2016-07-27 16:57:00

ക്രിസ്തുവിന്‍റെ കാരുണ്യകടാക്ഷമുള്ള ക്രാക്കോയിലെ യുവജനസംഗമവേദി


ജൂലൈ 26-ാം തിയതി ചൊവ്വാഴ്ച പോളണ്ടിലെ സമയം വൈകുന്നരം  6 മണിക്കായിരുന്നു ക്രാക്കോ നഗരത്തോടു തോളുരുമ്മി കിടക്കുന്ന പോളിഷ് ഭാഷയില്‍ ബ്ലോഞ്ഞാ... താഴ്വാരം  (Blonia Park) എന്നറിയപ്പെടുന്ന ‘കാണ്യത്തിന്‍റെ വേദി’യിലെ  (The Campus of Divine Mercy) ദിവ്യബലി അര്‍പ്പണത്തിലേയ്ക്ക് യുവജനങ്ങളെ കര്‍ദ്ദിനാള്‍ ജീവിഷ് സ്വാഗതംചെയ്തു.

“കരോള്‍ വോയ്ത്തീവയുടെ നഗരത്തിലേയ്ക്ക്... വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ  ക്രാക്കോ നഗരത്തിലേയ്ക്ക് സ്വാഗതം...!”   ക്രാക്കോ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് ജീവിഷ് ലോകയുവജന മേളയുടെ തിരിതെളിയിച്ച സമൂഹ ദിവ്യാബലിയര്‍പ്പണം ആരംഭിച്ചത് ഇങ്ങനെയായിരുന്നു.

ലോക യുവജനമേളയുടെ ഉപജ്ഞാതാവായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ മാദ്ധ്യസ്ഥ്യത്തില്‍ അര്‍പ്പിക്കപ്പെട്ട ആത്മീയതയുടെ ഉത്സവപ്രതീതി ഉണര്‍ത്തിയ ദിവ്യബലിക്ക് സംഘാടക സമിതിയുടെയും ക്രാക്കോ അതിരൂപതയുടെയും അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ജീവിഷ് മുഖ്യകാര്‍മ്മികനായിരുന്നു.

രാജ്യങ്ങളുടെയും ഭാഷകളുടെയും സംസാക്കാരങ്ങളുടെയും അതിരുകള്‍ കടന്നുള്ളതും, പീഡനങ്ങളുടെയും ഭീകരതയുടെയയും മുഖങ്ങളുമുള്ള പ്രദേശങ്ങളും കടന്ന് എത്തിയിരിക്കുന്ന ലോകയുവതയുടെ സംഗമത്തില്‍ സുവിശേഷം തെളിയിക്കുന്ന സ്നേഹത്തിന്‍റെ ഭാഷ, 30 ലക്ഷത്തോളംവരുന്ന ക്രാക്കോയിലെ യുവജനക്കൂട്ടായ്മയെ ഒന്നിപ്പിക്കട്ടെ! എന്ന്  സുവിശേഷ പ്രഭാഷണത്തില്‍ കര്‍ദ്ദിനാള്‍ ജീവിഷ് ആമുഖമായി വിവരിച്ചു.

എവിടെനിന്നു വരുന്നു, ഇപ്പോള്‍ എവിടെയായിരിക്കുന്നു, ഇനി എങ്ങിനെ മുന്നേറും...!? എന്നിങ്ങനെ മൂന്നു ചിന്തകള്‍ യോഹന്നാന്‍റെ സുവിശേഷം വിവരിക്കുന്ന പത്രോസിന്‍റെ വിശ്വാസപ്രഖ്യാപന സംഭവം ആധാരമാക്കി കര്‍ദ്ദിനാള്‍ ജീവിഷ് ഉദ്ബോധിപ്പിച്ചു.  പത്രോസിനെപ്പോലെ ക്രിസ്തുവിന്‍റെ വിളികേട്ട്, അവിടുത്തെ സ്നേഹത്തിന്‍റെ വെളിച്ചത്തില്‍ ചരിക്കാനായാല്‍ ഒരിക്കലും നാം തിന്മയുടെ ഇരുട്ടില്‍ വീഴില്ല. അവിടുന്നില്‍ വിശ്വാസമര്‍പ്പിച്ചാല്‍ എമാവൂസിലെ ശിഷ്യരുടെ ചാരത്തെന്നപോലെ ഉത്ഥിതന്‍ നമ്മുടെയും കൂടെയുണ്ടെന്ന പ്രത്യാശ കര്‍ദ്ദിനാള്‍ ജീവിഷ് വചനചിന്തയില്‍ യുവജനങ്ങളുമായി പങ്കുവച്ചു.

അങ്ങനെ മതബോധനത്തിലൂടെയും, പാപ്പാ ഫ്രാന്‍സിസിന്‍റെ മൊഴികളിലൂടെയും, അനുരഞ്ജനത്തിന്‍റെ കൂദാശയിലൂടെയും, പോളിഷ് കുടുംബങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെ ജനങ്ങളുടെയും ആതിഥ്യത്തിലൂടെയും, കൂടാതെ യുവജനങ്ങളുടെ സുഹൃത്തും മദ്ധ്യസ്ഥനുമായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പകര്‍ന്നു നല്കുന്ന ദൈവികകാരുണ്യത്തിന്‍റെ രഹസ്യവും പൈതൃകവും ശിരസ്സിലേറ്റിക്കൊണ്ടും ഈ ദിനങ്ങളിലെ കൂട്ടായ്മയിലൂടെ മുന്നേറാം... എന്ന ആഹ്വാനവുമായിട്ടാണ് കര്‍ദ്ദിനാള്‍ ജീവിഷ് വചനചിന്തകള്‍ ഉപസംഹരിച്ചത്.

യുവജനങ്ങളുടെ ഗാനാലാപനവും പ്രാര്‍ത്ഥനയും സന്തോഷവും ആവേശവും അലയടിച്ചുനിന്ന സമൂഹബിലിയര്‍പ്പണം ഭക്തിനിര്‍ഭരമായി സമാപിച്ചപ്പോള്‍ ... അവരുടെ ആനന്ദഭേരിയുടെ ഇടിമുഴക്കത്തില്‍ ക്രാക്കോ നഗരം സന്ധ്യമയങ്ങയപ്പോഴും ഉണര്‍ന്നിരുന്നു.








All the contents on this site are copyrighted ©.