2016-08-03 13:21:00

സാഹോദര്യത്തിന്‍റെ പാലങ്ങള്‍ പണിയാനഭിലഷിക്കുന്ന യുവത


ജൂലൈ ആഗസ്റ്റ് മാസങ്ങള്‍ യുറോപ്പിനെ സംബന്ധിച്ചിടത്തോളം വേനല്‍ക്കാലാവധിയുടെ വേളയാകയാല്‍ ഫ്രാന്‍സീസ് പാപ്പായുടെ പൊതുപരിപാടികളില്‍ ചില മാറ്റങ്ങള്‍ ഈ ഘട്ടത്തില്‍ വന്നിട്ടുണ്ട്. ജൂലൈ മാസത്തില്‍ പാപ്പ ബുധനാഴ്ചത്തെ പ്രതിവാരപൊതുകൂടിക്കാഴ്ച പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു. എന്നാലത് പാപ്പാ ഈ ബുധനാഴ്ച (03/08/16) പുനരാരംഭിച്ചു. ഈ ദിനങ്ങളില്‍ റോമില്‍ വേനല്‍ചൂടിന്‍റെ കാഠിന്യം ഏറിയിരിക്കയാണ്. ആകയാല്‍ പൊതുദര്‍ശനപരിപാടിയുടെ വേദി  വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ തുറസ്സായ അങ്കണത്തിനു പകരം, പോള്‍ ആറാമന്‍ പാപ്പായുടെ നാമത്തിലുള്ള ശാലയായിരുന്നു. 7000ത്തിനടുത്താളുകള്‍ക്ക് ഇരിപ്പിടസൗകര്യമുള്ള അതിവിശാലമായ ശാലയില്‍ ഏതാണ്ട് പന്തീരായിരത്തിലേറെപ്പേര്‍ക്ക് നില്ക്കാന്‍ സാധിക്കും.  

ഒരു മാസം നീണ്ട ഇടവേളയ്ക്കു ശേഷം പാപ്പാ പുനരാരംഭിച്ച ഈ  പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടിയില്‍ സംബന്ധിക്കുന്നതിന് വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും രോഗികളും യുവതീയുവാക്കളും നവദമ്പതികളുമുള്‍പ്പെടെ ആയിരങ്ങള്‍ എത്തിയിരുന്നു. നവദമ്പതികളില്‍ ഭാരതീയരും ഉള്‍പ്പെട്ടിരുന്നു.

 പൊതുദര്‍ശനം അനുവദിക്കുന്നതിനായി പോള്‍ ആറാമന്‍ ശാലയിലെത്തിയ പാപ്പായെ അവിടെ സന്നിഹിതരായിരുന്നവര്‍ കരഘോഷമോടെ വരവേറ്റു.

അവരെ അഭിവാദ്യം ചെയ്തുകൊണ്ട് അവര്‍ക്കിടയിലുടെ നടന്നു നീങ്ങിയ പാപ്പാ കുഞ്ഞുങ്ങളെ മുത്തമിടുകയും ആശീര്‍വദിക്കുകയും ചെയ്തു. റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30 ഓടെ ഫ്രാന്‍സീസ് പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് ആംഗലമുള്‍പ്പടെയുള്ള വിവിധഭാഷകളില്‍ വിശുദ്ധഗ്രന്ഥ ഭാഗം പാരായ​ണം ചെയ്യപ്പെട്ടു.

ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ അവരോടു പറഞ്ഞു: ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍;അവര്‍ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമി അവകാശമാക്കും. നീതിക്കുവേ‌ണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് സംതൃപ്തിലഭിക്കും. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് കരുണ ലഭിക്കും.

മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 3 മുതല്‍ 7 വരെയുള്ള വാക്യങ്ങള്‍.ദൈവവചനപാരായണം അവസാനിച്ചതിനെ തുടര്‍ന്ന് പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്തു.

