2016-07-25 19:02:00

മാപ്പു നല്കുമ്പോഴാണ് നമുക്കു മാപ്പു ലഭിക്കുന്നത് : പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഭാഷണം


ജൂലൈ 24-ാം തിയതി ഞായറാഴ്ച വത്തിക്കാനിലെ ത്രികാലപ്രാര്‍ത്ഥന പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് ലൂക്കായുടെ സുവിശേഷഭാഗത്തെ (ലൂക്ക 11, 1-13) ആധാരമാക്കി നല്കിയ പ്രഭാഷണം താഴെ ചേര്‍ക്കുന്നു. ക്രിസ്തു പഠിപ്പിച്ച, സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനയെക്കുറിച്ച് ശ്രദ്ധേയവും തനിമയാര്‍ന്നതുമായ വിചിന്തനമാണ് പാപ്പാ നല്കിയത്.   

പ്രിയ സഹോദരങ്ങളേ,  ഏകാന്തമായി പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിന്‍റെ ചിത്രമാണ് വിശുദ്ധ ലൂക്കാ സുവിശേഷഭാഗത്ത് വരച്ചുകാട്ടുന്നത് (ലൂക്ക 11, 1-13). പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍... “ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണേ! കര്‍ത്താവേ,” എന്ന് ശിഷ്യന്മാര്‍ അവിടുത്തോട് ആവശ്യപ്പെട്ടു. (1). അപ്പോള്‍ അവിടുന്നു പറഞ്ഞു. പ്രാര്‍ത്ഥിക്കുമ്പോള്‍.... “പിതാവേ...!” എന്നു വിളിച്ചു പ്രാര്‍ത്ഥിക്കണം (2). ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ സൂത്രവാക്കാണ്, പിതാവ്.

ജീവിതത്തില്‍ ഉടനീളം തനിക്ക് പ്രേരണയും പ്രചോദനവുമായ പിതാവുമായി സംവാദത്തിലൂടെ  വളര്‍ത്തുന്ന ആത്മബന്ധത്തിന്‍റെ സൂത്രവാക്യമാണിത് പിതാവ്! നിങ്ങള്‍ക്കും എനിക്കുമായി, സകലര്‍ക്കുമായി അവിടുന്നു പഠിപ്പിച്ച വാക്കാണിത്. ‘പിതാവ്..’ എന്ന സംജ്ഞയോട് മറ്റു രണ്ടു അഭ്യര്‍ത്ഥനകള്‍കൂടി ക്രിസ്തു കൂട്ടിച്ചേര്‍ക്കുന്നു. “അങ്ങയുടെ നാമം പൂജിതമാകണമേ!”  “അങ്ങയുടെ രാജ്യം വരണമേ!!” (2). ക്രിസ്തുവിന്‍റെ ഈ പ്രാര്‍ത്ഥന, സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥന അങ്ങനെ ദൈവത്തിന് ഏറ്റവും സമുന്നതമായ സ്ഥാനം നല്കുന്ന പ്രാര്‍ത്ഥനയാണെന്നു മനസ്സിലാക്കാം. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വിശുദ്ധി ലോകത്തിന് പകര്‍ന്നുനല്കിക്കൊണ്ട്, ദൈവരാജ്യം ഈ ഭൂമിയില്‍ മനുഷ്യരുടെമദ്ധ്യേ സമീപസ്ഥമാക്കുകയും, പിതാവായ ദൈവത്തിന്‍റെ സ്നേഹാര്‍ദ്രമായ കര്‍തൃത്ത്വം ഈ പ്രാര്‍ത്ഥനവഴി മനുഷ്യര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

ക്രിസ്തു പഠിപ്പിച്ച ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ,’ എന്ന പ്രാര്‍ത്ഥനയെ സമഗ്രമാക്കുന്നത് മൂന്നു യാചനകളാണ്. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണവ :  അന്നത്തിനും, ക്ഷമയ്ക്കും, പിന്നെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാനുള്ള സഹായത്തിനുമാണ് ഈ മൂന്നു യാചനകള്‍ (3-4). അന്നം നേടുവാനും, അന്വോന്യം ക്ഷമിക്കുവാനും, പ്രലോഭനങ്ങളില്‍ വീഴാതിരിക്കാനും ദൈവസഹായം അനിവാര്യമാണ്. ആദ്യം നാം പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യമായ അപ്പത്തിനായിട്ടാണ്. അന്നം, അപ്പം ജീവിതയാത്രയില്‍ പാഥേയമാണ്. അപ്പമാണ് മുന്നേറുവാന്‍ മനുഷ്യന് ശാരീരികമായ ശക്തിനല്കുന്നത്. യാത്രയ്ക്കു തടസ്സമായേക്കാവുന്നതോ, ശേഖരിച്ചുവച്ചതിനാല്‍ ഭാരപ്പെടുത്തുന്നതോ, പാഴാക്കിക്കളയാനുള്ളതോ ആയ ഉച്ഛിഷ്ടവുമല്ല അന്നം. രണ്ടാമതായി, ക്ഷമയാണ്. നാം ദൈവത്തില്‍നിന്നും നേരിട്ടു വാങ്ങുന്നതല്ല ക്ഷമ. സാഹോദരങ്ങളോട് പ്രത്യക്ഷമായി അനുരഞ്ജനപ്പെട്ടുകൊണ്ട്, കുറവുകള്‍ പരസ്പരം ക്ഷമിച്ച്, അതിലൂടെ ദൈവത്തിന്‍റെ കാരുണ്യം സ്വീകരിക്കുന്ന അനുഭവവും അവബോധവുമാണ് മാപ്പ്, ക്ഷമ! സഹോദരങ്ങളോടു ക്ഷമിക്കുവാനും മാപ്പുനല്‍കുവാനും  സന്നദ്ധതയുള്ളവര്‍ക്കാണ്,  ജീവിതത്തില്‍ മാപ്പു ലഭിക്കുന്നത്. വ്യക്തികളുടെ ഹൃദയത്തില്‍ വളരേണ്ടതും, ഹൃദയത്തില്‍നിന്നും ഉതിര്‍ക്കൊള്ളേണ്ടതുമാണ് അനുതാപം,  മാപ്പ്!

