2016-07-28 18:50:00

മെത്രാന്‍ ജനങ്ങള്‍ക്ക് സമീപസ്ഥനാകണം : പാപ്പാ ഫ്രാ‍ന്‍സിസ്


15-ാമത് അപ്പസ്തോലിക പര്യടനത്തിന്‍റെ ആദ്യദിനം ജൂലൈ 27-ാം തിയതി വ്യാഴാഴ്ച വൈകുന്നേരം ക്രാക്കോ അതിരൂപതയുടെ ഭദ്രാസന ദേവാലയത്തില്‍വച്ച് പോളണ്ടിലെ മെത്രാന്മാരുമായുള്ള പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.  കൂടിക്കാഴ്ച ഹൃദ്യവും അനൗപചാരികവുമായിരുന്നു. മെത്രാന്മരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംപറയുകയും, തന്‍റെ മനസ്സില്‍ മുന്തിനിന്ന അജപാലനപരമായ കാര്യങ്ങള്‍ പാപ്പാ മെത്രാന്മാരുമായി പങ്കുവച്ചു:

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് (ജൂലൈ 12-ന്) അന്തരിച്ച, ആരോഗ്യപരിപാലകരുടെ ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, പോളണ്ടുകാരനായ ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്ക്കിയുടെ ആത്മശാന്തിക്കുള്ള പ്രാര്‍ത്ഥനയോടെയാണ് പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ചത്. തുടര്‍ന്ന് രോഗഗ്രസ്ഥനായി കഴിയുന്ന ക്രാക്കോയുടെ മുന്‍മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് മചാര്‍സ്കിക്കുവേണ്ടിയും പ്രാര്‍ത്ഥിച്ചു. കഴിയുമെങ്കില്‍ താന്‍ അദ്ദേഹത്തെ ഈ ദിവസങ്ങളില്‍ സന്ദര്‍ശിക്കുമെന്നും പാപ്പാ അറിയിച്ചു.

  1. ഇടയന്‍ ജനങ്ങളുടെ പക്കലേയ്ക്ക് ഇറങ്ങിച്ചെല്ലേണ്ടതാണ്

ഇന്ന് സമൂഹത്തില്‍ മുന്തിനില്ക്കുന്ന മതനിരപേക്ഷത, അപേക്ഷികാവാദം, നിരീശ്വരത്വം  എന്നിവ പോളണ്ടിനെയും ബാധിച്ചിട്ടുണ്ട്. ദൈവം ഇല്ലാത്തതുപോലെ മനുഷ്യര്‍ ജീവിക്കുന്നു.  ഇതിനു മറുമരുന്നെന്താണ്? ജനങ്ങളുടെ സമീപത്തായിരിക്കുക. അവരിലേയ്ക്ക് ഇറങ്ങിച്ചെല്ലുക. ജീവിതത്തില്‍നിന്നും ക്രിസ്തുവിനെ എടുത്തു മാറ്റുന്നതും, പുതിയൊരു പ്രവണതയാണ്.  ഇവിടെ ക്രിസ്തുവത്ക്കരണം, അല്ലെങ്കില്‍ ക്രിസ്തീയജീവിതം വളര്‍ത്തേണ്ടത് .... ജനങ്ങളോടുള്ള സാമീപ്യംകൊണ്ടാണ്. സാന്നിദ്ധ്യവും സാമീപ്യവുംകൊണ്ട് ക്രിസ്തു സാന്നിദ്ധ്യവും, ക്രിസ്തു സ്നേഹവും യാഥാര്‍ത്ഥ്യമാക്കണം... എന്ന് പാപ്പാ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു.

  1. മെത്രാന്‍ വൈദികരെ പിന്‍തുണയ്ക്കണം

വൈദികരുടെ കൂടെ മെത്രാന്മാര്‍ ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകത പാപ്പാ ഊന്നിപ്പറഞ്ഞു. അവരുടെ അജപാലന മേഖലയില്‍ മെത്രാന്മാര്‍ എത്തിപ്പെടുകയും, കൂടെയുണ്ടാകയുംവേണമെന്ന് പാപ്പാ നിഷ്ക്കര്‍ഷിച്ചു.