ഇക്കൊല്ലം ജൂലൈ 26 മുതല്‍ 31 വരെ പോളണ്ടിലെ ക്രക്കോവില്‍  ആഗോളസഭാതലത്തില്‍ അരങ്ങേറിയ ലോകയുവജനസംഗമത്തോടനുബന്ധിച്ച് അന്നാട്ടില്‍ നടത്തിയ പഞ്ചദിന ഇടയസന്ദര്‍ശനാനന്തരം ഞായറാഴ്ച രാത്രി വത്തിക്കാനില്‍ തിരിച്ചെത്തിയ പാപ്പാ തന്‍റെ സന്ദര്‍ശാനനുഭവം പങ്കുവച്ചു ഈ കൂടിക്കാഴ്ചാ വേളയില്‍എല്ലാവര്‍ക്കും ശുഭദിനം ആശംസിച്ചുകൊണ്ടാരംഭിച്ച തന്‍റെ പ്രഭാഷണം പാപ്പാ തുടര്‍ന്നതിങ്ങനെ......

പോളണ്ടില്‍ ഇക്കഴി‍ഞ്ഞ ദിനങ്ങളില്‍ താന്‍ നടത്തിയ അപ്പസ്തോലികയാത്രയുടെ ലഘുവിവരണം നല്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നു വെളിപ്പെടുത്തിയ പാപ്പാ തന്‍റെ യാത്രയ്ക്ക് അവസരമൊരുക്കിയത് ലോകയുവജനസംഗമമായിരുന്നു എന്നു പറഞ്ഞു. യുറോപ്പിനെ രണ്ടായി വിഭജിച്ചിരുന്ന “ഉരുക്കു മറ” എന്നറിയപ്പെടുന്ന അതിര്‍ത്തി രേഖ തകര്‍ന്ന കാലഘട്ടത്തെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് അത് തകര്‍ന്നതിനു ശേഷം അധികം വൈകാതെ പോളണ്ടിലെ ചെസ്തഹോവയില്‍ ചരിത്രപ്രധാനമായ യുവജനസംഗമം അരങ്ങേറിയതിനു ശേഷം ഇരുപത്തിയഞ്ചാം വര്‍ഷത്തിലായിരുന്നു ഈ യുവജനസംഗമം എന്ന് അനുസ്മരിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു....

ഈ 25 വര്‍ഷങ്ങളില്‍ പോളണ്ടില്‍ മാറ്റം സംഭവിച്ചു, യൂറോപ്പും ലോകവും പരിവര്‍ത്തനവിധേയമായി. വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ തുടങ്ങിവച്ച തീര്‍ത്ഥാടനത്തിന്‍റെ അവകാശികളും അതു തുടരുന്നവരുമായ യുവജനങ്ങളുടെ പുത്തന്‍ തലമുറ ഇന്നിന്‍റെ വെല്ലുവിളികള്‍ക്കുത്തരമേകി, അവര്‍ പ്രത്യാശയുടെ അടയാളം പ്രദാനം ചെയ്തു, സാഹോദര്യം എന്നാണ് ഈ അടയാളത്തിന്‍റെ പേര്. യുദ്ധത്തിലായിരിക്കുന്ന ഈ ലോകത്തിന് സാഹോദര്യവും സാമീപ്യവും സംവാദവും സൗഹൃദവും ആവശ്യമായിരിക്കുന്നു. സാഹോദര്യം ഉണ്ടാകുമ്പോള്‍ അതാണ് പ്രത്യാശയുടെ അടയാളം.

