2016-07-16 12:59:00

മനുഷ്യാവകശങ്ങളോടുള്ള ആദരവിന്‍റെ സംസ്കൃതി പരിപോഷിപ്പിക്കുക


       മാനവ ഔന്നത്യത്തോടും മനുഷ്യാവകാശങ്ങളോടുമുള്ള ആദരവ് പരിപോഷിപ്പിക്കപ്പെടണമെങ്കില്‍ അവയുടെ ഉത്ഭവവും അടിസ്ഥാനവും മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്ന് ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ.

     ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര ആസ്ഥാനമായ, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, ഈയിടെ മനുഷ്യാവകാശങ്ങളെ അധികരിച്ചുനടന്ന ചര്‍ച്ചായോഗത്തില്‍ സംസാരിക്കുകയായിരുന്നു.

     ഇന്നു ലോകത്തില്‍ മനുഷ്യാവകാശങ്ങളും മനുഷ്യാന്തസ്സും വിവിധരീതികളില്‍ ധ്വംസിക്കപ്പെടുന്നതിനെപ്പറ്റി സൂചിപ്പിച്ച ആര്‍ച്ച്ബിഷപ്പ് ഔത്സ യുദ്ധങ്ങളും സായുധ സംഘര്‍ഷങ്ങളും അ‌ടിമകളായി പണിയെടുപ്പിക്കുന്നതിനും, ലൈംഗിക ചൂഷണത്തിനും അവയവങ്ങളെടുക്കുന്നതിനുമായുള്ള മനുഷ്യക്കടത്തും, മതവര്‍ഗ്ഗ ന്യൂനപക്ഷങ്ങള്‍ പീഢിപ്പിക്കപ്പെടുന്നതും മറ്റും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.

     മാനവാന്തസ്സും മനുഷ്യാവകശങ്ങളും നിലനില്ക്കുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഒരു ധാര്‍മ്മിക നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

     ആഗോളതലത്തില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഐക്യരാഷ്ട്രസഭ, യുഎന്‍, വഹിക്കുന്ന അദ്വിതീയ പങ്കിനെക്കുറിച്ചു പരാമര്‍ശിച്ച ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ ഐക്യരാഷ്ട്രസഭയുടെ എഴുപതാം വാര്‍ഷികത്തിന്‍റെയും യുഎന്‍ പുറപ്പെടുവിച്ച മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ അമ്പതാം വാര്‍ഷികത്തിന്‍റെയും പ്രാധാന്യം എടുത്തുകാട്ടി.

     മനുഷ്യാവകശങ്ങളോടുള്ള ആദരവിന്‍റെ സംസ്കൃതി പരിപോഷിപ്പിക്കുകയും സുദൃഢമാക്കുകയും വരും തലമുറകള്‍ക്ക് അത് പകര്‍ന്നു നല്കപ്പെടുന്നതിനുള്ള അവസ്ഥകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള പരിശ്രമങ്ങള്‍ തുടരേണ്ടതിന്‍റെ  ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.     








All the contents on this site are copyrighted ©.