2016-08-11 09:06:00

ലെസോത്തോയ്ക്കു നല്കിയ സഹായം അതിരുകള്‍ തേടിയുള്ള അജപാലനവീക്ഷണം


ആഫ്രിക്കന്‍ രാജ്യമായ ലെസോത്തോയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നല്കിയ ധനസഹായം പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടുള്ള പ്രതിബദ്ധതയാണെന്ന് സ്ഥലത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് പീറ്റര്‍ ബ്രയണ്‍ വെല്‍സ് പ്രസ്താവിച്ചു. ലെസോത്തോ കൂടാതെ ആഫ്രിക്കന്‍ രാജ്യങ്ങളായ ബോത്സ്വാനാ, നമീബിയ, സ്വാസിലാണ്ട് എന്നിവിടങ്ങളിലെയും വത്തിക്കാന്‍റെ നയതന്ത്ര പ്രതിനിധിയാണ് ആര്‍ച്ചുബിഷപ്പ് വെല്‍സ്.

കാലാവസ്ഥ വ്യതിയാനവും അതു കാരണമാക്കുന്ന കെടുതികളുംമൂലം അടിയന്തരാവസ്ഥയിലെത്തിയ മലമുകളിലെ ചെറിയ രാജ്യമായ ലെസോത്തോയ്ക്ക് 4 ലക്ഷം അമേരിക്കന്‍ ഡോളര്‍, ഏകദേശം മൂന്നു കോടിയിലേറെ രൂപയാണ് പാപ്പാ ഫ്രാന്‍സിസ് ധനസഹായം എത്തിച്ചുകൊടുത്തത്.

സഭയുടെ ഉപവിപ്രവര്‍ത്തന സംഘടനകള്‍, പ്രസ്ഥാനങ്ങള്‍, സ്ഥലത്തെ ദേശീയ മെത്രാന്‍ സമതികള്‍ എന്നിവവഴി ധനസഹായം നല്കുന്ന പതിവുകള്‍ തെറ്റിച്ചാണ് ഇക്കുറി പാപ്പാ ഫ്രാന്‍സിസ് സഹായം സ്ഥലത്തെ സര്‍ക്കാരിനെ ഏല്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 8-ാം തിയതി തിങ്കളാഴ്ചയാണ് പാപ്പാ സഹായം എത്തിച്ചതെന്നും ആര്‍ച്ചുബിഷപ്പ് വെല്‍സ് സാക്ഷ്യപ്പെടുത്തി.

കാലാവസ്ഥാക്കെടുതിമൂലം ലെസോത്തോയുടെ ഭൂപ്രദേശത്ത് ഉണ്ടായിരിക്കുന്ന ജലക്ഷാമം, ദാരിദ്ര്യം രോഗങ്ങള്‍, കൃഷിനാശം, അവയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികള്‍ എന്നിങ്ങനെയുള്ള വിപരീതാത്മകമായ സാമൂഹ്യ ചുറ്റുപാടുകള്‍ വിലയിരുത്തിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് അടിയന്തിരമായി ഈ ധനസഹായം എത്തിച്ചുകൊടുത്തതെന്ന് ആര്‍ച്ചുബിഷപ്പ് വെല്‍സ് നിരീക്ഷിച്ചു.

അതിരുകള്‍ തേടിയുള്ള പാപ്പായുടെ അജപാലന വീക്ഷണത്തിന്‍റെയും ശ്രദ്ധയുടെയും പ്രകടമായ സാക്ഷ്യമാണ് ലൊസോത്തോയിലെ ജനങ്ങള്‍ക്കു കാരുണ്യത്തിന്‍റെ ജൂബിലി വത്സരത്തില്‍ പാപ്പാ നേരിട്ടു നല്കിയ ഏറെ പ്രതീകാത്മകമായ ഈ സാമ്പത്തിക പിന്‍തുണയെന്ന് ആര്‍ച്ചുബിഷപ്പ് വെല്‍സ് വ്യക്തമാക്കി.








All the contents on this site are copyrighted ©.