2016-08-06 10:48:00

റിയൊ ഒളിമ്പിക്സില്‍ അഭയാര്‍ത്ഥികളുടെ സംഘം-പാപ്പായുടെ ആശംസ


     ഒളിമ്പിക് കായികമേളയില്‍ പങ്കെടുക്കുന്ന അഭയാര്‍ത്ഥികളുടെ സംഘത്തിന് പാപ്പായുടെ ആശംസകള്‍.

     ഒളിമ്പിക് കായികമേളയുടെ ചരിത്രത്തിലാദ്യമായിട്ടാണ് അഭയാര്‍ത്ഥികളുടെ ഒരു സംഘം അതില്‍ പങ്കെടുക്കുന്നത്.

     സംഘര്‍ഷവേദികളായ സിറിയ, കോംഗൊ, എത്യോപിയ സുഡാന്‍ എന്നീ നാടുകളില്‍ നിന്ന് പലായനം ചെയ്ത് വിവിധ നാടുകളില്‍, അതായത്, ബെല്‍ജിയം,ജര്‍മ്മനി, ലക്സംബര്‍ഗ്, കെനിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ അഭയം തേടിയ പത്തു കായികാഭ്യാസികളടങ്ങുന്നതാണ് ഈ സംഘം.

     ഇവരുടെ ആന്തരിക ധൈര്യവും ആന്തരിക ശക്തിയും ഒളിമ്പിക് കായകികവിനോദങ്ങളിലൂ‍ടെ ആവിഷ്കൃതമാകട്ടെയെന്നും അത് സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള രോദനമായിഭവിക്കട്ടെയെന്നും പാപ്പാ ഇവര്‍ക്ക് വിജയം നേര്‍ന്നുകൊണ്ടുള്ള കത്തില്‍ ആശംസിക്കുന്നു.

     സമാധാനം സാധ്യമാണെന്നും, സമാധാനം നേട്ടവും, നേരെ മറിച്ച്, യുദ്ധം നാശവും വിതയ്ക്കുന്നുവെന്നും നരകുലം അഭയാര്‍ത്ഥികളായ ഈ കായികാഭ്യാസികളിലൂടെ ഗ്രഹിക്കട്ടെയെന്നും അവരുടെ സാക്ഷ്യം നമുക്കെല്ലാവര്‍ക്കും   ഗുണകരമായി ഭവിക്കട്ടെയെന്നും പാപ്പാ അവരുടെ പേരെടുത്തുപറഞ്ഞു കൊണ്ട് എഴുതിയിരിക്കുന്ന സന്ദേശത്തില്‍ ആശംസിക്കുന്നു.

     അവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥന ഉറപ്പുനല്കുന്ന പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

     സിറിയ, കോംഗൊ റിപ്പബ്ലിക്ക് എന്നീ നാടുകളില്‍ നിന്ന് 2 വീതവും  എത്യോപ്യയില്‍ നിന്ന് ഒന്നും, സുഡാനില്‍ നിന്ന് 5 ഉം പേരടങ്ങുന്നതാണ് അഭയാര്‍ത്ഥികളുടെ പത്തംഗ ഒളിമ്പിക് ടീം.

     ബ്രസീലിലെ റിയൊ ദജ് ഷനൈരൊ പട്ടണത്തിലെ മാറക്കനാ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച (05/08/16) വര്‍ണ്ണവിസ്മയം തീര്‍ത്ത ഉദ്ഘാടനച്ചടങ്ങില്‍ അന്നാടിന്‍റെ മാരത്തോണ്‍ താരം വന്‍ഡര്‍ലീ കൊര്‍ദൈരോ ദ്ജെ ലീമ ഒളിമ്പിക് ദീപം തെളിച്ചു.

     206 നാടുകളില്‍ നിന്നുള്ള പതിനോരായിരത്തോളം കായികാഭ്യാസികള്‍ മാറ്റുരയ്ക്കുന്ന ഈ കായികമാമാങ്കത്തിന് ഈ മാസം (ആഗസ്റ്റ്) 21 ന് തിരശ്ശീല വീഴും








All the contents on this site are copyrighted ©.