അവസാനമായി പ്രലോഭത്തില്‍ ഉള്‍പ്പെടുത്തരുതേ, എന്നും നാം പ്രാര്‍ത്ഥിക്കുന്നു. കാരണം അഴിമതിയുടെയും അധര്‍മ്മത്തിന്‍റെയും കെണികളാല്‍ നാം ലോകത്ത് സദാ വലയംചെയ്യപ്പെട്ടിരിക്കയാണ്. അതില്‍ നാം മുങ്ങിപ്പോകരുത്, കുടുങ്ങിപ്പോകരുത്. എന്താണ് പ്രലോഭനമെന്നെല്ലാം നമുക്കെല്ലാവര്‍ക്കും നന്നായ് അറിയാം!  

പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ഈശോയുടെ പാഠം പിന്നെയും തുടരുന്നത് ചെറിയ രണ്ടു ഉപമകളിലൂടെയാണ്. അവയില്‍ ആദ്യത്തേത്, രണ്ടുപേര്‍ തമ്മിലുള്ള സുഹൃദ്ബന്ധത്തെക്കുറിച്ചും, മറ്റേത് പിതാവിന് പുത്രനോടുളള കടമകളെക്കുറിച്ചും ഉദ്ബോധിപ്പിക്കുന്നു (5-12). അങ്ങനെ, പിതാവായ ദൈവത്തില്‍ നാം അര്‍പ്പിക്കേണ്ട സമ്പൂര്‍ണ്ണമായ വിശ്വാസത്തെക്കുറിച്ചാണ് രണ്ടു കഥകളും നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ ആവശ്യങ്ങള്‍ അറിയുന്ന പിതാവില്‍ പ്രത്യാശയര്‍പ്പിച്ച് ധൈര്യത്തോടെ, നിരന്തരമായി അവിടുന്നില്‍ ആശ്രയിച്ചു ജീവിക്കാനും, അങ്ങനെ അവിടുത്തെ രക്ഷാകരപദ്ധതിയില്‍ പങ്കുകാരാകുവാനും അവിടുന്നു നമ്മെ ക്ഷണിക്കുന്നു. അതിനാല്‍ പ്രാര്‍ത്ഥനയാണ് നമ്മുടെ കൈവശമുണ്ടായിരിക്കേണ്ട പ്രഥമവും പ്രധാനവുമായ ‘പണിയായുധം’! 

മുട്ടിപ്പായി പ്രാര്‍ത്ഥിക്കണം. എന്നാല്‍ ദൈവത്തെയോ, മറ്റാരെയെങ്കിലോ ബോധ്യപ്പെടുത്താന്‍വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതില്ല. നമ്മുടെ വിശ്വാസവും ക്ഷമയും ശക്തിപ്പെടുത്തിക്കൊണ്ട്, നമുക്കാവശ്യമായ അനുദിനജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ദൈവത്തോടുള്ള ഒരു മല്പിടുത്തമാണ് പ്രാര്‍ത്ഥന. അത് ആവശ്യവുമാണ്. ക്രിസ്തു ഇന്ന് സുവിശേഷത്തില്‍ പറയുന്ന ശ്രദ്ധേയമായ മറ്റൊരു കാര്യം, നാം ഒരിക്കലും ആവശ്യപ്പെടാത്തൊരു കാര്യമാണ് – അതു പരിശുദ്ധാത്മാവാണ്. ക്രിസ്തു പറയുന്നത്, “മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!” (13) എന്നാണ്. പരിശുദ്ധാത്മാവിനെ തരണമേ, എന്നു പ്രാര്‍ത്ഥിക്കണം.

കാരണം, നമുക്ക് നല്ല ജീവിതസരണികള്‍ തെളിയിക്കുന്നതും,  ദൈവഹിതം നിര്‍വ്വഹിക്കുന്നതിനുമുള്ള അറിവും, സ്നേഹവും കരുത്തും തരുന്നതു പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിന്‍റെ ചൈതന്യമാണ്. സ്വര്‍ഗ്ഗീയപിതാവിന് ഇന്നാളില്‍ നമുക്കു സമര്‍പ്പിക്കാവുന്ന മനോഹരമായ പ്രാര്‍ത്ഥന – “പിതാവേ, പരിശുദ്ധാത്മാവിനെ ഞങ്ങള്‍ക്കു നല്കണമേ!” എന്നതാണ്. കന്യകാനാഥയുടെ ജീവിതം മുഴുവനും അരൂപിയാല്‍ നിറഞ്ഞതായിരുന്നു. അമ്മയുടെ മാദ്ധ്യസ്ഥവും നമുക്കു തേടാം. ഇന്നത്തെ സുവിശേഷഭാഗം ഉദ്ബോധിപ്പിക്കുന്നതുപോലെ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായും, നയിക്കപ്പെട്ടും ക്രിസ്തുവിനോട് അനുരൂപരായി ജീവിക്കാവാനുള്ള വരം തരണമേ, എന്നു  നമുക്ക് സ്വര്‍ഗ്ഗീയ പിതാവിനോടു പ്രാര്‍ത്ഥിക്കാം.

 








All the contents on this site are copyrighted ©.