2016-08-03 17:41:00

പോര്‍സ്യൂങ്കൊളയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ തീര്‍ത്ഥാടനം


പാപ്പാ ഫ്രാന്‍സിസ് അസ്സീസിയിലെ  പോര്‍സ്യൂങ്കൊള സന്ദര്‍ശിക്കുന്നു. ആഗസ്റ്റ് 4-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്കാണ് അസ്സീസിയിലെ കാരുണ്യത്തിന്‍റെ തീര്‍ത്ഥത്തിരുനട, പോര്‍സ്യൂങ്കൊള പാപ്പാ സന്ദര്‍ശിക്കുന്നത്. അസ്സീസി പട്ടണത്തോടു ചേര്‍ന്നുള്ള മാലാഖമാരുടെ രാജ്ഞിയുടെ നാമത്തിലുള്ള ബസിലിക്കയുടെ ഉള്‍ഭാഗത്ത് വിശുദ്ധ ഫ്രാന്‍സിസിന് ക്രിസ്തു ദര്‍ശനം ലഭിച്ച കൊച്ചുകപ്പേളയാണ് പോര്‍സ്യൂങ്കോള! പാപ്പാ ഫ്രാന്‍സിസ് തീര്‍ത്ഥാടകനായി എത്തുന്ന സന്നിധാനം ഇതുതന്നെയാണ്.

വ്യാഴാഴ്ച താന്‍ ആസ്സീസിയിലേയ്ക്ക് പോകയാണെന്നും, തനിക്കുവേണ്ടിയും സഭയുടെ നിയോഗങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് വത്തിക്കാനില്‍ ആഗസ്റ്റ് 3-ാം തിയതി ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പാപ്പാ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിശുദ്ധ ഫ്രാന്‍സിസിന്‍റെ മാദ്ധ്യസ്ഥ്യത്താല്‍ പരിശുദ്ധാത്മാവിന്‍റെ വെളിച്ചവും ധൈര്യവും നമുക്കു ലഭിക്കാന്‍ ഇടയാവട്ടെ! പൊതുകൂടിക്കാഴ്ചയുടെ പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ പ്രസ്താവിച്ചു.  ഈ തീര്‍ത്ഥാടനം ഏറെ ലളിതമാണ്. എന്നാല്‍ കാരുണ്യത്തിന്‍റെ ജൂബിലി വത്സരത്തില്‍ അത് ഏറെ പ്രതീകാത്മകവും പ്രസക്തവുമാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

1216 ആഗസ്റ്റ് 1-ന് പോര്‍സ്യൂങ്കൊളയില്‍ പ്രാര്‍ത്ഥിക്കവെ ഫ്രാന്‍സിസിന് ക്രിസ്തു ദര്‍ശനം കിട്ടിയെന്നാണ് ചരിത്രം. അതൊരു അനുതാപ കേന്ദ്രമാക്കിയും കാരുണ്യത്തിന്‍റെ സന്നിധാനമാക്കി മാറ്റണമെന്നത് സിദ്ധന്‍റെ ആഗ്രഹമായിരുന്നു. ഹൊനോരിയൂസ് മൂന്നാമന്‍ പാപ്പായില്‍നിന്നും വിശുദ്ധ ഫ്രാന്‍സിസ് തന്നെയാണ് ‘അസ്സീസിയുടെ ദണ്ഡവിമോചന ലബ്ധി’ക്കുള്ള  (The Pardon of Assisi) അനുവാദം വാങ്ങിയത്. അസ്സീസി നല്കുന്ന മാപ്പ്, എന്ന അനുതാപ തീര്‍ത്ഥാടനത്തിന്‍റെ 800-ാം വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ് ആയിരങ്ങള്‍ക്കൊപ്പം കാരുണ്യത്തിന്‍റെ ജൂബിലി വര്‍ഷത്തില്‍ പാപ്പാ ഫ്രാന്‍സിസ് കാരുണ്യത്തിന്‍റെ തീര്‍ത്ഥാടനം നടത്തുന്നത്.








All the contents on this site are copyrighted ©.