2016-08-13 11:13:00

ഫ്രാന്‍സീസ് പാപ്പായുടെ “കരുണയുടെ വെള്ളിയാഴ്ച"


     ഫ്രാന്‍സീസ് പാപ്പാ “കാരുണ്യവെള്ളി”(FRIDAY OF MERCY) ആചരണം തുടരുന്നു.

     കരുണയുടെ ഈ അസാധാരണ ജൂബിലി വര്‍ഷത്തില്‍ തനിമയാര്‍ന്ന  ശൈലിയിലൂടെ ദൈവികകാരുണ്യത്തിന് സാക്ഷ്യമേകുന്ന  പാപ്പാ മാസത്തിലെ ഒരു വെള്ളിയാഴ്ച “കാരുണ്യ വെള്ളി” ആയി ആചരിച്ചു വരികയാണ്.

     ഈ ആചരണത്തിന്‍റെ ഭാഗമായി പാപ്പാ പന്ത്രണ്ടാം തിയതി വെള്ളിയാഴ്ച (12/08/16) റോമിന്‍റെ വടക്കുഭാഗത്ത് ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായുടെ നാമത്തിലുള്ള ഒരു സമൂഹം സന്ദര്‍ശിച്ചു.

     സ്ത്രീകളെ ലൈംഗികചൂഷണത്തിരകളാക്കി പണം സമ്പാദിക്കുന്നവരുടെ കെണിയില്‍ നിന്ന് രക്ഷപ്പെടുത്തപ്പെട്ട വിവിധരാജ്യക്കാരായ 20 സ്ത്രീകളാണ് ഇറ്റാലിയന്‍ വൈദികനായ ഒറേസ്തെ ബെന്‍സി സ്ഥാപിച്ച ഈ സമൂഹത്തില്‍ വസിക്കുന്നത്.

     ശരാശരി മുപ്പതിനോടടുത്തു പ്രായമുള്ള ഈ യുവതികളില്‍ 7 പേര്‍ ആഫ്രിക്കന്‍ നാടായ നൈജീരിയക്കാരാണ്, 6 പേര്‍ റൊമേനിയയിലും 4 പേര്‍ അല്‍ബേനിയയിലും നിന്നുള്ളവരും. ശേഷിച്ച 3 പേര്‍ ടുണീഷ്യ, ഇറ്റലി, ഉക്രയിന്‍ എന്നീ നാട്ടുകാരികളാണ്.

     റോമിലെ സമയം വൈകുന്നേരം 5 മണിയോടെ ( ഇന്ത്യയിലെ സമയം രാത്രി 8.30) ഇവരെ സന്ദര്‍ശിക്കാനെത്തിയ പാപ്പായെ  ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായുടെ സമൂഹത്തിന്‍റെ പൊതുചുമതലയുള്ള ജൊവാന്നി പാവൊളൊ റമോന്ത, ആദ്ധ്യാത്മികകാര്യങ്ങളുടെ ചുമതലയുള്ള സഹായിയായ വൈദികന്‍ ആല്‍ദൊ   തെരുവീഥികളില്‍ പെട്ടുപോയവരെ രക്ഷിക്കുന്ന ദൗത്യസംഘത്തിന്‍റെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.

     ആ ഭവനത്തില്‍ അല്പസമയം ചിലവഴിച്ച പാപ്പ അവിടെ വസിക്കുന്ന യുവതികളുടെ കദനകഥ ശ്രവിക്കുകയും ചെവി മുറിച്ചെടുത്തതുള്‍പ്പടെ, അവര്‍ക്കേറ്റ ശാരീരിക മുറിവുകള്‍, പ്രഹരമേറ്റതിന്‍റെ പാടുകള്‍ തുടങ്ങിയവ കാണുകയും അവരെ ഓരോരുത്തരുടെയും അടുത്തുചെന്ന് അനുഗ്രഹം ചൊരിയുകയും സാന്ത്വനം പകരുകയും ചെയ്തു.

     അവര്‍ക്കതിരെയുണ്ടായിട്ടുള്ള എല്ലാ ദ്രോഹങ്ങള്‍ക്കും പാപ്പാ സകല ക്രൈസതവരുടെയും നാമത്തില്‍ അവരോടു മാപ്പപേക്ഷിച്ചു.

     നരുകുലത്തിനെതിരായ കുറ്റകൃത്യം എന്ന് ഫ്രാന്‍സീസ് പാപ്പാ പലതവണ വിശേഷിപ്പിച്ചിട്ടുള്ള മനുഷ്യക്കടത്തിനെതിരെ പോരാടാനുള്ള വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തലാണ് പാപ്പായുടെ ഈ സന്ദര്‍ശനം.








All the contents on this site are copyrighted ©.