2016-07-29 09:16:00

സീറോ-മലബാര്‍ സഭയില്‍ രണ്ടു ശ്രദ്ധേയമായ നിയമനങ്ങള്‍


മോണ്‍സീഞ്ഞോര്‍ ബെന്നി സ്രാമ്പിക്കല്‍ ബ്രിട്ടണിലെ പ്രസ്റ്റണ്‍ സീറോ-മലബാര്‍ എപാര്‍കിയുടെ മെത്രാനും, മോണ്‍സീഞ്ഞോര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് യൂറോപ്പിലെ സീറോ-മലബാര്‍ വിശ്വാസികളുടെ അപ്പസ്തോലിക സന്ദര്‍ശകനും.  സീറോ-മലബാര്‍ സഭാ സിനഡ് മുന്നോട്ടുവച്ച ഈ ശ്രേഷ്ഠപുരോഹിതരുടെ നാമനിര്‍ദ്ദേശങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു നല്കിയ നിയമനപത്രിക ജൂലൈ 28-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക്, കാക്കനാട് സെന്‍റ് തോമസ് മൗണ്ട് - സീറോ മലബാര്‍ സഭയുടെ ആസ്ഥാനത്ത് സഭാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരിയാണ് പാപ്പായുടെ നിയമനപത്രിക പ്രസിദ്ധപ്പെടുത്തിയത്. മോണ്‍സീഞ്ഞോര്‍ ബെന്നി സ്രാമ്പിക്കലിനെയും, മോണ്‍സീഞ്ഞോര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനെയും സ്ഥാനികമുദ്രകള്‍ അണിയിച്ചശേഷം അഭിനന്ദിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പ്രഖ്യാപനം നടത്തിയത്.

  1. മോണ്‍സീഞ്ഞോര്‍ ബെന്നി സ്രാമ്പിക്കല്‍

പാലാ രൂപതാംഗമായ ഫാദര്‍ ബെന്നി സ്രാമ്പിക്കല്‍ റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയിലെ വൈദികവിദ്യാര്‍ത്ഥികളുടെ വൈസ്-റെക്ടറായി സേവനംചെയ്യവെയാണ് ഗ്രേറ്റ് ബ്രിട്ടണിലെ പ്രസ്റ്റണ്‍ സീറോ മലബാര്‍ രുപതയുടെ മെത്രാനായി നിയമനം ഉണ്ടായത്.  പ്രസ്റ്റണ്‍ സീറോ മലബാര്‍ സഭാ പ്രവിശ്യയായി പാപ്പാ ഫ്രാന്‍സിസ് ഉയര്‍ത്തിയ പ്രഖ്യാപനവും നിയമന പത്രികയ്ക്കൊപ്പം ജൂലൈ 28-ന് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. 

49 വയസ്സുള്ള ഫാദര്‍ ബെന്നി സ്രാമ്പിക്കല്‍ പാലായില്‍ പൂവരണി സ്വദേശിയാണ്. റോമിലെ ഊര്‍ബര്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ദൈവശാസ്ത്ര ബിരുദം നേടിയിട്ടുള്ള അദ്ദേഹം ബൈബിള്‍ വിജ്ഞാനീയത്തില്‍ ഉന്നതബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. രൂപതയിലെ അജപാലനശുശ്രൂഷകള്‍ക്കു പുറമേ അദ്ദേഹം പാലാരൂപതാദ്ധ്യക്ഷന്‍റെ സെക്രട്ടറി, മൈനര്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബ്രിട്ടണില്‍ (Great Britain)  പ്രസ്റ്റണ്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷനായി സ്ഥാനമേല്ക്കുന്ന ബഹുമാനപ്പെട്ട സ്രാമ്പിക്കലച്ചന് പ്രാര്‍ത്ഥനനേരുന്നു.

  1. മോണ്‍സീഞ്ഞോര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്

ഇരിങ്ങാലക്കുട രൂപതാംഗമായ മോണ്‍സീഞ്ഞോര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് റോമിലെ സീറോ മലബാര്‍ സഭാ സമൂഹത്തിന്‍റെ പ്രൊക്കുറേറ്റര്‍ ( Procurator of the Major Archbishop of Syromalabar church) പദവിയില്‍ അജപാലനശുശ്രൂഷ ചെയ്യവെയാണ്  അപ്പസ്തോലിക സന്ദര്‍ശകന്‍ (Apostolic Visitator / Visitor) എന്ന പുതിയനിയമനം ഉണ്ടായത്. യൂറോപ്പ് ആകമാനമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ അജപാലന നേതൃത്വം മെത്രാന്‍ പദവിയില്‍ അദ്ദേഹം നിര്‍വ്വഹിക്കും. റോം അസ്ഥാനമായിട്ടാണ് അജപാലന ശുശ്രൂഷകള്‍ തുടരുന്നതെന്നും പ്രാസ്താവന വ്യക്തമാക്കുന്നു.

55 വയസ്സുകാരന്‍ മോണ്‍സീഞ്ഞോര്‍ ചിറപ്പണത്ത് ഇരിങ്ങാലക്കുടയ്ക്കടുത്ത് പുത്തന്‍ചിറ സ്വേദേശിയാണ്. കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയ ഫാദര്‍ ചെറപ്പണത്ത് റോമിലെ അല്‍ഫോന്‍സിയാനും പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റയില്‍നിന്നും ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. 1987-ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാദര്‍ ചെറപ്പണത്ത് രൂപതയിലെ അജപാലന ശുശ്രൂഷകള്‍ കൂടാതെ, വടവാതൂര്‍ സെമിനാരിയുടെ വൈസ് റെക്ടറായും പ്രഫസറായും സേവനംചെയ്തിട്ടുണ്ട്. മോണ്‍സീഞ്ഞോര്‍ ചിറപ്പണത്തിന് പ്രാര്‍ത്ഥനയോടെ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു!








All the contents on this site are copyrighted ©.