‍ പഠിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ തന്‍റെ   സന്ദേശത്തില്‍  അനുസ്മരിക്കുന്നു.

എന്നാല്‍ വ്യക്തിസ്വാതന്ത്ര്യവാദം നമ്മെ അപരനില്‍ നിന്ന് അകറ്റുകയും അപരന്‍റെ കുറ്റങ്ങളിലും കുറവുകളിലും ഊന്നല്‍ നല്കുകവഴി സഹജീവനത്തിനുള്ള ആഗ്രഹത്തിനും കഴിവിനും മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറയുന്നു.

സമാധാനത്തിനും ജനതകളുടെയും രാഷ്ട്രങ്ങളുടെയും സുരക്ഷിതത്വത്തിനും നേര്‍ക്കുയരുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ അപരനെ നമ്മുടെ എതരാളിയായിക്കാണുന്നതായൊരു ഭീതി നമ്മിലുളവാക്കാന്‍പോന്ന അസ്തിത്വപരമായ  അസുരക്ഷിതത്വത്തെക്കുറിച്ച് അവബോധം പുലര്‍ത്താന്‍ നമ്മള്‍, വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

സംഭാഷ​ണത്തിന്‍റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന പാപ്പാ ആ പദം ആവര്‍ത്തിക്കുന്നതില്‍, സര്‍വ്വോപരി, ആ പദത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ നമുക്കൊരിക്കലും മടുപ്പനുഭവപ്പെടരുതെന്ന് ഉപദേശിക്കുന്നു.

1980 മുതല്‍ അനുവര്‍ഷം നടക്കുന്ന റിമിനി സമ്മേളനത്തില്‍, അഥവാ, ജനതകളുടെ സൗഹൃദ സംഗമത്തില്‍ രഷ്ട്രീയ,വ്യവസായ,മത,സംസ്കാരിക,കലാകായിക മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നു.

“നീ എനിക്കൊരു നന്മ” എന്നതാണ് ഈ സമ്മേളനത്തിന്‍റെ ഇക്കൊല്ലത്തെ വിചിന്തനപ്രമേയം.








All the contents on this site are copyrighted ©.