2016-08-05 11:49:00

പാപ്പായും ഇമാം അബ്ദെല്‍ ഖാദെറും പൊര്‍ത്സിയുന്‍കോളയില്‍


      പൊര്‍ത്സിയുന്‍കോള തീര്‍ത്ഥാടനവേളയില്‍ ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ പെറുജ്യ പ്രദേശത്തെ ഇമാം അബ്ദെല്‍ ഖാദെര്‍ മൊഹമ്മദുമായി  സൗഹൃദകൂടിക്കാഴ്ച നടത്തി.

     അസ്സീസിയില്‍ മാലാഖമാരുടെ പരിശുദ്ധമറിയത്തിന്‍റെ ( സാന്ത മരിയ ദേല്ലി ആഞ്ചെലി ) നാമത്തിലുള്ള ബസിലിക്കയില്‍ വച്ച് വ്യാഴാഴ്ച (04/08/16) ആയിരുന്നു നിമിഷങ്ങള്‍ മാത്രം നീണ്ട ഈ കൂടിക്കാഴ്ച.

     ഫ്രാന്‍സില്‍ ഐഎസ് ഭീകരര്‍ കഴുത്തറുത്തുകൊന്ന വയോധികനായ വൈദികന്‍ ഷാക് ഹാമെലിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് ഞായറാവ്ച ഇറ്റലിയില്‍ പലയിടത്തുമെന്ന പോലെ പെറൂജ്യയിലും അര്‍പ്പിക്കപ്പെട്ട ദിവ്യപൂജയില്‍  കത്തോലിക്കരോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ പ്രകടനമായി ഇമാം  അബ്ദെല്‍ ഖാദെര്‍ മൊഹമ്മദ് സന്നിഹിതനായിരുന്നു.

     പാപ്പായുടെ പൊര്‍ത്സിയുന്‍കോള തീര്‍ത്ഥാടനത്തിന്‍റെ കാതല്‍ കാരുണ്യവും പാപ മോചനവും ആയിരുന്നെന്നും  ഈ സന്ദര്‍ശനവേളയില്‍ പാപ്പാ നല്കിയ സന്ദേശം ചെറുതായിരുന്നെങ്കിലും അതിശക്തമായിരുന്നെന്നും അതില്‍ ഏറെ ഉപയോഗിക്കപ്പെട്ട പദം വ്യക്തിബന്ധങ്ങളിലും ആഗോളതലത്തിലും പ്രാധാന്യമുള്ള പൊറുക്കല്‍ എന്നതായിരന്നുവെന്നും പരിശുദ്ധസിംഹാസനത്തിന്‍റെ   നവവക്താവ് ഗ്രേഗ് ബര്‍ക്ക്  വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ടെലഫോണ്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

     പൊറുക്കുകയെന്നത് ആയാസകരമാണെങ്കിലും പൊറുക്കാന്‍ പഠിക്കണം എന്നതിന് പാപ്പാ തന്‍റെ സന്ദേശത്തില്‍ ഊന്നല്‍ നല്കിയെന്നും അദ്ദേഹം പറഞ്ഞു.

     ഈ തീര്‍ത്ഥാനടവേളയില്‍ പാപ്പാ ദീര്‍ഘസമയം കുമ്പസാരിപ്പിച്ചുവെന്നും 4 യുവതീയുവാക്കളും രണ്ടു വൈദികരും 1 ഫ്രാന്‍സിസ്ക്കന്‍ സഹോദരനും, ചക്രക്കസേരയിലായിരുന്ന ഒരു വൃദ്ധയും ഏതാനും സന്നദ്ധസേവകരും ഉള്‍പ്പടെ 19 പേര്‍ പാപ്പായില്‍ നിന്ന് പാപസങ്കീര്‍ത്തനകൂദാശ സ്വീകരിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

     പൊര്‍ത്സിയുന്‍കോളയിലെ ചെറുദേവാലയത്തില്‍ പ്രാര്‍ത്ഥനയില്‍ മുഴികിയിരിക്കുകയായിരുന്ന വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിക്ക് മാലാഖവൃന്ദത്താല്‍ വലയിതരായ യേശുവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും ദര്‍ശനമുണ്ടാകുകയും പാപികള്‍ക്കുവേണ്ടി തീവ്രമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വിശുദ്ധനോട് എന്ത് അനുഗ്രഹമാണ് വേണ്ടതെന്ന് ആരാഞ്ഞപ്പോള്‍ അനുതപിച്ച് പാപങ്ങള്‍ ഏറ്റു പറഞ്ഞ് ഈ ദേവാലയം സന്ദര്‍ശിക്കുന്നവരുടെ സകല പാപങ്ങളും പൂര്‍ണ്ണമായി മോചിക്കപ്പെടണം എന്ന് അദ്ദേഹം ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് പാരമ്പര്യം. പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യത്താലുള്ള ഈ യാചന യേശു ശ്രവിക്കുകയും ഈ ദണ്ഡവിമോചനം ഏര്‍പ്പെടുത്താന്‍ ഭൂമിയില്‍ തന്‍റെ വികാരിയായ പാപ്പായോട് അപേക്ഷിക്കാന്‍ അവിടന്ന് ഫ്രാന്‍സീസ് അസ്സീസിയെ നിര്‍ദ്ദേശിക്കുകയും ചെയ്തു. അങ്ങനെ വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ അഭ്യര്‍ത്ഥനയനുസരിച്ച് ഓണോരിയൂസ് മൂന്നാമന്‍ പാപ്പാ 1216 ല്‍ അതിനംഗീകാരം നല്കി. അനുവര്‍ഷം ആഗസ്റ്റ് 2 നാണ് “അസ്സീസിയിലെ പാപപ്പൊറുതി” എന്ന പേരിലുള്ള ഈ ദണ്ഡവിമോചനം ലഭിക്കുക 








All the contents on this site are copyrighted ©.