2016-08-05 10:03:00

“വചനം ധ്യാനിക്കുന്നവര്‍ വചനം ജീവിക്കും…” - പാപ്പാ ഫ്രാന്‍സിസ്


വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ ആഗസ്റ്റ് 4-ാം തിയതിവ്യാഴാഴ്ച രാവിലെ ‍ഡോമിനിക്കന്‍ സന്ന്യാസസമൂഹത്തിന്‍റെ രാജ്യാന്തര പ്രതിനിധിസംഘത്തെ (General Chapter) പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു. അവരുമായി പങ്കുവച്ച ചിന്തയുടെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:

വചനം ധ്യാനിക്കുന്നവര്‍ക്കേ അത് പ്രഘോഷിക്കാനാകൂ, എന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  ആഗസ്റ്റ് 4-ാം തിയതി വ്യാഴാഴ്ച രാവിലെ ഡൊമിനിക്കന്‍ സഭാവൈദികരുടെ പ്രതിനിധി സമ്മേളനത്തിലെ (General Chapter) അംഗങ്ങളുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സമര്‍പ്പിതരായ വ്യക്തികള്‍ ദൈവത്താല്‍ സുവിശേഷവത്കൃതരും നവീകൃതരും ആകണമെങ്കില്‍ മാത്രമേ, വചനപ്രഘോഷണത്തിലൂടെ മറ്റുള്ളവരെയും സുവിശേഷവത്കൃതരാക്കാന്‍ സാധിക്കൂ. വചനത്തിന്‍റെ ധ്യാനാത്മക ജീവിതം നയിക്കുന്നവര്‍ക്കു മാത്രമേ വചനത്തിന്‍റെ പ്രഘോഷകരാകാന്‍ സാധിക്കൂ എന്നും പ്രഭാഷണത്തില്‍ പാപ്പാ വ്യക്തമാക്കി.

11-ാം നൂറ്റാണ്ടില്‍ വിശുദ്ധ ഡോമിനിക്ക് ജീവിച്ചു കാണിക്കുകയും പങ്കുവയ്ക്കുകയുംചെയ്ത ദൈവപരിപാലനയുടെയും കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശമാണ് ഇന്നും സഭയിലൂടെ ജീവിക്കേണ്ടത്. വചനപ്രഘോഷണം, ജീവിതസാക്ഷ്യം, ഉപവിപ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള ആദ്ധ്യാത്മിക സിദ്ധിയുടെ മൂന്നു സ്തംഭങ്ങളാണ് ഡൊമിനിക്കന്‍ സഭയുടെ പ്രേഷിതചൈതന്ന്യത്തെ താങ്ങിനിര്‍ത്തേണ്ടതെന്ന് 70-പേരുള്ള പ്രതിനിധികളുടെ സമ്മേളനത്തെ പാപ്പാ അനുസ്മരിപ്പിച്ചു.

ഫലവത്തായി വചനം പ്രഘോഷിക്കപ്പെടണമെങ്കില്‍ വിശ്വസ്തവും ധീരവും സത്യസന്ധവുമായ ജീവിതസാക്ഷ്യം അനിവാര്യമാണ്. സാക്ഷ്യമാണ് പ്രബോധനം! അതുവഴി മനുഷ്യര്‍ക്ക് ദൈവസ്നേഹം അനുഭവേദ്യമാവുകയും, അവിടുത്തെ അന്തമായ സ്നേഹത്തിന്  പാത്രീഭൂതരാണെന്നും, ദൈവത്താല്‍ അവര്‍ സ്നേഹക്കപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു, എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു (EG, 154).

വചനപ്രഘോഷണവും സന്ന്യാസജീവിതവും ദൈവത്തിന്‍റെ വിശുദ്ധമായ ഇടങ്ങളില്‍ ചരിക്കുന്നതിനു തുല്യമാണ്. കര്‍ത്താവിന്‍റെ വചനപ്രഘോഷണം വിശുദ്ധമായ പ്രേഷിതപ്രവര്‍ത്തനമാണ്.  വചനത്തിന്‍റെ പ്രഘോഷകരും സാക്ഷികളുമായി ജീവിക്കാനും, ജീവിതം സമര്‍പ്പിക്കുവാനും വ്യക്തി സമര്‍പ്പണത്തില്‍ സമഗ്രത ആവശ്യമാണ്. എല്ലാവിധത്തിലുള്ള പരിധികളും പരിമിതികളും മറികടന്നുള്ള വിശുദ്ധാത്മാക്കളുടെ പ്രഘോഷണശൈലി ജീവിതത്തിലും ജീവിതദൗത്യത്തിലും ഏറെ ഹൃദ്യവും, അപരനെ ഉള്‍ക്കൊള്ളുന്ന ഹൃദയത്തിന്‍റ ഭാഷയാണ് വെളിപ്പെടുത്തുന്നത്.

പ്രഘോഷകന്‍റെ സ്നേഹമില്ലാത്ത സാക്ഷ്യം സംശയാസ്പദമായിരിക്കും. ക്രിസ്തുവിന്‍റെ മൗതികദേഹമാണ് ജീവിക്കുന്നത്, ജീവിക്കേണ്ടത്. അതിനാല്‍ പ്രഘോഷകന്‍ സ്നേഹമില്ലാതെ പെരുമാറിയാല്‍ ക്രിസ്തു അവിടുത്തെ ദേഹത്തില്‍ പീ‍ഡിപ്പിക്കപ്പെടുന്നു, സഹിക്കേണ്ടി വരുന്നു. പാവങ്ങളോട് ആര്‍ദ്രമായ കാരുണ്യം കാട്ടിയ ക്രിസ്തു നമ്മെ പഠിപ്പിക്കന്നത് അവിടുത്തെ ദൈവികകാരുണ്യത്തിന്‍റെ സാക്ഷികളാകുവാനും, അത് ജീവിതങ്ങള്‍കൊണ്ട് സത്യസന്ധമായി പ്രഘോഷിക്കുവാനുമാണ്.








All the contents on this site are copyrighted ©.