2016-08-18 19:15:00

ആര്‍ച്ചുബിഷപ്പ് റാഫേല്‍ ചീനാത്ത് പീഡിതരായ ക്രൈസ്തവരുടെ യോദ്ധാവ്


പീഡനങ്ങള്‍ക്ക് ഇരയായ കണ്ഡമാലിലെ ക്രൈസ്തവരുടെ യോദ്ധാവായിരുന്നു കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന, ആര്‍ച്ചുബിഷപ്പ് റാഫേല്‍ ചീനാത്തെന്ന്  മുംബൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു.

ആഗസ്റ്റ് 14-ാം തിയതി ഞായറാഴ്ച 82-മത്തെ വയസ്സില്‍ അന്തരിച്ച ആര്‍ച്ചുബിഷപ്പ് ചീനാത്തിന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ 17-ാം തിയതി ബുധനാഴ്ച മുംബൈ-അന്ധേരിയിലെ തിരുഹൃദയ ദേവാലയത്തില്‍ പ്രാദേശിക സമയം മൂന്നു മണിക്ക് നടത്തപ്പെട്ടു. പരേതന്‍റെ ആത്മശാന്തിക്കായി അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് ആര്‍ച്ചുബിഷപ്പ് ചീനാത്തിന്‍റെ പീഡിതരുടെ യോദ്ധാവെന്നു കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിശേഷിപ്പിച്ചത്.

2008-ല്‍ കണ്ഡമാലില്‍ ക്രൈസ്തവര്‍ക്കെതിരായി പൊട്ടിപ്പുറപ്പെട്ട പീഡനത്തിന്‍റെ നീണ്ടകാല വ്യഥകള്‍ അന്ന് കട്ടാക്ക്-ഭുവനേശ്വ്രര്‍ മെത്രാപ്പോലീത്തയായിരുന്ന ആര്‍ച്ചുബിഷപ്പ് ചീനാത്ത് അനുഭവിക്കേണ്ടിവന്നതു കര്‍ദ്ദിനാള്‍ പ്രഭാഷണമദ്ധ്യേ അനുസ്മരിച്ചു. ഒഡിഷയിലെ കണ്ഡമാല്‍ പ്രദേശത്ത് കൊല്ലപ്പെട്ടവ ക്രൈസ്തവരെ രക്തസാക്ഷികളായി സഭ പ്രഖ്യാപിക്കണമെന്നത് ആര്‍ച്ചുബിഷപ്പ് ചീനാത്തിന്‍റെ അന്തിമാഭിലാഷം കൂടിയാണെന്ന് അടുത്തറിയുന്ന കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. കണ്ഡമാല്‍ പ്രശ്നത്തില്‍ പീഡിതരുടെ പക്ഷംചേര്‍ന്ന ആര്‍ച്ചുബിഷപ്പ് ചേനത്തിനെതിരായി ഹിന്ദുമത മൗലികവാദികളുടെ പീഡിനങ്ങളും വധഭീഷണിയും പെരുകിവന്നതിനെ തുടര്‍ന്ന്  ആയുസ്സിന്‍റെ അവസാനഘട്ടങ്ങളില്‍ ഒഡിഷയില്‍ തങ്ങാനാവാതെയാണ് മുംബൈയിലേയ്ക്കു മടങ്ങിയെത്തിയതെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സാക്ഷ്യപ്പെടുത്തി.

കണ്ഡമാലില്‍ മതമൗലികവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇരയായയവര്‍ക്കുവേണ്ടിയും, പീഡനങ്ങള്‍ അതിജീവിച്ചവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും മരണംവരെ പോരാടിയ ഈ നല്ലിടയന്‍റെ നിര്യാണത്തില്‍ ഭാരതസഭയാണ് കേഴുന്നതെന്ന്, ദേശീയ ലത്തീന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അന്ത്യാഞ്ജലിയായി പ്രസ്താവിച്ചു.

1934-ല്‍ കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ പെല്ലിശ്ശേരിയില്‍ ജനിച്ചുദൈവവചന സഭയില്‍ ചേര്‍ന്നു (Society of the Divine Word –SVD) പഠിച്ച്

1963-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ആരംഭകാലം മുതല്‍ ഒറീസ്സ അല്ലെങ്കില്‍ ഒറീസാ മിഷന്‍ അദ്ദേഹത്തിന്‍റെ പ്രേഷിത തട്ടകമായിരുന്നു.

1974-ല്‍ ഒഡിഷയിലെ സമ്പാള്‍പൂര്‍ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു.

1985--ലാണ് അദ്ദേഹത്തെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയോഗിച്ചത്.

2011-ല്‍ ഔദ്യോഗിക പദവിയില്‍നിന്നു വിരമിച്ചശേഷവും കാണ്ഡമാലിലെ പീഡിതരും പരിത്യക്തരുമായവരുടെ വിമോചനശ്രമങ്ങളിലും, അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കുവേണ്ടിയും ധീരമായി പോരാടിയ  കര്‍മ്മധീരനായിയുന്നു.

ആര്‍ച്ചുബിഷപ്പ് റാഫേല്‍ ചീനാത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു!








All the contents on this site are copyrighted ©.