2016-07-22 20:41:00

‘ദൈവികമുഖകാന്തി ദര്‍ശിക്കാന്‍...’ ധ്യാനാത്മകജീവിതത്തിന്‍റെ ഉള്‍പ്പൊരുളുമായി പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം


ധ്യാനാത്മകജീവിതം നയിക്കുന്ന സന്ന്യാസിനികള്‍ക്കുള്ളതാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പുതിയ പ്രബോധനം ‘ദൈവത്തിന്‍റെ മുഖകാന്തി ദര്‍ശിക്കാന്‍...’ Dei Vultum Quaerere!  വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ ജൂലൈ 22-ാം തിയതി വെള്ളിയാഴ്ച വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍  പ്രബോധനത്തിന്‍റെ  വിവിധ ഭാഷാപ്പതിപ്പുകള്‍ പ്രകാശനംചെയ്യപ്പെട്ടു.

ആവൃതിയുടെ ആത്മീയ വെളിച്ചമാണ് പാപ്പായുടെ പ്രബോധനത്തിന്‍റെ ഉള്ളടക്കം. മിണ്ടാമഠം, ഏകാന്ത ജീവിതം എന്നിങ്ങനെയുള്ല ജീവിതാന്തുകള്‍ തിരഞ്ഞെടുത്തു ജീവിക്കുന്ന സന്ന്യാസിനികള്‍ക്കുള്ള നവമായ മാര്‍ഗ്ഗരേഖകളാണ് കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്നതെന്ന് സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ സെക്രട്ടറി, ആര്‍ച്ചുബിഷ് ഹൊസെ കര്‍ബാലോ പ്രകാശനവേളയില്‍ പ്രസ്താവിച്ചു.

ദൈവികമുഖകാന്തിയുടെ വെളിച്ചം പ്രാര്‍ത്ഥനയിലൂടെ ലോകത്തു ജീവിക്കുന്ന മനുഷ്യര്‍ക്കായി പ്രസരിപ്പിക്കുന്നവരാണ് ഏകാന്തതയിലും നിശ്ശബ്ദതയിലും കന്യകാലയത്തിലെ ആവൃതിക്കുള്ളില്‍ ധ്യാനാത്മക ജീവിതം നയിക്കുന്ന സന്ന്യാസിനിമാരെന്ന് പ്രബോധനത്തിന്‍റെ മുഖവുരയില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിക്കുന്നു.

12-ാം പിയൂസ് പാപ്പാ 1950-ല്‍ പ്രബോധിപ്പിച്ച ‘ക്രിസ്തുവിന്‍റെ മണവാട്ടി’ (Sposa Christi) എന്ന പ്രബോധനത്തില്‍പ്പിന്നെ,  നീണ്ട 66 വര്‍ഷക്കാലത്തിനുശേഷമാണ് സഭയില്‍ ധ്യാനാത്മക ജീവിതത്തില്‍ സമര്‍പ്പിതരായ സന്ന്യാസിനികളുടെ ആത്മീയ ജീവിതത്തിന്‍റെ സിദ്ധിയും സത്തയും വെളിപ്പെടുത്തന്ന സഭാപ്രബോധനം പുറത്തുവരുന്നത്.

‘ദൈവിക മുഖകാന്തിയുടെ പ്രകാശസ്രോതസ്സെ’ന്നു പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിക്കുന്ന ധ്യാനാത്മക ജീവിതത്തിന്‍റെ  കാലികമായ പുനര്‍നിര്‍വ്വചനമാണ് ഈ പ്രബോധനം. ആന്തരിക ജീവിതസമര്‍പ്പണത്തിന്‍റെ സിദ്ധിയെക്കുറിച്ചുള്ള അവബോധനം ഇന്നത്തെ ലോകത്തിന് നല്കുന്നതോടൊപ്പം, ധ്യാനാത്മകജീവിതം നയിക്കുന്ന സന്ന്യാസിനീ സമൂങ്ങള്‍ക്കുള്ള നവീകരണത്തിനുള്ള മാര്‍ഗ്ഗരേഖയുമാണ് ഈ പ്രബോധനം. ഏകാന്തതയും മൗനവും പാലിച്ചുകൊണ്ട് നിരന്തരമായ പ്രാര്‍ത്ഥനയും പരിത്യാഗവുംവഴി ദൈവത്തോടു മാത്രം സമ്പര്‍ക്കം പലര്‍ത്തുന്ന  നിഗുഢമായ ഈ ജീവിതാന്തസ്സിന്‍റെ പ്രസക്തിയും പ്രാധാന്യവും ദൈവശാസ്ത്രപരമായി, എന്നാല്‍ നവമായി പുനര്‍വ്യാഖ്യാനംചെയ്തുകൊണ്ടാണ് ഈ പ്രമാണരേഖയിലൂടെ ധാന്യാത്മജീവിതത്തിന്‍റെ ഉള്‍ക്കാമ്പു പാപ്പാ ഫ്രാന്‍സിസ് ലോകത്തിന് ചൂണ്ടിക്കാണിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് കര്‍ബാലോ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ധ്യാനാത്മക ജീവിതത്തിലെ സന്ന്യാസിനിമാര്‍ ദൈവത്തിന് നിരന്തരമായി വിശിഷ്ടമായ സ്തോത്രബലിയര്‍പ്പിക്കുകയാണ് (റോമ.12, 4). അവരുടെ പ്രാര്‍ത്ഥനനിറഞ്ഞ ധ്യാനാത്മക സമര്‍പ്പണത്തിന്‍റെ ഫലങ്ങള്‍ അദൃശ്യമെങ്കിലും സമ്പന്നമായ അവരുടെ പ്രേഷിതത്വത്താല്‍ അവര്‍ ദൈവജനത്തെ പിന്‍തുണയ്ക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. സഭയിലെ നവീകരണത്തിന്‍റെ മാനദണ്ഡങ്ങള്‍ സമര്‍പ്പണത്തിന്‍റെ ഈ ജീവിതമേഖലയെ സ്പര്‍ശിക്കുമ്പോഴും, ലോകത്തില്‍നിന്നുള്ള അകല്‍ച്ചയും ധ്യാനജീവിതത്തിന് അനുഗുണമായിട്ടുള്ള അനുഷ്ഠാനക്രമങ്ങളും അഭംഗുരം തുടരേണ്ടതാണെന്ന് പാപ്പാ ഫ്രാന്‍സിസ് രേഖയിലൂടെ ഉദ്ബോധിപ്പിക്കുന്നു.

 








All the contents on this site are copyrighted ©.