2016-08-01 19:33:00

ജീസസ് യൂത്തിന്‍റെ ‘റെക്സ് ബാന്‍ഡ്’ ക്രാക്കോയിലെ സംഗമവേദിയില്‍


ജീസസ് യൂത്ത് (Jesus Youth) രാജ്യാന്തര അല്‍മായ പ്രസ്ഥാനം പോളണ്ടിലെ ക്രാക്കോ യുവജന സംഗമത്തില്‍ (World Youth Fest) പങ്കെടുത്തു. ജൂലൈ 30-ാം തിയതി ശനിയാഴ്ച വൈകുന്നേരം  ക്രാക്കോയിലെ കാരുണ്യത്തിന്‍റെ വേദിയില്‍ (Campus Misericoridiae) പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്കിയ ജാഗരപ്രാര്‍ത്ഥനയില്‍ ജീസസ് യൂത്തിന്‍റെ ‘റെക്സ് ബാന്‍ഡ്’ ഗീതങ്ങള്‍ ആലപിച്ചു.

ജൂലൈ 31-ാം തിയതി ഞായറാഴ്ച മേളയുടെ ഉച്ചകോടിയായി രാവിലെ കാരുണ്യത്തിന്‍റെ വേദിയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമാപന സമൂഹ ബലിയര്‍പ്പണത്തിലും ഇംഗ്ലിഷ് ഗീതങ്ങള്‍ക്ക് ‘റെക്സ് ബാന്‍ഡ്’ REXband നേതൃത്വംനല്‍കി. യുവജനങ്ങളെ സജീവമായി പങ്കെടുപ്പിക്കത്തക്ക വിധത്തില്‍ രാജ്യാന്തരതലത്തില്‍ ഉപയോഗത്തിലുള്ള പ്രശസ്തമായ ഗീതങ്ങള്‍ ആലപിച്ചതിനാല്‍ 187 രാജ്യങ്ങളില്‍നിന്നുള്ള 16-ലക്ഷത്തിലേറെ യുവജനങ്ങള്‍ തിങ്ങിയ വേദിയില്‍ കേരളീയരായ കലാകാരന്‍മാരുടെയും കാലകാരികളുടെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥായായി അലയടിച്ചു. ശനിയാഴ്ച വൈകുന്നേരം പാപ്പാ യുവജനങ്ങളെ അഭിവാദ്യംചെയ്തുകൊണ്ട് വേദിയിലേയ്ക്ക് പേപ്പല്‍ വഹനത്തില്‍ നീങ്ങവെ ഒരു മലയാളഭക്തിഗാനം ആലപിക്കാനും റെക്സ് ബാന്‍ഡിന് അവസരമുണ്ടായി. ‘നാഥനെ വാഴ്ത്തിപ്പാടാം,’ എന്ന ഗീതമാണ് ആലപിക്കപ്പെട്ടത്.

ജീസസ് യൂത്തിന്‍റെ കോര്‍ഡിനേറ്റര്‍ മനോജ് സണ്ണിയാണ് ക്രാക്കോയില്‍നിന്നും സംഗമത്തിലെ റെക്സ് ബാന്‍ഡിന്‍റെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയിച്ചത്.

റെക്സ് ബന്‍ഡ് ആഗോളയുവജനമേളയില്‍ പങ്കെടുക്കുന്നത് ഇത് ആദ്യമല്ല. 2002-ല്‍ ക്യാനഡ, തുടര്‍ന്ന് ജര്‍മ്മനി, ആസ്ത്രേലിയ എന്നീ രാജ്യങ്ങള്‍ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമനോടൊപ്പവും,  സ്പെയിനില്‍ മുന്‍പാപ്പാ ബെനഡിക്ടിനോടൊപ്പവും, പിന്നെ 2013-ല്‍ ബ്രസിലിലെ റിയോ നഗരത്തില്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പവും പങ്കെടുത്തിട്ടുണ്ട്. ക്രാക്കോയില്‍ ജീസസ് യൂത്തിന് വര്‍ദ്ധിച്ച പങ്കാളിത്തമായിരുന്നു. 700-ല്‍ ഏറെ ജീസസ് യൂത്ത് അംഗങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി മേളയില്‍ പങ്കെടുത്തു.

കേരളത്തില്‍ പിറവിയെടുത്ത ‘ജീസസ് യൂത്ത്’ (Jesus Youth) അല്‍മായ പ്രസ്ഥാനം ലോക യുവജനമേളയുടെ  (World Youth Day) ആരംഭ കാലംമുതല്‍ അതില്‍ പങ്കെടുത്തിരുന്നു. ഇന്ന് 30 വിവിധ രാജ്യങ്ങളില്‍ വേരുപിടിച്ചിരിക്കുന്ന രാജ്യാന്തര പ്രസ്ഥാനമായി അത് വളര്‍ന്നു കഴിഞ്ഞു. 2016 മെയ് മാസത്തില്‍ ജീസസ് യൂത്തിനെ ഒരു പൊന്തിഫിക്കല്‍ അല്‍മായ സംഘടനയായി പാപ്പാ ഫ്രാന്‍സിസ് ഉയര്‍ത്തിയിട്ടുള്ളതാണ്.

 








All the contents on this site are copyrighted ©.