2016-07-11 12:57:00

മാര്‍ ജെയിംസ് പഴയാറ്റില്‍ കാലം ചെയ്തു


     ഇരിങ്ങാലക്കു‌ട രൂപതുയടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ കാലം ചെയ്തു.

     83 വയസ്സു പ്രായമുണ്ടായിരുന്ന അദ്ദേഹത്തിന് ഞായറാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്.

     തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിരിക്കയായിരുന്ന മാര്‍ പഴയാറ്റലിന്‍റെ മരണകാരണം ആന്തരിക രക്തസ്രാവമായിരുന്നു.

     ജൂണ്‍ 30 ന് ചാലക്കുടിയിലെ സെന്‍റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ അവിടെനിന്നാണ്, വിദഗ്ധ ചികിത്സയ്ക്കായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്.

     1978 ലാണ് മാര്‍ ജെയിംസ് പഴയാറ്റില്‍ ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമമെത്രാനായി അധികാരമേറ്റത്. 32 വര്‍ഷം തല്‍സ്ഥാനത്തു തുടര്‍ന്ന അദ്ദേഹം 2010 ഏപ്രില്‍ മുതല്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

     പുത്തന്‍ ചിറയില്‍ 1934 ജൂലൈ 26ന്  ആയിരുന്നു  മാര്‍ ജെയിംസ് പഴയാറ്റിലിന്‍റെ ജനനം. തൃശൂര്‍ തോപ്പ് സെമിനാരി, ശ്രീലങ്കയിലെ കാന്‍ഡി പേപ്പല്‍ സെമിനാരി, പൂന പേപ്പല്‍ സെമിനാരി എന്നിവിടങ്ങളിലായി വൈദികപരിശീലനവും ഉപരിപഠനവും പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്‍റെ പൗരോഹിത്യ സ്വീകരണം 1961 ഒക്ടോബര്‍ മൂന്നിനും മെത്രാഭിഷേകം 1978  സെപ്റ്റംബര്‍ 10 നുമായിരുന്നു.

     ഭാരത് ജ്യോതി അവാര്‍ഡ്, രാഷ്ട്രീയരത്ന അവാര്‍ഡ്, രാഷ്ട്രീയ ഗൗരവ് അവാര്‍ഡ്, ഭക്തശ്രേഷ്ഠഅവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

     മൃതസംസ്ക്കാര ശുശ്രൂഷകള്‍ ബുധനാഴ്ച (13/07/16) ഉച്ചതിരിഞ്ഞ് 2 മണിക്ക് ഇരിങ്ങാലക്കുട കത്തീദ്രല്‍ ദേവാലയത്തില്‍ നടക്കും.

 

 








All the contents on this site are copyrighted ©.