2016-08-01 10:48:00

യുവജനമേളയിലെ ജാഗരാനുഷ്ഠാനം ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോയ പ്രാര്‍ത്ഥനായാമം


ജൂലൈ 30-ാം തിയതി ശനിയാഴ്ച. ലോകയുവജനമേളയുടെ മുഖ്യവേദിയില്‍ പാപ്പാ ഫ്രാന്‍സിസ് നയിച്ച ജാഗരപ്രാര്‍ത്ഥനയും പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദവും യുവജനങ്ങളെ സ്പര്‍ശിച്ച ആത്മീയ അനുഭവമായിരുന്നു. പ്രാര്‍ത്ഥനയുടെയും പങ്കുവയ്ക്കലിന്‍റെയം സ്തുതിപ്പുകളുടെയും ചിലപ്പോള്‍ ദൃശ്യാവതരങ്ങളുടെയും സുന്ദരമുഹൂര്‍ത്തങ്ങളിലൂടെ നീങ്ങിയ ഒരു മണിക്കൂറിന്‍റെ അന്ത്യത്തില്‍ പരിശുദ്ധകുര്‍ബ്ബാനയുടെ ആശീര്‍വാദമായിരുന്നു.

ജാഗരാനുഷ്ഠാനത്തില്‍ പാപ്പാ പങ്കുവച്ച ചിന്തകളുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

  1. രാജ്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനയോടെ ഈ ജാഗരാനുഷ്ഠാനം ആരംഭിക്കുന്നതു നല്ലതാണ്. കാരണം, നിങ്ങള്‍ വിവിധ രാജ്യക്കാരാണ്. സമാധാനവും രമ്യതയുമുള്ള സ്ഥലങ്ങളി‍ല്‍നിന്നു വരുന്നവരുണ്ട്. എന്നാല്‍ മദ്ധ്യപൂര്‍വ്വദേശമായ സിറിയപോലുള്ള രാജ്യങ്ങളില്‍ ഇന്നും യുദ്ധവും കലാപങ്ങളുമാണ്. അതുപോലെ ലോകത്തെ മറ്റു പല രാജ്യങ്ങളിലും... യുദ്ധത്തിനും കലാപത്തിനും ഇരകാളായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. കൊലയും കൂട്ടക്കുരുതിയും നിറഞ്ഞ, എന്നാല്‍ ‘ഓര്‍മ്മകളില്‍ മരിച്ച, വിസ്മരിക്കപ്പെട്ട ജനതകള്‍’ ലോകത്ത് ഉണ്ടാകാതിരിക്കട്ടെ. നാം സഹോദരങ്ങളാണ്. ജീവിതത്തില്‍ ആന്തരീകവും വ്യക്തിഗതവുമായ സംഘട്ടനങ്ങള്‍ സഹിക്കുന്നവരെ നമുക്ക് പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കാം. ദൈവിക കാരുണ്യത്തിന്‍റെ സാക്ഷികളാകാം നമുക്ക്!

2. ക്രൈസ്തവ ജീവിതത്തില്‍ ഒരിക്കലും പ്രതികാരത്തിന്‍റെ ചിന്ത ഉയരാതിരിക്കട്ടെ. ക്രിസ്തു നിങ്ങളെ വിളിച്ചുകൂട്ടിയത് കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും സാക്ഷ്യംവഹിക്കാനാണ്. പ്രാര്‍ത്ഥനയിലുള്ള ഐക്യം നമ്മുടെ സവിശേഷതയായിരിക്കട്ടെ!  നമ്മുടെ കുടുംബങ്ങളെ അനുസ്മരിക്കാം. കുടുംബങ്ങള്‍ ഉറങ്ങാനും ഭക്ഷിക്കാനുമുള്ള ഇടം മാത്രമല്ല, എന്നോര്‍ക്കണം. പിന്നെ ക്ലേശിക്കുന്ന കുടുംബങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാം.

3. ഭയവിഹ്വലരായ അപ്പോസ്തോല കൂട്ടായ്മയ്ക്ക് കരുത്തായത് പരിശുദ്ധാത്മാവാണ്, അരൂപിയുടെ തീനാവാണ്. ക്രിസ്തുശിഷ്യരുടെ മാനുഷിക സ്വപ്നങ്ങള്‍ പൂവണിയിച്ച് ദൗത്യപൂര്‍ത്തീകരണം നടത്തിയത് കര്‍ത്താവിന്‍റെ അരൂപിയാണ്. ജീവിതപ്രതിസന്ധികളുടെ ഭീതിയില്‍ - അവ ശാരീരിക രോഗങ്ങളാകട്ടെ, മാനസിക വ്യഥകളാവട്ടെ, ജീവിത തകര്‍ച്ചകളുടെ വേദനയാവട്ടെ! നമുക്ക് ദൈവാരൂപിയുടെ സഹായാം തേടാം.!

