2016-07-29 17:26:00

പോളണ്ടിലെ ബ്ലോഞ്ഞാ പാര്‍ക്കിലെ കാരുണ്യത്തിന്‍റെ കാഹളം


ജൂലൈ 28-ാം തിയതി വ്യാഴാഴ്ച. ലോക യുവജനമേളോയോട് അനുബന്ധിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക പര്യടനത്തിന്‍റെ രണ്ടാംദിവസം. പ്രാദേശിക സമയം വൈകുന്നേരം 5.30-ന് ക്രാക്കോയിലെ മെത്രാസന മന്ദിരത്തില്‍നിന്നും അംഗവൈകല്യമുള്ള യുവതീയുക്കാള്‍ക്കൊപ്പം  ഇലക്ട്രിക് ട്രാമില്‍ യുവജന സംഗമ വേദിയായ ബ്ലോഞ്ഞ പാര്‍ക്കിലെത്തി. മേളിയില്‍ യുവജനങ്ങളുമായുള്ള പാപ്പായുടെ പ്രഥമ കൂടിക്കാഴ്ചയായിരുന്നു. അവരുമായി പങ്കുവച്ച ചിന്തകള്‍ ചുവടെ ചേര്‍ക്കുന്നു:

ഈ കൂട്ടായ്മയ്ക്ക് നന്ദി! ക്രാക്കോയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജീവിഷ്, യുവജനങ്ങള്‍ക്കൊപ്പം എത്തിയിട്ടുള്ള മെത്രാന്മാര്‍, വൈദികര്‍, സന്ന്യസ്തര്‍, വൈദികര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍ ഏവര്‍ക്കും നന്ദിയര്‍പ്പിക്കുന്നു. ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് നിങ്ങള്‍ ഇവിടെ എത്തിയിട്ടുള്ളത്. ഇതൊരു വിശ്വാസത്തിന്‍റെ കൂട്ടായ്മയാണ്, വിശ്വാസക്കൂട്ടായ്മയാണ്.

യുവജനമേളയുടെ സൂത്രധാരന്‍റെ ജന്മനാട്ടിലാണു നമ്മള്‍. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്ക് നന്ദിപറയാം. സ്വര്‍ഗ്ഗിത്തില്‍നിന്നും വിശുദ്ധനായ പാപ്പാ നമ്മെ അനുഗ്രഹിക്കും. വൈവിധ്യാമാര്‍ന്ന നാടുകളുടെയും ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും ഈ സംഗമത്തിന്‍റെ ഉന്മേഷത്തെയും ചൈതന്യത്തെയും വിശുദ്ധന്‍ പ്രോജ്ജ്വലിപ്പിക്കട്ടെ! ക്രിസ്തുവിന്‍റെ ശിഷ്യരായിരിക്കാനുള്ള ഉന്മേഷമാണിവിടെ. ക്രിസ്തുവിനോടുള്ള സുഹൃദ്ബന്ധം മെച്ചപ്പെടുത്താന്‍ കൂട്ടായ്മയെക്കാള്‍ മറ്റൊരു നല്ല അവസരമില്ല. അതുപോലെ ക്രിസ്തുവിനെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് അവിടുന്നിലുള്ള ചൈതന്യം ഊട്ടിയുറപ്പിക്കലാണ്. മറ്റുള്ളവരെ, വിശിഷ്യ പ്രതിസന്ധികളിലും പ്രയാസങ്ങളിലുമുള്ളവരെ സുവിശേഷം അറിയിച്ചുകൊണ്ടുതന്നെയാണ് നാം സുവിശേഷ സന്തോഷം അനുഭവിക്കേണ്ടതും, പങ്കുവയ്ക്കേണ്ടതും.  