ഈ അപ്പസ്തോലികയാത്രയുടെ ആദ്യ കാരണമായ യുവാക്കളില്‍ നിന്നു തുടങ്ങാം. അവര്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥനയ്ക്ക് ഉത്തരമേകി: ലോകം മുഴുവനിലും നിന്ന് അവരെത്തി. വര്‍ണ്ണങ്ങളുടെയും വ്യത്യസ്ത വദനങ്ങളുടെയും ഭാഷകളുടെയും വിഭിന്നങ്ങളായ ചരിത്രങ്ങളുടെയും ആഘോഷമായിരുന്നു അത്. അവര്‍ ഭിന്നഭാഷകള്‍ സംസാരിക്കുന്നുവെങ്കിലും അവര്‍ പരസ്പരം മനസ്സിലാക്കുന്നു. അത് എങ്ങനെ എന്ന് എനിക്കറിയില്ല. അതെങ്ങനെ സാധിക്കുന്നു? കാരണം അവര്‍ സംഘാതമായി നീങ്ങാന്‍, സാഹോദര്യത്തിന്‍റെ പാലങ്ങള്‍ തീര്‍ക്കാന്‍ അഭിലഷിക്കുന്നു. സ്വന്തം മുറിവുകളും  ചോദ്യങ്ങളും സര്‍വ്വോപരി കൂടിക്കാഴ്ചനടത്തുന്നതിലുള്ള ആനന്ദവും പേറിയാണ് അവരെത്തിയത്. സഹോദര്യത്തിന്‍റെ നാനോപലഖചിതചിത്രം അഥവാ, മൊസായിക് ചിത്രം അവര്‍ ഒരിക്കല്‍കൂടി രചിച്ചു. ലോകയുവജനദിനത്തിന്‍റെ   പ്രതീകാത്മകമുദ്രയായി മാറിയത് യുവജനങ്ങള്‍ വീശിക്കൊണ്ടിരുന്ന പാതകകളുടെ പലവര്‍ണ്ണപ്പരപ്പായിരുന്നു. വാസ്തവത്തില്‍ യുവജനദിനത്തില്‍ ദേശീയ പതാകകള്‍ കൂടുതല്‍ മനോഹരങ്ങളായിത്തീരുന്നു, സംഘര്‍ഷത്തിലിരിക്കുന്ന നാടുകളു‌ടെ പാതകകളും അടുത്തടുത്തു പാറുന്നു.

അങ്ങനെ ജൂബിലിവര്‍ഷത്തിലെ ഈ മഹാസംഗമത്തില്‍ ലോകയുവത കാരുണ്യത്തിന്‍റെ സന്ദേശം ആത്മീയവും ശാരീരികവുമായ പ്രവര്‍ത്തനങ്ങളിലൂടെ എങ്ങും എത്തിക്കുന്നതിനായി അത് സ്വീകരിച്ചു. ക്രക്കോവിലെത്തിയ എല്ലാ യുവജനങ്ങള്‍ക്കും ഞാന്‍ കൃതജ്ഞതയര്‍പ്പിക്കുന്നു. ലോക യുവജനദിനാചരണത്തില്‍   സംബന്ധച്ചതിനുശേഷം വിയെന്നയില്‍ വച്ച് മരണമടഞ്ഞ റോം രൂപയില്‍പ്പെട്ട സൂസന്നയെ ഞാന്‍ സ്നേഹപൂര്‍വ്വം സ്മരിക്കുകയാണ്. അവളെ തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ സ്വീകരിച്ച കര്‍ത്താവ് അവളുടെ ബന്ധുമിത്രാദികള്‍ക്ക് സാന്ത്വനം പകരട്ടെ.

