2016-07-27 19:40:00

മേളയില്‍ പങ്കെടുക്കാത്തവര്‍ക്കും പാപ്പായുടെ സന്ദേശം


കളിയിലെന്നപോലെ ജീവിതത്തിലും കാര്യമായി മുന്നേറണമെന്ന് അമേരിക്കയിലെ യുവജനങ്ങളെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂലൈ 26-ാം തിയതി ചൊവ്വാഴ്ച ഈശോയുടെ മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും - വിശുദ്ധരായ അന്നയുടെയും ജോവാക്കിമിന്‍റെയും തിരുനാളില്‍ മെക്സിക്കോ-അമേരിക്കന്‍ അതിര്‍ത്തി പ്രദേശമായ ടെക്സസില്‍ സമ്മേളിച്ച യുവജനങ്ങള്‍ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ലോകയുവജനമേളയ്ക്ക് ക്രാക്കോയിലെത്താന്‍ സാധിക്കാത്ത 5000-ത്തോളം അമേരിക്കന്‍- മെക്സിക്കന്‍ യുവജനങ്ങളാണ് ജൂലൈ 26-ാം തിയതി ചൊവ്വാഴ്ച പ്രാര്‍ത്ഥിക്കാനും, ക്രാക്കോമേളയുടെ ഓര്‍മ്മിയില്‍ ആത്മീയമായി ജീവിക്കാനുമായി ടെക്സസില്‍ സംഗമിച്ചത്.

ക്രിസ്തുവിന്‍റെ ജീവിതമാതൃക അനുകരിച്ച് നന്മയുടെ പൈതൃകത്തില്‍ കാലൂന്നിക്കൊണ്ട് ജീവിതത്തില്‍ മുന്നോട്ട്.., മുന്നോട്ടു തന്നെ..., ഒരു കളിയിലെന്നപോലെ കുതിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. നന്മചെയ്തും, സ്നേഹവും കാരുണ്യവും പങ്കുവച്ചും, ജീവിതം ഫലമണിയിക്കാന്‍ നാം പരിശ്രമിക്കണം. കാരണം ദൈവം വിളിക്കുന്നത് നമ്മുടെ എളിയ ജീവിതങ്ങള്‍കൊണ്ട് നന്മചെയ്യുവാനും, അത് ഫലവത്താക്കുവാനുമാണ്. അങ്ങനെ നാം ജീവിതത്തില്‍ സന്തോഷത്തോടെ ജീവിക്കണമെന്നത് ദൈവത്തിന്‍റെയും ആഗ്രഹമാണ്. അതിനാല്‍ ദൈവത്തില്‍ പ്രത്യാശ അര്‍പ്പിച്ചു പതറാതെ, ധൈര്യത്തോടെ മുന്നേറാം.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! കന്യകാനാഥ നിങ്ങളെ തുണയ്ക്കട്ടെ! ആത്മീയമായി ക്രാക്കോയിലെ കൂട്ടുകാരോടൊപ്പം നമുക്ക് ഒന്നായിരിക്കാം. നിങ്ങളെ ഞാന്‍ പ്രാര്‍ത്ഥനയില്‍ അനുസ്മരിക്കാം. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറുന്നുപോകരുതെന്നും പ്രത്യേകം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.