2016-08-11 10:50:00

നിസംഗത ആഗോളവത്കൃതമാകുന്നെന്ന് കര്‍ദ്ദിനാള്‍ റെയ്നാര്‍ഡ് മാക്സ്


യേശുവിനെ അറിയുന്നവര്‍ക്ക് ‘മൗലികവാദി’ ആയിരിക്കാനാവില്ലെന്ന് മ്യൂനിക്ക്-ഫ്രെയ്സിങ് അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ റൈനാര്‍ഡ് മാര്‍ക്സ് പ്രസ്താവിച്ചു.

ഓസ്ട്രിയയിലെ വിഖ്യാതമായ സാള്‍സ്ബര്‍ഗ് യൂണിവേഴ്സിറ്റിയുടെ  85-ാം വാര്‍ഷിക സമ്മേളനത്തെ ആഗസ്റ്റ് 9-ാം തിയതി ചൊവ്വാഴ്ച അഭിസംബോധനചെയ്യവെയാണ് കര്‍ദ്ദിനാള്‍ മാക്സ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.  മലയിലെ പ്രസംഗം, നല്ലസമറിയക്കാരന്‍പോലുള്ള സുവിശേഷത്തിലെ മഹത്തായ പ്രബോധനങ്ങള്‍ ചുരുങ്ങിയ തോതിലെങ്കിലും മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് ലോകത്തുണ്ടാകുന്ന മാനുഷിക യാതനകള്‍ക്ക് കാരണക്കാരനോ, അവയോടു നിസ്സംഗത പുലര്‍ത്താനോ ആവില്ലെന്ന് ജര്‍മ്മനിയിലെ കര്‍ദ്ദിനാള്‍ മാക്സ് പ്രസ്താവിച്ചു.

യൂറോപ്പിനും ക്രൈസ്തവികതയ്ക്ക് ആകമാനവും മനുഷ്യകുലത്തോടുള്ള സഹാനുഭാവത്തിന്‍റെയും സഹിഷ്ണുതയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും കാഴ്ചപ്പാടു കൈവെടിയരുതെന്നും, ‘ആഗോളവത്കൃതമാകുന്ന ഇന്നിന്‍റെ നിസ്സംഗത’യെ (globalization of Indifference) നാം വിശ്വസാഹോദര്യത്തിന്‍റെ കാഴ്ചപ്പാടില്‍ നേരിടണമെന്നും പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്തകളെ ആധാരമാക്കി കര്‍ദ്ദിനാള്‍ മാക്സ് ഉദ്ബോധിപ്പിച്ചു.

യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിന്‍റയെും മനുഷ്യാന്തസ്സിന്‍റെയും കാഴ്ചപ്പാടു നഷ്ടപ്പെട്ട് പകയുടെയും പ്രതികാരത്തിന്‍റെയും അതിക്രമങ്ങളുടെയും നിഷേധാത്മകമായ ചിന്തകള്‍ പുതിയ ദേശീയതയുടെ വികലമായ രീതിയായി വളരുന്നതിനെ തിരിച്ചറിയണമെന്നും കര്‍ദ്ദിനാള്‍ മാക്സ് സമ്മേളനത്തില്‍ ചുണ്ടിക്കാട്ടി.  നവയുഗത്തിന്‍റെ സാമൂഹ്യപരിസരത്ത് കണ്ടുവരുന്ന നിസ്സംഗത്വവും, നിര്‍വ്വികാരതയും, അവഗണനയും, ആദ്യം ദൈവത്തോടാണ്. രണ്ടാമത് അത് സ്വന്തം സഹോദരങ്ങളോടും തുടരുന്നു. അത് പിന്നെ ജീവിത ചുറ്റുപാടുകളോടുള്ള വിയോജിപ്പും അവഗണനയും നിസ്സംഗതയുമായി പരിണമിക്കുന്നു.

 (cf. world peace message of 2016, published from Vatican on 1st January 2016).








All the contents on this site are copyrighted ©.