ഈ യാത്രാവേളയില്‍ ഞാന്‍ ചെസ്തഹോവയിലെ തീര്‍ത്ഥാടനകേന്ദ്രവും  സന്ദര്‍ശിച്ചു. അവിടെ മാതാവിന്‍റെ ചിത്രത്തിനു മുന്നില്‍ വച്ച് അവളുടെ കടാക്ഷമെന്ന ദാനം ഞാന്‍ സ്വീകരിച്ചു. എറെ യാതനകള്‍ അനുഭവിക്കുകയും വിശ്വാസത്തിന്‍റെ  ശക്തിയാലും ആ അമ്മയുടെ മാതൃനിര്‍വ്വിശേഷമായ സഹായത്താലും വീണ്ടും എഴുന്നേല്ക്കുകയും ചെയ്ത പോളണ്ടിലെ ജനതയുടെ അമ്മയാണ് ചെസ്തഹോവയിലെ നാഥ. മനുഷ്യനെക്കുറിച്ചുള്ള ക്രിസ്തീയ. വീക്ഷണം കേന്ദ്രസ്ഥാനത്തു നില്ക്കുന്ന മൗലിക മൂല്യങ്ങളുടെ അഭാവത്തില്‍ ഭാവിയുണ്ടാകില്ല എന്ന് പോളണ്ട് യൂറോപ്പിനെ ഓര്‍മ്മിപ്പിക്കുന്നു.

ശകലിത യുദ്ധങ്ങളുടെ ഭീഷണിയുള്ളതും അത്തരം യുദ്ധങ്ങളുടെ വെല്ലുവിളികളെ നേരിടാന്‍ വിളിക്കപ്പെട്ടിരിക്കുന്നതുമായ ഒരു ലോകത്തിന്‍റെ ചക്രവാളത്തിലുടെയും ഈ അപ്പസ്തോലിക സന്ദര്‍ശനം കടന്നുപോയി. ഔഷ്വിറ്റസ് ബിര്‍ക്കെനവു നാസി തടങ്കല്‍പാളയങ്ങളുടെ സന്ദര്‍ശനം അഗാധമൗനത്തിന്‍റെ അന്തരീക്ഷത്തിലായിരുന്നു. വാക്കുകളെക്കാള്‍ വാചാലമായിരുന്നു ആ നിശബ്ദത. അതിലൂടെ കടന്നുപോയെ സകല ആത്മാവുകളെയും ആ നിശബ്ദതയില്‍ ഞാന്‍ ശ്രവിച്ചു, അവരുടെ സാന്നിധ്യം ഞാന്‍ അനുഭവിച്ചറിഞ്ഞു. അക്രമത്തിനും യുദ്ധത്തിനും ഇരകളായ സകലര്‍ക്കും വേണ്ടി ആ അഗാധനിശബ്ദതയില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. സ്മരണയുടെ മൂല്യം എന്നത്തെക്കാളുമുപരി ഞാന്‍ ഗ്രഹിച്ചത് അവിടെവച്ചാണ്. അത് ഗതകാലസ്മരണ മാത്രമല്ല വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും വിത്തുകള്‍ ചരിത്രത്തിന്‍റെ വഴികളില്‍ വേരുപിടിക്കാതിരിക്കുന്നതിന് അതൊരു മുന്നറിയിപ്പും, വര്‍ത്തമാനകാലത്തിനും ഭാവിക്കും ഒരുത്തരവാദിത്വവും ആണ്.... ഈ ലോകം നിഷ്ഠൂരതയാലും വേദനയാലും യുദ്ധത്താലും വിദ്വേഷത്താലും ദു:ഖത്താലും രോഗഗ്രസ്തമാണ്. ആകയാല്‍ കര്‍ത്താവേ ഞങ്ങള്‍ക്ക് സമാധാനമേകണമെ എന്നു പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്.  

ഈ വാക്കുകളെ തുടര്‍ന്ന് പോളണ്ടിന്‍റെ പ്രസിഡന്‍റുള്‍പ്പടെയുള്ള അന്നാടിന്‍റെ   അധികാരികള്‍ക്കും അന്നാട്ടിലെ സഭാധികാരികള്‍ക്കും യുവസന്നദ്ധസേവകര്‍ക്കും പാപ്പാ  നന്ദിയര്‍പ്പിക്കുകയും യുവജനസംഗമവേളയില്‍ പ്രവര്‍ത്തനനിരതയായിരിക്കവെ അകാലത്തില്‍ ജീവന്‍ പൊലി‍ഞ്ഞ ഇറ്റലിക്കാരിയായ പത്രപ്രവര്‍ത്തക അന്ന മരിയ ജാക്കൊബിനിയെ പ്രത്യേകം ഓര്‍ക്കുകയും പരേതയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