4. ആധുനികതയുടെ സോഫാ സന്തോഷത്തില്‍ വീണു പോകാതിരിക്കാം...  കമ്പ്യൂട്ടര്‍ കളികളിലും, മറ്റ് മാധ്യമപരിപാടികളിലും മുങ്ങി നിര്‍ഗുണ സമ്പന്നമായിരിക്കുന്ന ഒരു തളര്‍വാതം, ഇന്ന് ചെറുപ്പാക്കാരെ ബാധിക്കുന്നുണ്ട്. Sofa Happiness that leads to Sofa Paralysis. ഇങ്ങനെ യുവജനങ്ങള്‍ അനുഭവിക്കുന്ന മന്ദതയെ ‘സോഫയുടെ നന്മ’യും സന്തോഷവുമായി അംഗീകരിക്കപ്പെടുന്നുണ്ട്. ജീവിത സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനും ലക്ഷ്യങ്ങള്‍ പ്രാപിക്കുവാനും നാം ദൈവിക സ്വപ്നങ്ങളും പദ്ധതികളും നിരന്തരമായി തേടുകയും, അവ നേടിയെടുക്കാന്‍ പരിശ്രമിക്കേണ്ടിയുമിരിക്കുന്നു. അലസമായി ജീവിക്കുക. (Vegetate)  അലസതയില്‍നിന്നും ഉണര്‍ന്ന്, സ്വാതന്ത്ര്യം നേടി ജീവിതം അര്‍ത്ഥവത്താക്കുക.

5. മദ്യം മയക്കുമരുന്ന് എന്നിവ ജീവിതത്തെ തളര്‍ത്തുകയും, അലസമാക്കുകയും ചെയ്ത്. അവ യഥാര്‍ത്ഥമായ വ്യക്തിയുടെ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്നു. സാമൂഹികമായി അംഗീകൃത മരുന്നുകള്‍ക്ക് അടിമകളായാല്‍പ്പോലം അവ നമ്മുടെ സ്വാതന്ത്ര്യം നശിപ്പിക്കും.

6. ക്രിസ്തുവിനെ അനുഗമിക്കുക എളുപ്പമല്ല. അത് ധീരത ആവശ്യപ്പെടുന്നു. വെല്ലുവിളികള്‍ നിറഞ്ഞതാണ് ക്രിസ്തുമാര്‍ഗ്ഗം.  അവിടുത്തെ ജീവിതപാത സന്തോഷം പകരുന്ന വെല്ലുവിളികളുടെ ചക്രവാളത്തിലേയ്ക്കു നമ്മെ നയിക്കും. ശത്രുവെ സ്നേഹിക്കുവാനും, വിശക്കുന്നവര്‍ക്കു ഭക്ഷണം നല്‍കുവാനും, പാവങ്ങളെയും രോഗികളെയും പരിചരിക്കുവാനുമുള്ള വിളിയാണിത്. ഈ ഉത്തരവാദിത്തം സമര്‍പ്പിതര്‍ക്കു മാത്രമുള്ളതാണെന്നു ചിന്തിക്കരുത് അല്ല!

ഈ ലോകം കുറെക്കൂടെ നല്ലിടമാക്കാന്‍ നമുക്ക് എന്തുചെയ്യാനാകും..? ക്രിസ്തുവിന്‍റെ വെല്ലുവിളി സ്വീകരിക്കാം... ഓ, ഞാന്‍ പാവം! എനിക്ക് എന്താകാനാണ്? സ്വയം സഹതപിക്കുന്ന മനഃസ്ഥിതിക്കു കീഴ്പ്പെടരുത്!! നമ്മുടെ കുറവുകളില്‍ കരുത്താര്‍ജ്ജിക്കാം, നന്മചെയ്യാം. ക്രിസ്തു വിളിക്കുമ്പോള്‍ വ്യക്തിയുടെ ബലഹീനതകള്‍ അവിടുന്ന് കണക്കിലെടുക്കുന്നില്ല. കുറവുകളെ അവിടുന്ന് നിറവുകളാക്കും.

7. ആധുനിക സംസ്ക്കാരത്തില്‍ ഇന്ന് മനുഷ്യന്‍ സ്വാര്‍ത്ഥതയുടെ സ്വകാര്യതയിലേയ്ക്ക് മടങ്ങുകയാണ്. വേലി കെട്ടിത്തിരിച്ച്, മതിലുകള്‍ കെട്ടി, ജീവിതങ്ങള്‍ സ്വാര്‍ത്ഥതയില്‍ ഒതുക്കി എടുക്കുകയാണ്. ഇതുമതി, ഇതു ശരിയാണ്, എന്നു പറഞ്ഞു ധരിപ്പിക്കുകയാണ് ഇന്നത്തെ ലോകം. കൂട്ടായ്മയുടെ സംസ്ക്കാരത്തിനേ വിഭജിതമായ ലോകത്തെ രക്ഷിക്കാനാകൂ! എല്ലാവരെയും ആശ്ലേഷിക്കുന്ന സാകല്യസംസ്കൃതിയാണ് നല്ലത്. മതിലുകള്‍ക്കുമീതെ പാലങ്ങള്‍ പണിയാം. പരസ്പരം രമ്യതപ്പെടാം. പങ്കുചേരാം. സഹോദരങ്ങളെ പങ്കുചേര്‍ക്കാം!

നമ്മുടെ ചെറിയ ജീവചരിത്രത്തില്‍ കഴിവതു ചെയ്യാനും നമ്മുടേതായ പങ്കുവഹിക്കുവാനും ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. വിഭിന്നതയുടെയും വെറുപ്പിന്‍റെയും ശൂന്യതാബോധത്തിന്‍റെയും  പാത വിട്ട് വഴിയും സത്യവും ജീവനുമായ ക്രിസ്തുവിന്‍റെ പാത പുല്‍കാം!

രാത്രി 8.30-ന് ജാഗരാനുഷ്ഠാനം കഴിഞ്ഞ് പാപ്പായും യുവജനങ്ങളും അവരുടെ താമസസ്ഥലങ്ങളിലേയ്ക്കു മടങ്ങി.

 

 








All the contents on this site are copyrighted ©.