  1. യുവജനങ്ങളും കാരണവന്മാരും

അതുപോലെ യുവാക്കളെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍, അവര്‍ക്ക് മാതാപിതാക്കളുമായി മാത്രമല്ല, അവരുടെ കാരണവന്‍മാരുമായി – മുത്തച്ഛന്മാരും മുത്തശ്ശിമാരുമായും ഒരു ബന്ധം, ആത്മബന്ധം ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത പാപ്പാ എടുത്തുപറഞ്ഞു. കാരണം വിശ്വാസത്തിന്‍റെ വിത്ത് കൈമാറേണ്ട് അവര്‍ വഴിയാണ്. അവരിലൂടെയാണ്.

  1. ധനാസക്തി അജപാലകന് അഭികാമ്യമല്ല

തുടര്‍ന്ന്, എപ്രകാരം കാരുണ്യം, ദൈവികകാരുണ്യം പ്രാവര്‍ത്തികമാക്കാമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഉപഭോഗസംസ്ക്കാരത്തിലാണ് നാം ജീവിക്കുന്നത്. എന്തും പണം കൊടുത്തു വാങ്ങാം. എന്തും വില്ക്കാം. കമ്പോളസംസ്ക്കാരത്തിലാണ് നാം. പണം ദ്രാവകരൂപത്തിലാണ്...ഒഴുകുകയാണ്. പണം ഇന്ന് ബിംബവത്ക്കരിക്കപ്പെട്ടിരിക്കുകയാണ്. അങ്ങനെയുള്ളൊരു ലോകത്ത് ജനങ്ങളെ കാരുണ്യത്തോടെ സമീപിക്കണമെങ്കില്‍, നാം തന്നെ ലൗകായത്വത്തില്‍നിന്നും, പണത്തിന്‍റെ പിടിയില്‍നിന്നും അകന്നു ജീവിക്കണം.

  1. ഇടവകസംവിധാനം ഇന്നും പ്രസക്തം

ഇടവകയെക്കുറിച്ചായിരുന്നു പിന്നത്തെ ചര്‍ച്ച - ഇടവയുടെ പ്രസക്തി പകരംവയ്ക്കാനാവാത്തതാണ്. ആത്മീയ പ്രസ്ഥാനങ്ങളും സംഘടനകളും ക്രിസ്തീയജീവിതത്തില്‍ അനിവാര്യമാണ്. സംഘടകളും പ്രസ്ഥാനങ്ങളും, എന്നാല്‍ ഇടവക സംവിധാനത്തിന്‍റെ ഭാഗമായിരിക്കണമെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. ദൈവജനത്തിന്‍റെ ഭവനം ഇടവകയാണ്..   അത് ഇടയന്‍റേതും ഇടയന്‍റെ വകയുമാണെന്ന അജപാലന വീക്ഷണം പാപ്പാ സ്ഥാപിച്ചു.

  1. അഭയം തേടുന്നവരെ കൈവെടിയരുത്

അവസാനമായി കുടിയേറ്റത്തെക്കുറിച്ചായിരുന്നു. വിപ്രവാസികളോട് ക്രിയാത്മകമായ ഒരു സമീപനരീതി വളര്‍ത്തിയെടുക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഒരു നാടിന്‍റെ നയവും, സംസ്ക്കരവും, അവിടത്തെ സാദ്ധ്യതകളും മനസ്സിലാക്കിയായിരിക്കണം ഈ സമീപനരീതിയെന്നും പാപ്പാ അഭിപ്രായപ്പെട്ടു. എന്നാല്‍ എപ്പോഴും അഭയം തേടിയെത്തുന്നവരോട് സഹാനുഭാവവും, തുറവും കാണിക്കണം. ഈ സ്നേഹത്തിന്‍റെയും സഹാനുഭാവത്തിന്‍റെ മനോഭാവത്തില്‍നിന്നുമാണ് നാം ക്രിസ്തു ശിഷ്യരാണെന്ന് മറ്റുള്ളവര്‍, വിശിഷ്യാ പരിത്യക്തരും പാവങ്ങളും അറിയേണ്ടതെന്ന് മെത്രാന്‍സംഘത്തെ പാപ്പാ ഉദ്ബോധിപ്പിച്ചു. 








All the contents on this site are copyrighted ©.