2016-08-06 10:46:00

പാനമയുടെ ‘ചെറുമ’ തേടിയത് പാപ്പാ ഫ്രാന്‍സിസിന്‍റെ ‘വലിമ’യെന്ന് കര്‍ദ്ദിനാള്‍ മയെസ്ട്രോ ജുവാന്‍


അടുത്ത യുവജന മേളയുടെ വേദിയായി മദ്ധ്യമേരിക്കന്‍ രാജ്യമായ പാനമ തിരഞ്ഞെടുത്തത് ചെറുമയെ തേടിയെത്തുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ഇടയ വീക്ഷണമാണെന്ന് പാനമയിലെ ഡേവിഡ് രൂപതയുടെ മെത്രാന്‍, കര്‍ദ്ദിനാള്‍ ഹൊസെ ലൂയിസ് മയെസ്ട്രോ ജുവാന്‍ പ്രസ്താവിച്ചു. കര്‍ദ്ദിനാള്‍ ജുവാന്‍ അഗസ്തീനിയന്‍ സഭാംഗമാണ്. പ്രഖാപനദിനത്തില്‍ (ജൂലൈ 31-ന് ക്രാക്കോയില്‍) നല്കിയ വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ജുവാന്‍ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

മദ്ധ്യമേരിക്കന്‍ രാജ്യമായ പാനമയില്‍ 34-ാമത് ലോക യുവജനമേള 2019-ല്‍ നടത്തപ്പെടുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചത് ക്രാക്കോയിലെ സംഗമത്തിന്‍റെ സമാപനവേദിയിലാണ്. അറിയപ്പെടാതെ അകലെ കിടക്കുന്ന, സാമൂഹ്യ പ്രതിസന്ധികളില്‍ കുടുങ്ങിയെ പാനമയെ തേയിയെത്തിയതില്‍ മാതൃസഭയുടെ അജപാലന സ്നേഹമാണ് കാണുന്നതെന്നത്, പ്രഖ്യാപന വേദിയില്‍ യുവജനങ്ങള്‍ക്കൊപ്പം സന്നിഹിതനായിരുന്ന കര്‍ദ്ദിനാള്‍ മയെസ്ട്രോ ജൂവാന്‍ പ്രതികരിച്ചു.

മദ്ധ്യമേരിക്കയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളുടെയും, പാനമ രാജ്യത്തിന്‍റെയും ‘ചെറുമ’ മനസ്സിലാക്കിയാണ് ഈ പ്രഖ്യാപനം പാപ്പാ നടത്തിയത്. കുടിയേറ്റം, മനുഷ്യക്കട്ടത്ത്, മയക്കുമരുന്നു കച്ചവടം, തൊഴില്ലായ്മ എന്നിവയുടെ കെടുതികള്‍ അനുഭവിക്കുന്ന ഈ നാട്ടിലെ യുവജനങ്ങളെ ക്രിസ്തീയവും മാനുഷികവുമായ മൂല്യങ്ങളില്‍ ഊട്ടിയുറപ്പിക്കാന്‍ ഈ സംഗമത്തിന് കരുത്തുണ്ട്. ചെറിയ രാജ്യമാണെങ്കിലും തെക്കും വടക്കും അമേരിക്കന്‍ നാടുകളെ കൂട്ടിയിണക്കാന്‍ പാനമ തോടിനുമുകളിലെ പാലംപോലെയാണ് ഈ രാജ്യമെന്ന് അദ്ദേഹം പ്രസ്താവിച്ചു. സംഗമത്തിലൂടെ അവിടത്തെ യുവജനങ്ങള്‍ക്ക് ലഭിക്കുന്ന ധാര്‍മ്മിക പിന്‍തുണ എല്ലാം നവമായി തുടങ്ങാനും മുന്നേറുവാനും പാനമയിലെ യുവതയ്ക്ക് കരുത്തു നല്കുമെന്നും കര്‍ദ്ദിനാള്‍ ജുവാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കന്‍ നാടുകളില്‍നിന്നും വളരെ എളുപ്പത്തിലും ചിലവു കുറഞ്ഞരീതിയിലും യുവജനങ്ങള്‍ക്ക് പാനമയിലെ സംഗമത്തില്‍ എത്തിച്ചേരാമെന്ന പ്രായോഗികത ഈ വേദി നിര്‍ണ്ണയത്തില്‍ ലാറ്റിനമേരിക്കന്‍ പുത്രനായ പാപ്പാ കണക്കുകൂട്ടിയിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ ജുവാന്‍ ചൂണ്ടിക്കാട്ടി.

പാനമയുടെ പ്രസിഡന്‍റ് വരേലയും പത്നി ലൊറീനയും പ്രഖ്യാപന വേദിയില്‍ സന്നിഹിതരായത് യുവജന സംഗമത്തിന് രാഷ്ട്രം നല്കുന്ന പിന്‍തുണയുടെ പ്രതീകമായിരുന്നു. പാപ്പാ ഫ്രാന്‍സിസിനെ നേരില്‍ക്കണ്ട് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനും പ്രസിഡന്‍റ് വരേല സമയം കണ്ടെത്തി. നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പാപ്പായുടെ തിരഞ്ഞെടുപ്പ് അംഗീകരിച്ചു.

മദ്ധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ രക്തസാക്ഷി (1917-1980) വാഴ്ത്തപ്പെട്ട ഓസ്കര്‍ റൊമേരോയെ അന്നാളില്‍ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്താനുള്ള സാദ്ധ്യതയും പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലന സ്പന്ദമായി താന്‍ മനസ്സിലാക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ജുവാന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പാനമയിലെ ചെറിയ ഡേവിഡ് രൂപതയില്‍നിന്നും 2015-ല്‍ തന്നെ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കു വിളിച്ചത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ അതിരുകള്‍ തേടിയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലന ശ്രദ്ധയാണെന്നും കര്‍ദ്ദിനാള്‍ ജുവാന്‍ തുറന്നു പ്രസ്താവിച്ചു.  

ചിത്രത്തില്‍ :  കര്‍ദ്ദിനാള്‍ മയെസ്ട്രോ ജുവാന്‍ മദ്ധ്യത്തില്‍, ഇടതുവശത്ത് പാനമ അതിരൂപതയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ഹൊസ്സെ മെന്‍ദിയേത്ത, വലതുവശത്ത് ബിഷപ്പ് മാനുവല്‍ ബാരഹോറ.








All the contents on this site are copyrighted ©.