  1. ലോക യുവജനങ്ങളുടെ കാരുണ്യസംഗമം

ഇത് 31-മത് യുവജനമേളയാണല്ലോ. കാരുണ്യമുള്ളവര്‍ അനുഗ്രഹീതരാകുന്നു, എന്തെന്നാല്‍ അവര്‍ക്ക് കരുണ ലഭിക്കും (മത്തായി 5, 7). ക്ഷമിക്കാന്‍ കരുത്തുള്ളവരും, കാരുണ്യം കാട്ടുന്നവരും, മറ്റുള്ളവരെ മാനിക്കുവാന്‍, ആദരിക്കാന്‍ കഴിവുള്ളവരും അനുഗ്രഹീതരാകുന്നു.  ഇന്ന് പോളണ്ട് ഉത്സവപ്രതീതിയിലാണ്. യുവത്വമാര്‍ന്ന കാരുണ്യത്തിന്‍റെ മുഖമാണ് ഈ ദിനങ്ങളില്‍ ഇവിടെ ലോകം ദര്‍ശിക്കുന്നത്. ഇവിടെ കൂടിയിരിക്കുന്ന നിങ്ങള്‍ ഓരോരുത്തരും, പിന്നെ ഇവിടെ സന്നിഹിതരാകാന്‍ സാധിക്കാതെ മാധ്യമങ്ങളിലൂടെ പങ്കുചേരുന്നവരും ഈ സംഗമം യഥാര്‍ത്ഥത്തില്‍ കാരുണ്യത്തിന്‍റെ ജൂബിലിയാഘോഷമാക്കി മാറ്റുകയാണ്, കാരുണ്യത്തിന്‍റെ മഹോത്സവമാക്കി മാറ്റുന്നു.

മെത്രാനായിരുന്നപ്പോഴുള്ള എന്‍റെ അനുഭവം പങ്കുവയ്ക്കട്ടെ. യുവജനങ്ങള്‍ക്കൊപ്പം ആയിരിക്കുക ഏറെ സന്തോഷകരമാണ്. അവരുടെ സമര്‍പ്പണവും, ഉണര്‍വും തീക്ഷ്ണതയും ഊര്‍ജ്ജവുമെല്ലാം ശ്രദ്ധേയമാണ്. ക്രിസ്തു അവരെ സ്പര്‍ശിച്ചാല്‍ അവര്‍ പിന്നെയും നന്മയുടെ പ്രയോക്താക്കളായും വലിയ കാര്യങ്ങള്‍ക്ക് കരുത്തുള്ളവരുമായി മാറുന്നു. യുവജനങ്ങളുടെ സ്വപ്നങ്ങളും, ചോദ്യങ്ങളും, പിന്നെ മാറ്റത്തിന് തയ്യാറല്ലാത്തവരോടു കാണിക്കുന്ന വിയോജിപ്പുമെല്ലാം ശ്രദ്ധേയമാണ്. നിങ്ങളുടെ ഉണര്‍വുള്ള പെരുമാറ്റവും ചോദ്യങ്ങളുമെല്ലാം കണ്ടും കേട്ടും അനുഭവിച്ചും ഈ മേളയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത് ദൈവാനുഗ്രഹമായി കരുതുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. നിങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രത്യേക ചേഷ്ടകളും അസ്വാസ്ഥ്യംപോലും ഹൃദ്യവും ലാളിത്യമാര്‍ന്നതുമാണ്! സഭ നിങ്ങളെ ഉറ്റുനോക്കുന്നു. നിങ്ങളില്‍നിന്നും പഠിക്കാന്‍ ആഗ്രഹിക്കുന്നു. പിതൃകാരുണ്യത്തിന് യുവത്വമാര്‍ന്ന മുഖമുണ്ടെന്നും, അത് നിങ്ങളിലാണെന്നും ഉറപ്പുവരുത്തി, ദൈവരാജ്യത്തിന്‍റെ ഭാഗമായിരിക്കാന്‍ ക്ഷണിക്കുന്നു.

