2016-07-19 11:46:00

നീസ് ദുരന്തത്തില്‍ പാപ്പായുടെ സാന്ത്വനവചസ്സുകള്‍ ലെഫോണിലൂടെ


     അനേകരുടെ ജീവനപഹരിക്കപ്പെട്ട ദുരന്തത്തില്‍ കേഴുന്ന ഫ്രാന്‍സിലെ നീസ് പട്ട​ണത്തിന് പാപ്പാ ടെലെഫോണിലൂ‌ടെ സാന്ത്വനം പകര്‍ന്നു.

     ഫ്രാന്‍സ് ഒരു മിനിറ്റ് മൗനമാചരിച്ച തിങ്കളാഴ്ചയാണ് (18/07/16), നീസ് നഗരാധിപനായ ക്രിസ്റ്റ്യന്‍ എസ്ത്രോസിയെയും ഇറ്റലി-ഫ്രാന്‍സ് സൗഹൃദസമിതിയുടെ അദ്ധ്യക്ഷന്‍ പൊവൊളൊ ചേലിയെയും ടെലെഫോണില്‍ വിളിച്ച്, ഫ്രാന്‍സീസ് പാപ്പാ, ഇക്കഴിഞ്ഞ പതിനാലാം തിയതി രാത്രി നീസ് പട്ടണത്തില്‍ 80ലേറെപേരുടെ ജീവന്‍ പൊലിയുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തംമൂലം വേദനിക്കുന്ന എല്ലാവരോടുമുള്ള തന്‍റെ ഐക്യദാര്‍ഢ്യവും സാമീപ്യവും അറിയിക്കുകയും പ്രാര്‍ത്ഥന ഉറപ്പുനല്കുകയും സമാശ്വാസം പകരുകയും ചെയ്തത്.

     ഫ്രാന്‍സിലെ സമയം ഉച്ചയ്ക്ക് 11.45 നായിരുന്നു മൗനാചരണം. നീസ് ഫ്രാന്‍സിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതിന്‍റെ ശതാബ്ദിസ്മാരകമണ്ഡപത്തിനു സമീപം അന്നാടിന്‍റെ പ്രധാനമന്ത്രി മനുവേല്‍ വാല്‍സും നഗരാധിപന്‍ ക്രിസ്റ്റ്യന്‍ എസ്ത്രോസും ഇതര പൗരാധികാരികളും ഇറ്റലി-ഫ്രാന്‍സ് സൗഹൃദസമിതിയുടെ അദ്ധ്യക്ഷന്‍ പൊവൊളൊ ചേലിയും ഉള്‍പ്പടെ 15000 ത്തിലേറെപ്പേര്‍ ഈ മൗനാചരണത്തില്‍ പങ്കുചേര്‍ന്നു.

     പാപ്പായുടെ ടെലെഫോണ്‍ വിളി അപ്രതീക്ഷിതമായിരുന്നുവെന്ന്  പൊവൊളൊ ചേലി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച ഒരഭിമുഖത്തില്‍ പറഞ്ഞു. ഈ ദുരന്തത്തിനിരകളായവരുടെ കുടുംബാംഗങ്ങളുമായി റോമില്‍ വച്ച് അനതിവിദൂരഭാവിയില്‍ ഒരു കൂടിക്കാഴ്ച നടത്തുന്നതിനെക്കുറിച്ച് ഫ്രാന്‍സീസ് പാപ്പാ ടെലെഫോണ്‍ സംഭാഷണമദ്ധ്യേ പരാമര്‍ശിച്ചുവെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

       ഫ്രാന്‍സിന്‍റെ ദേശീയോത്സവമായ, ബാസ്റ്റില്‍ ഡേ ആഘോഷത്തോടനുബന്ധിച്ചു നീസില്‍, വ്യാഴാഴ്ച (14/07/16) രാത്രി നടന്ന വെടിക്കെട്ടുകാണാനെത്തിയിരുന്നവരുടെ ഇടയിലേക്കു ഒരു ഭീകരപ്രവര്‍ത്തകന്‍ വലിയൊരു ട്രക്ക് ഇടിച്ചുകയറ്റിയതായിരുന്നു ദുരന്തകാരണം.








All the contents on this site are copyrighted ©.