2016-07-16 13:10:00

മതാന്തരസംവാദം :സഹജീവനത്തിനും സാമൂഹ്യ ഏകതാനതയ്ക്കും


     മനുഷ്യവ്യക്തിയുടെ ഔന്നത്യത്തില്‍ ഔത്സുക്യം പുലര്‍ത്തുന്നതായ സഹജീവനവും സാമൂഹ്യ ഏകതാനതയും സംജാതമാക്കുന്നതിന് മതാന്തരസംവാദം മര്‍മ്മപ്രധാനമാണെന്ന് ബിഷപ്പ് മിഖേല്‍ ആംഹേല്‍ അയൂസൊ ഗിസോത് (Miguel Ángel Ayuso Guixot).

     ഫ്രാന്‍സിന്‍റെ ദേശീയോത്സവമായ, ബാസ്റ്റില്‍ ഡേ ആഘോഷത്തോടനുബന്ധിച്ചു നീസില്‍, വ്യാഴാഴ്ച (14/07/16) രാത്രി നടന്ന വെടിക്കെട്ടുകാണാനെത്തിയിരുന്നവരുടെ ഇടിയലേക്കു ഒരു ഭീകരപ്രവര്‍ത്തകന്‍ വലിയൊരു ട്രക്ക് ഇടിച്ചുയറ്റി 80 ലേറെപ്പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ ഖേദം രേഖപ്പെടുത്തിക്കൊണ്ട് പരിശുദ്ധസിംഹാസനത്തിന്‍റെ  ദിനപ്പത്രമായ ലൊസ്സെര്‍വത്തോരെ റൊമൊനോയോടു സംസാരിക്കുകയാതിരുന്നു മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ കാര്യദര്‍ശിയും സ്പെയിന്‍ സ്വദേശിയുമായ അദ്ദേഹം.

     നരകുലത്തിനെതിരായ ഈ നിഷ്ഠൂരാക്രമണത്തിനിരകളായവര്‍ക്കായി ഈ പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ഫ്രഞ്ചുകാരനായ കര്‍ദ്ദിനാള്‍ ഷാന്‍ ലൂയി തൊറായുടെ നാമത്തില്‍ ബിഷപ്പ് മിഖേല്‍ ഗിസോത് പ്രാര്‍ത്ഥനകള്‍ ഉറപ്പു നല്കുകയും ഈ ആക്രമണത്തിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നരെ അനുശോചനമറിയിക്കുകയും   ചെയ്തു.

     ലോകത്തില്‍ ഒരിടത്തും ഭീകരാക്രമണങ്ങള്‍ ഉണ്ടാകാതിരിക്കേണ്ടതിനായി നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിക്കാന്‍ അദ്ദേഹം അന്താരാഷ്ട്രസമൂഹത്തോടും രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം പേറുന്നവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.








All the contents on this site are copyrighted ©.