ജീവിതലക്ഷ്യങ്ങളുമായി വിടരാന്‍ വെമ്പല്‍കൊണ്ടു നില്ക്കുന്ന നിങ്ങളുടെ ഉണര്‍വു കണ്ടിട്ട് ഞാന്‍ പറയട്ടെ! കാരുണ്യത്തിന് യുവത്വമാര്‍ന്ന മുഖമുണ്ട്! സുഖലോലുപതയുടെ മേഖല വിട്ടിറങ്ങാന്‍ ധൈര്യം കാട്ടുന്നത് കരുണയുള്ളവരാണ്. കരുണയുള്ളവര്‍ സന്നദ്ധതയോടെ പുറത്തിറങ്ങും. മറ്റുള്ളവരുമായി ഇടപഴകും. ഭവനരഹിതരെയും നഷ്ടപ്പെട്ടവരെയും അവര്‍ സ്വീകരിക്കും. കുടിയേറ്റക്കാര്‍ക്ക് അവര്‍ ഇടം നല്കും, അവര്‍ക്ക് ആതിഥ്യം നല്കും. ദയയുടെയും അനുകമ്പയുടെയും അര്‍ത്ഥം നന്നായി അവര്‍ക്ക് അറിയാം കരുണയുള്ളവര്‍ക്ക്. വിപ്രവാസികളെയും പരദേശികളെയും അവര്‍ സ്വീകരിക്കുകയും അവരുമായി ഭക്ഷണം പങ്കുവയ്ക്കയുംചെയ്യും. നിങ്ങളോട് കാരുണ്യത്തെക്കുറിച്ചു പറയുമ്പോള്‍, അതിനുള്ള അവസരങ്ങള്‍, ഭാവി, സമര്‍പ്പണം, വിശ്വാസം, തുറവ്, ആതിഥ്യം, സഹാനുഭാവം, സാദ്ധ്യതകള്‍ അല്ലെങ്കില്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ എന്നിവയെക്കുറിച്ചും വിലയിരുത്തേണ്ടതാണ്.

  1. ക്രിസ്തുവില്‍ സന്തോഷം കണ്ടെത്താം

മറ്റൊരു ജീവിതാനുഭവവും പാപ്പാ പങ്കുവച്ചു. വളരെ നേരത്തെ ഉത്തരവാദിത്വങ്ങള്‍ ഒഴിഞ്ഞ് വിശ്രമ ജീവിതത്തിന് ഒരുങ്ങുന്ന യുവജനങ്ങളെ ഓര്‍ത്തുള്ള ദുഃഖമാണ്. കളിച്ചു തുടങ്ങും മുമ്പേ ക്ഷീണിക്കുന്നവര്‍! കളി തുടങ്ങിയിട്ട് തോറ്റുകൊടുക്കുന്നവര്‍, ജീവിതത്തിന് അര്‍ത്ഥമില്ലാത്തപോലെ, മ്ലാനവദനരായും അലക്ഷ്യരായും നടക്കുന്നവര്‍. ഇങ്ങനെയുള്ള ചെറുപ്പക്കാര്‍ മുഷിപ്പന്മാരും മറ്റുള്ളവരെ മുഷിപ്പിക്കുന്നവരുമാണ്! ചിലര്‍ ജീവിതത്തില്‍ ഉന്മേഷത്തിനും ഉല്ലാസത്തിനുമായി അവിഹിതമായ സന്തോഷങ്ങള്‍ തേടി, ഇരുണ്ട വഴികളിലൂടെയും നടക്കുന്നു. അവര്‍ അതിന്‍റെ വില കൊടുക്കേണ്ടതായി വരുന്നു. പോലപ്പോഴും ഏറെ മുന്തിയ വില കൊടുക്കേണ്ടിവരുന്നുണ്ട്. ജീവിതത്തിന്‍റെ നല്ലസമയം വ്യര്‍ത്ഥതയില്‍ ചിലവഴിക്കുന്ന യുവജനങ്ങള്‍...! (അങ്ങനെയുള്ളവരെ എന്‍റെ നാട്ടില്‍ ‘പുക വമിക്കുന്നവര്‍’ Vendors of Smoke?  എന്നു വിളിക്കാറുണ്ട്!)