തുടര്‍ന്ന്, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന പാപ്പായുടെ പ്രഭാഷണത്തിന്‍റെ സംഗ്രഹം വിവിധ ഭാഷകളി‍ല്‍ വായിക്കപ്പെട്ടു.

 പോളിഷ് ഭാഷാക്കാരെ സംബോധനചെയ്യവെ പാപ്പാ താന്‍ യുവജനദിനാചരണ വേളയില്‍ ക്രക്കോവിലെ ആശുപത്രിയില്‍ പോയി സന്ദര്‍ശിക്കുകയും ചൊവ്വാഴ്ച (02/08/16) മരണമടയുകയും ചെയ്ത ക്രോക്കോവ് അതിരൂപതയുടെ മുന്നദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫ്രാന്‍ചിഷെക് മഹാര്‍സ്കിയുടെ  ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചു.

ജര്‍മ്മന്‍ഭാഷാക്കാരെ സംബോധനചെയ്യവെ പാപ്പാ വേനലവധിക്കാലത്ത് മാനവബന്ധങ്ങളും പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി സംഭാഷിക്കുന്നതിനുള്ള അവസരവും നാം തള്ളിക്കളയരുതെന്നും അവധിക്കാലത്ത് കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ മറന്നു പോകരുതെന്നും ഓര്‍മ്മിപ്പിച്ചു.

ബ്രസീലിലെ ജനതയ്ക്കും, വിശിഷ്യ, ഈ മാസം 5 മുതല്‍ 21 വരെ നടക്കുന്ന ഒളിമ്പിക്ക് കായികമാമാങ്കത്തിന് ആതിഥ്യമരുളുന്ന റിയൊ ജ് ഷനൈരൊയിലെ ജനങ്ങള്‍ക്കും അതില്‍ പങ്കെടുക്കുന്ന കായികാഭ്യസികള്‍ക്കും ആശംസകള്‍ നേര്‍ന്നു.

പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് പതിവുപോലെ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്തതിനെ തുടര്‍ന്ന് പാപ്പാ വ്യാഴാഴ്ച (04/08/16) താന്‍ അസ്സീസിയില്‍, മാലാഖമാരുടെ പരിശുദ്ധ മറിയത്തിന്‍റെ നാമത്തിലുള്ള പേപ്പല്‍ ബസിലിക്കയുടെ ഉള്ളിലുള്ള പോര്‍ത്സിയുന്‍കോള ദേവാലയം സന്ദര്‍ശിക്കുന്നതിനെക്കുറിച്ചു സൂചിപ്പിക്കുകയും പ്രാര്‍ത്ഥനയാല്‍ തന്നെ അനുഗമിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അസ്സീസിയിലെ പാപപ്പൊറുതിയുടെ എട്ടാം ശതാബ്ദിയോടനുബന്ധിച്ചാണ് ഈ സന്ദര്‍ശനം. ലളിതവും എന്നാല്‍ ഈ കാരുണ്യവര്‍ഷത്തില്‍ ഏറെ സാരസാന്ദ്രവുമാണ് ഈ സന്ദര്‍ശനമെന്നും പാപ്പാ പറഞ്ഞു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്ത‍ൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ എല്ലാവര്‍ക്കും തന്‍റെ   അപ്പസ്തോലികാശീര്‍വ്വാദം നല്കി.

പാപ്പായുടെ പൊതുകൂടിക്കാഴ്ചാപരിപാടിയുടെ സംഗ്രഹം ശ്രവിക്കാന്‍:

 








All the contents on this site are copyrighted ©.