2016-08-06 12:24:00

സിറിയിയലെ ആലെപ്പൊയില്‍ ഫ്രാന്‍സിസ്ക്കന്‍ ആശ്രമം അഭയസങ്കേതം


      സിറിയയിലെ സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ തുടരുന്ന പൊരിഞ്ഞ പോരാട്ടത്തിന്‍റെ വേദിയായ ആലെപ്പൊ നഗരത്തില്‍ ഭീതിയിലമര്‍ന്നിരിക്കുന്ന ജനങ്ങള്‍ക്ക് അഭയസ്ഥാനമായി മാറുന്നു പ്രാദേശിക ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസാശ്രമം.

     ജിഹാദികളുടെ മുന്നേറ്റം തടയുന്നതിന്‍ സിറിയയുടെ സൈന്യം റഷ്യന്‍ യുദ്ധവിമാനങ്ങളുടെ സഹായത്തോടെ രാപകല്‍ നടത്തുന്ന പോരാട്ടം ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തിയിരിക്കയാണെന്നും ആശ്രമത്തില്‍ അഭയം തേടിയിട്ടുള്ളവരുടെ മുഖത്ത് അല്പമെങ്കിലും ആശ്വാസം പ്രകടമാണെന്നും ആലെപ്പൊയിലെ ഫ്രാസിസ്ക്കന്‍ ദേവാലായത്തിന്‍റെ സഹവികരിയായ വൈദികന്‍ ഫിറസ് ലുത്ഫി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ടെലഫോണ്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

     പാവപ്പെട്ടവരായ ജനങ്ങളാണ് ഇപ്പോള്‍ നഗരത്തില്‍ അവശേഷിക്കുന്നതെന്നും ഫ്രാന്‍സിസ്ക്കന്‍ സമൂഹം അവരുടെ ചാരെ ആയിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

     സാമാന്യം ഭേദപ്പെട്ട സാമ്പത്തികാവസ്ഥയിലുണ്ടായിരുന്നവരെല്ലാം യുദ്ധം ആരംഭിച്ച ഉടനെ അതായത് 5 വര്‍ഷം മുമ്പ്, ആദ്യമാസങ്ങളില്‍ത്തന്നെ അവിടം വിട്ടു പോയി എന്നും ഫാദര്‍ ലുത്ഫി വെളിപ്പെടുത്തി.

     വിമതരുടെ അധീനതയിലായിരുന്ന പ്രദേശങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന പത്തുലക്ഷത്തിലേറെപ്പേരില്‍ ഭൂരിഭാഗത്തെയും സര്‍ക്കാര്‍ സൈന്യം മോചിപ്പിച്ചിരുന്നു.

         








All the contents on this site are copyrighted ©.