നമ്മിലെ നന്മ നഷ്ടപ്പെടുത്താതിരിക്കാന്‍ ഈ സമ്മേളനം സഹായകമാണ്. ജീവിതത്തിലെ സന്തോഷവും, ഉന്മേഷവും, സ്വപ്നങ്ങളും കവര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ്. ചോദിക്കട്ടെ നിങ്ങള്‍ മിഥ്യയായ, പൊള്ളയായ സുഖം തേടുന്നവരാണോ? നിങ്ങള്‍ക്ക് സംതൃപ്തിയും സന്തോഷവും ഉന്മേഷവും തരാന്‍ കരുത്തുള്ളത് ഒരു വസ്തുവോ, സാധനമോ അല്ല! അതൊരു വ്യക്തിയാണ്. ആ വ്യക്തിയുടെ പേരാണ് ക്രിസ്തു! നമ്മുടെ ജീവിത സ്വപ്നങ്ങളെ ഉണര്‍ത്തുന്നവനും വളര്‍ത്തുവനും ക്രിസ്തുവാണ്. ജീവിതത്തിന്‍റെ യഥാര്‍ത്ഥമായ കരുത്ത് ക്രിസ്തുവാണ്. അവിടുന്നു നമ്മെ വെല്ലുവിളിക്കുകയും, ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നിരാശരായില്‍ താഴുമ്പോള്‍ അവിടുന്നു നമ്മെ കൈപിടിച്ചുയര്‍ത്തുന്നു.

  1. കേള്‍ക്കാനുള്ള കഴിവ് കാരുണ്യമാണ്

ജരൂസലേമിലേയ്ക്കു പോകുംവഴി മാര്‍ത്ത, മേരി സഹോദരിമാര്‍ ക്രിസ്തുവിന് ആതിഥ്യം നല്കിയതായി നാം സുവിശേഷത്തില്‍ (ലൂക്കാ 10, 38-40) വായിക്കുന്നു. ക്രിസ്തു അവരുടെ ഭവനത്തില്‍ പ്രവേശിച്ചു. മാര്‍ത്താ സല്‍ക്കാരത്തിന്‍റെ തിരക്കിലായിരുന്നു. മേരിയാകട്ടെ, ക്രിസ്തുവിനെ ശ്രവിക്കാന്‍ സ്വസ്ഥമായി പാദാന്തികത്തില്‍ ഇരുന്നു. മേരിയെപ്പോലെ നമുക്കും യേശുവിനെ ശ്രവിക്കുനുള്ള തുറവുള്ളവരാകാം. എവിടെയും പ്രകൃതി രമണീയത കാണുമ്പോള്‍, ‘സെല്‍ഫോണി’ല്‍ ലഭിച്ച വീഡിയോ കണ്ട് ആസ്വദിക്കുമ്പോള്‍... ഒരാളുടെ വേദന കാണുമ്പോള്‍ അല്പനേരം നമുക്ക് ചിന്തിക്കാം! ധ്യാനിക്കാം. നമ്മുടെ ജീവിതമേഖലകളി‍ലേയ്ക്ക് ക്രിസ്തു കടന്നുവരട്ടെ, നമ്മുടെ ഭവനത്തില്‍ അവിടുന്നു പ്രവേശിക്കട്ടെ! മറിയത്തെപ്പോലെ അവിടുത്തെ ശ്രവിക്കാനുള്ള സന്നദ്ധത വളര്‍ത്തിയെടുക്കാം. ജീവിത വ്യഗ്രതകള്‍ക്കിടയിലും ക്രിസ്തുവിനെ ശ്രവിക്കാം. അവിടുത്തെ ശ്രവിക്കുന്ന ദിനങ്ങളാവട്ടെ ഈ മേളയുടെ സമയം! ഒപ്പം അന്വേന്യം ശ്രവിക്കാനുള്ള തുറവുള്ളവരുമായിരിക്കാം. അങ്ങനെ നമ്മുടെ ജോലിസ്ഥലത്തും ജീവിത പരിസരങ്ങളിലുമുള്ള കൂട്ടായ്മയിലും, കോളെജിലും സ്ക്കൂളിലുമെല്ലാം ക്രിസ്തുവിനെ ശ്രവിക്കാനും ഉള്‍ക്കൊള്ളാനും നിങ്ങള്‍ക്കും സാധിക്കട്ടെ!

 








All the contents on this site are copyrighted ©.