2016-08-03 19:52:00

ഒളിംപിക്സില്‍ നന്നായി മത്സരിക്കാന്‍ പാപ്പാ ഫ്രാന്‍സിന്‍റെ ആശംസകള്‍


റിയോ ഒളിംപിക്സ് മാനവിതയ്ക്ക് കൂട്ടായ്മയുടെ സംസ്ക്കാരം വളര്‍ത്താന്‍ വഴിയൊരുക്കട്ടെ, എന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ആഗസ്റ്റ് 3-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് പാപ്പാ ഇങ്ങനെ ആശംസിച്ചത്.

ആഗസ്റ്റ് 5-ാം തിയതി വെള്ളിയാഴ്ച ബ്രസീലിലെ റിയോ നഗരത്തില്‍ ആരംഭിക്കുന്ന രാജ്യാന്തര കായിക മാമാങ്കം 26-ാം തിയതി അവസാനിക്കും. ലോകത്തെ 207 രാജ്യങ്ങളില്‍ നിന്നായി 11,239-ത് കായികതാരങ്ങള്‍ ഒളിംപിക്സ് ഗ്രാമത്തിലെത്തും.  കായിക താരങ്ങള്‍ക്കും അവരുടെ ഔദ്യോഗിക പ്രതിനിധികള്‍ക്കും, പിന്നെ ആയിരമായിരം കാണികള്‍ക്കും ആതിഥ്യം നല്കാന്‍ ഒരുങ്ങുന്ന ബ്രസീലിലെ ജനങ്ങള്‍ക്ക് പൊതുവെയും  ഒളിംപിക്സിന്‍റെ വേദിയായ റിയോ ദി ജനീരോ നഗരത്തിലെ ജനങ്ങള്‍ക്കും പാപ്പാ ആദ്യമായി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. 

സമാധാനത്തിനും, സഹിഷ്ണുതയ്ക്കും, അനുരഞ്ജനത്തിനും, പ്രത്യാശയ്ക്കുമായി കേഴുന്ന ലോകത്ത് ‘നന്നായി മത്സരിച്ച് ഓട്ടം പൂര്‍ത്തിയാക്കാന്‍ കായിക താരങ്ങളെയും കാണികളെയും ഒരുപോലെ ഒളിംപിക്സ് കളികള്‍ സഹായിക്കട്ടെ!’ (2 തിമോത്തി 4, 7-8), എന്ന് പൗലോസ് അപ്പസ്തോലനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ആശംസിച്ചു.  സാംസ്ക്കാരത്തിന്‍റേയോ, മതത്തിന്‍റേയോ, വര്‍ണ്ണത്തിന്‍റേയോ ഭാഷയുടേയോ വിഭാഗീയതകളില്ലാത്ത മാനവകുടുംബത്തിലെ അംഗങ്ങളാണ് നാം എന്ന അമൂല്യമായ ‘കൂട്ടായ്മയുടെ സംസ്ക്കാരം’ വളര്‍ത്തുന്ന, മത്സരിച്ച് മെഡലുകള്‍ നേടുന്നതിലും കൂടുതല്‍ മൂല്യമുള്ള വിജയത്തിനായി പരിശ്രമിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സമ്പന്നവും സന്തോഷപൂര്‍ണ്ണവുമായ ആതിഥ്യ മര്യാദകളിലൂടെ ഈ കായികമാമാങ്കം ബ്രസീലിയന്‍ സംസ്ക്കരത്തനിമയില്‍ ആഘോഷിക്കുമ്പോള്‍, ഒത്തൊരുമിച്ചുള്ള പരിശ്രമത്തിലൂടെ രാജ്യത്ത് മാന്യവും അന്തസ്സുള്ളതുമായ ഐക്യദാര്‍ഢ്യവും സൗഹൃദവും വളര്‍ത്തിയെടുക്കാനാവട്ടെ! എന്ന പ്രാര്‍ത്ഥനയോടെ പാപ്പാ സന്ദേശം ഉപസംഹരിച്ചു.








All the contents on this site are copyrighted ©.