2016-08-05 13:00:00

“ജീവനുവേണ്ടി കളിക്കൂ” : മനുഷ്യക്കടത്തിനെതിരെ സന്യാസിനികള്‍


     “ജീവനുവേണ്ടി കളിക്കൂ” എന്നൊരു സംരംഭവുമായി ബ്രസീലിലെ സന്ന്യാസിനി സമൂഹങ്ങള്‍ മനുഷ്യക്കടത്തിനെതിരെ വീണ്ട‌ും രംഗത്ത്.

      ബ്രസീലിലെ റിയൊ ദ്ജെ ഷനൈരൊ പട്ടണത്തില്‍ ഈ വെള്ളിയാഴ്ച (05/08/16) മുതല്‍ ഈ മാസം (ആഗസ്റ്റ്) 21 വരെ നീളുന്ന ഒളിമ്പിക് കായിക മാമാങ്കത്തോടനുബന്ധിച്ചാണ് അന്നാട്ടിലെ സന്ന്യാസിനി സമൂഹങ്ങളുടെ മനുഷ്യക്കടത്തുവിരുദ്ധ ശൃംഖല 2014 ല്‍ ലോക കാല്‍പ്പന്ത് കളി മത്സരവേളയിലെന്നപോലെ “ഉം ഗ്രീത്ത് പെല വീദ് – ജീവനു വേണ്ടിയുള്ള നിലവിളി” എ​ന്ന പേരിലുള്ള പരിപാടിയുടെ ഭാഗമായി “ജീവനുവേണ്ടി കളിക്കൂ” എ​ന്ന ശീര്‍ഷകത്തിലുള്ള സംരംഭവുമായി ഇറങ്ങിയിരിക്കുന്നത്.

     മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സന്ന്യസ്തരുടെ തലിതാ കും (THALITHA KUM)  അന്താരാഷ്ട്രസംഘടനയുടെയും സന്ന്യസ്തസമൂങ്ങളുടെ മേല്‍ശ്രേഷ്ഠന്മാരുടെ ആന്താരാഷ്ട്രസമിതിയുടെയും പിന്തുണയോടുകൂടിയാണ് ബ്രസീലിലെ സന്ന്യാസിനീകളുടെ ഈ സംരംഭം.

     മനുഷ്യക്കടത്ത്, ചൂഷണം,മനുഷ്യാവകാശധ്വംസനം തുടങ്ങിയവയ്ക്കെതിരെ സ്വരമുയര്‍ത്തല്‍, ജീവന്‍റെ സംരക്ഷണം എന്നിവയെക്കുറിച്ച് പൗരജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ദ്ധമാനമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്ന് “ഉം ഗ്രീത്ത് പെല വീദിന്‍റെ ഏകോപകയായ സന്ന്യാസിനി ആല്‍വെസ് ദ്ജെ ഒലിവിയേര വെളിപ്പെടുത്തി.

 








All the contents on this site are copyrighted ©.