2016-07-25 12:58:00

ഭീകരപ്രവര്‍ത്തനത്തിനെതിരെ പാപ്പാ "ഇന്‍സ്റ്റഗ്രാമില്‍"


ഭീകരപ്രവര്‍ത്തനം ഇനിയൊരിക്കലും അരുത് – പാപ്പായുടെ ഇന്‍സ്റ്റഗ്രാം സന്ദേശം.

ഛായാചിത്രങ്ങളിലൂടെയും ഹ്രസ്വ ചലച്ചിത്രങ്ങളിലൂടെയും സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള സാമൂഹ്യവിനിമയോപധിയായ ഇന്‍സ്റ്റഗ്രാമിലും തന്‍റെ  സാന്നിധ്യമറിയിച്ചിരിക്കുന്ന ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ചയാണ് ഭീകരാക്രമണങ്ങള്‍ക്കെതിരെ ഈ ഉപാധിയിലൂടെ പ്രതികരിച്ചത്.

കൈപാദങ്ങള്‍ ചേര്‍ത്തുവച്ച് ശിരസ്സുനമിച്ച് മുട്ടിന്മേല്‍ നിന്ന് പാപ്പാ  പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് ​ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിക്കുന്നത്.

ലോകത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കിരകളായ എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദയവുചെയ്തു ഇനിയൊരിക്കലും ഭീകരപ്രവര്‍ത്തനം ഉണ്ടാകരുത്. എന്നാണ് പാപ്പാ അതില്‍ ചേര്‍ത്തിരിക്കുന്ന സന്ദേശം.

ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ അരങ്ങേറുന്ന ഭീകരാക്രമണങ്ങളുടെ, പ്രത്യേകിച്ച്, അഫ്‍ഖാനിസ്ഥാന്‍റെ  തലസ്ഥാനമായ കാബൂളില്‍  ശനിയാഴ്ച (23/07/16) രാവിലെ 80 ലേറെ ആളുകളും ഇറാക്കില്‍ 10 ലേറെപ്പേരും വധിക്കപ്പെട്ടതുമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പായുടെ പ്രാര്‍ത്ഥനയടങ്ങിയ ഈ ഇന്‍സ്റ്റഗ്രാം സന്ദേശം.  








All the contents on this site are copyrighted ©.