2016-08-12 11:35:00

വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ സ്മാരകസ്റ്റാമ്പ് വത്തിക്കാനില്‍നിന്നും


വത്തിക്കാന്‍റെ തപാല്‍ വിഭാഗം (Philatelic & Numismatic Dept. of Vatican) സെപ്തംബര്‍ 2-ാം തിയതി വെള്ളിയാഴ്ചയാണ് വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ സ്മാരക സ്റ്റാമ്പ് പ്രകാശനംചെയ്യുന്നത്.  സെപ്തംബര്‍ 4-ാം തിയതി ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണമദ്ധ്യേ പാവങ്ങളുടെ അമ്മയെന്നു ലോകം വിളിക്കുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തും.

പ്രായാധിക്യത്താല്‍ ചുക്കിച്ചുളിഞ്ഞതെങ്കിലും, പുഞ്ചിരിയോടെ ദൈവികത പ്രസരിപ്പിക്കുന്ന  മദറിന്‍റെ മുഖച്ഛായ സ്റ്റാമ്പിന്‍റെ കേന്ദ്രഭാഗത്ത് നിറഞ്ഞുനില്കുന്നു. പശ്ചാത്തലമായി കല്‍ക്കട്ട നഗരത്തിന്‍റ പൗരാണികതയും ക്രിസ്തീയതയും വിളിച്ചോതിക്കൊണ്ട് സെന്‍റ് പോള്‍സ് ഭദ്രാസന ദേവാലയം (St. Paul’s Anglican Cathedral – Church of North India) കാണാം. കൂടാതെ ഒരു കുഞ്ഞിനെ കൈക്കുപിടിച്ച് നടന്നകലുന്ന മദറിന്‍റെ പൂര്‍ണ്ണകായ ദൂരദൃശ്യചിത്രണവും സ്റ്റാമ്പിന്‍റെ ഇടതുഭാഗത്ത് സംയോജനംചെയ്തിരിക്കുന്നു. കാരുണ്യത്തിന്‍റെ അമ്മ, പാവങ്ങള്‍ക്ക് താങ്ങായവള്‍ എന്നിങ്ങനെയുള്ള മദറിന്‍റെ ആത്മീയത തുളുമ്പുന്ന വ്യക്തിത്വം വരച്ചുകാട്ടുകയാണ് ഈ ബഹുവര്‍ണ്ണ വത്തിക്കാന്‍ സ്റ്റാമ്പ്.

ഇറ്റാലിയന്‍ ചിത്രകാരന്‍, പത്രീസിയോ ദാനിയേലിന്‍റെ സൃഷ്ടിയാണ് സ്റ്റാമ്പിന്‍റെ അടിസ്ഥാനരൂപം.  യൂറോപ്യന്‍ വിനിമയ നിരക്കില്‍ സ്റ്റാമ്പൊന്നിന് 95 സെന്‍റ് (Euro 0.95), ഏകദേശം 60 രൂപ മൂല്യമുള്ളതാണ് ‘ഭാരതരത്ന’മായ കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസയുടെ സ്മാരകസ്റ്റാമ്പ്.  ആദ്യഘട്ടത്തില്‍ 10 സ്റ്റാമ്പുകളുള്ള ഒരുലക്ഷത്തി അന്‍പതിനായിരം ഷീറ്റുകളാണ് (1,50,000 folios) വത്തിക്കാന്‍റെ തപാല്‍ വിഭാഗം പുറത്തിറക്കുന്നത്.








All the contents on this site are copyrighted ©.