2016-07-26 12:40:00

ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി


     ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി.

     ആസ്ത്രേലിയയുടെ വടക്ക് ശാന്തമഹാസമുദ്രത്തില്‍ കിടക്കുന്ന പാപ്പുവാ ന്യൂഗിനിയുടെ അപ്പ്സ്തോലിക് നുണ്‍ഷ്യൊ ആയി നിയമിതനായിരിക്കുന്ന അദ്ദേഹത്തിന്‍റെ മെത്രാഭിഷേകം തിങ്കളാഴ്ച (25/07/16) ഉച്ചകഴിഞ്ഞ് കോട്ടയം ക്രിസ്തുരാജ കത്തീദ്രലില്‍ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്‍റെ  മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു.

     ഈജിപ്തിലെ മുന്‍ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് മൈക്കിള്‍ ലൂയിസ് ഫിറ്റ്സ്ജെറാള്‍ഡും ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ  സിബിസിഐയുടെ പൊതു കാര്യദര്‍ശി ബിഷപ്പ് തെയദോര്‍ മസ്കരേനാസും സഹകാര്‍മ്മികരായിരുന്നു.

     സിബിസിഐയുടെ അദ്ധ്യക്ഷനും, സീറോമലങ്കരകത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വചനസന്ദേശമേകി.

     സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കേരളത്തിലെ ലത്തീന്‍ കത്തോലിക്കാമെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ തിരുവനന്തപുരം ആര്‍ച്ചുബിഷപ്പ് മരിയ കലിസ്റ്റ് സൂസപാക്യവും അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി.

     വിവധ റീത്തുകളില്‍പെട്ട കത്തോലിക്കാമെത്രാന്മാര്‍ക്കു പുറമെ മലങ്കര ഓര്‍ത്തഡോക്സ് സഭാ മേലദ്ധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയനും മെത്രാഭിഷേകതിരുക്കര്‍മ്മത്തില്‍ സംബന്ധിച്ചു.

     1966 ആഗസ്റ്റ് 4 ന്  ജനിച്ച, 50 വയസ്സു പ്രായമുള്ള, നവ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ കോട്ടയം വടവാത്തൂര്‍ സ്വദേശിയാണ്.








All the contents on this site are copyrighted ©.