2016-08-02 15:09:00

ഫാദര്‍ ഫെദറീകോ ലൊമ്പാര്‍ഡി ‘റാത്സിംഗര്‍ ഫൗണ്ടേഷ’ന്‍റെ അദ്ധ്യക്ഷന്‍


മുന്‍പാപ്പാ ബനഡിക്ടിന്‍റെ നാമത്തിലുള്ള സ്ഥാനപമാണ് റാത്സിംഗര്‍ ഫൗണ്ടേഷന്‍ (Razinger Foundation – Benedict XVI). ഈശോ സഭാംഗവും 74-വയസ്സുകാരനുമായ ഫാദര്‍ ലൊമ്പാര്‍ഡി അതിന്‍റെ ചെയര്‍മാനായി നിയമിതനായി. ആഗസ്റ്റ് 1-തിയതി തിങ്കളാഴ്ച സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസിദ്ധപ്പെടുത്തിയ നിയമന പത്രികയിലൂടെയാണ് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവിയായും പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് എന്ന നിലയിലും സേവനംചെയ്തു വിരമിക്കുന്ന ഫാദര്‍ ലൊമ്പാര്‍ഡിയെ റാത്സിംഗര്‍ ഫൗണ്ടേഷന്‍റെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നിയോഗിച്ചത്.

2010-ലാണ് റാത്സിംഗര്‍ ഫൗണ്ടേഷന്‍ സ്ഥാപിതമായത്. വിശ്രമജീവിതം നയിക്കുന്ന പാപ്പാ ബന‍ഡിക്ടിന്‍റെ സമ്പന്നമായ ദൈവശാസ്ത്ര പഠനങ്ങളും പ്രബോധനങ്ങളും കാലഘട്ടങ്ങളിലൂടെ ലോകത്തിന് ലഭ്യമാക്കുന്നതിനും പങ്കുവയ്ക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായിട്ടാണ് റാത്സിംഗര്‍ ഫൗണ്ടേഷന്‍ (Razinger Foundation – Benedict XVI) സ്ഥാപിതമായത്. സമുന്നതമായ സാംസ്ക്കാരിക ശാസ്ത്രീയ മൂല്യങ്ങള്‍ വളര്‍ത്തുന്ന സമ്മേളനങ്ങള്‍ അനുവര്‍ഷം സംഘടിപ്പിക്കുക, വിവിധമേഖകളില്‍ പ്രശസ്തി കൈവരിച്ചിട്ടുള്ള പണ്ഡിതന്മാരെയും അവരുടെ പ്രഗ്ത്ഭമായ രചനകളെയും കണ്ടെത്തി ആദരിക്കുക എന്നതും പ്രസ്ഥാനത്തിന്‍റെ ലക്ഷ്യമാണ്.

ഫൗണ്ടേഷന്‍റെ മുന്‍പ്രസിഡന്‍റ്, മോണ്‍സീ‍ഞ്ഞോര്‍ ജോസഫ് സ്ക്കോട് വിരമിച്ചതിനെ തുടര്‍ന്നാണ് ഫാദര്‍ ലൊമ്പാര്‍ഡിയുടെ പുതിയ നിയമനം ഉണ്ടായത്. 31-ാമത് ലോക യുവജന സംഗമത്തോട് അനുബന്ധിച്ച് പാപ്പാ ഫ്രാന്‍സിസ് പോളണ്ടിലേയ്ക്കു നടത്തിയ അപ്പസ്തോലിക പര്യടനം പൂര്‍ത്തിയാക്കി ഞായറാഴ്ച, ജൂലൈ 31-ാം തിയതിയാണ് ഫാദര്‍ ലൊമ്പാര്‍ഡി റോമില്‍ മടങ്ങി എത്തിയത്.








All the contents on this site are copyrighted ©.