2016-07-09 20:06:00

സമരായനിലെ കാരുണ്യത്തിന്‍റെ മൂര്‍ത്തരൂപം


പുതിയനിയമ പണ്ഡിതനും കാരുണികന്‍ മാസികയുടെ പതാധിപരുമായ ഡോക്ടര്‍ ജേക്കബ് നാലുപറയച്ചന്‍റെ സുവിശേഷ വിചിന്തനം :

ഇന്നത്തെ സുവിശേഷത്തില്‍ ഈശോയോട് വേദപണ്ഡിതന്‍ ചോദിക്കുന്ന ഏതു മതത്തിലെയും ഏറെ പ്രധാനപ്പെട്ടൊരു ചോദ്യമാണിത്. നിത്യജീവന്‍ പ്രാപിക്കാന്‍ എന്തുചെയ്യണം? നിത്യമായ ജീവിതത്തിലേയ്ക്കു കടക്കാന്‍, മരണത്തിന് അപ്പുറത്തേയ്ക്കു ചിന്തിക്കാന്‍, മരിച്ചാലും ജീവിക്കാന്‍ എന്തുചെയ്യണം?. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദൈവരാജ്യത്തിലും സ്വര്‍ഗ്ഗരാജ്യത്തിലും എത്തിച്ചേരാന്‍ എന്തുചെയ്യണം? മര്‍മ്മപ്രധാനമായ ചോദ്യമാണിത്. ഈ ചോദ്യത്തിന് ഈശോ നല്കുന്ന മറുപടി എന്താണ്? മറുപടിയി വരുന്നത്, പ്രമാണങ്ങള്‍ അനുസരിക്കുക, സ്നേഹിക്കുക. സഹോദരരെയും ദൈവത്തയും സ്നേഹിക്കുകയെന്നാണ് പ്രമാണങ്ങളുടെ ചുരുക്കം.

ദൈവപ്രമാണങ്ങളുടെ അനുസരണത്തില്‍ ഏതു മതത്തിലും സംഭവിക്കാവുന്ന അടിസ്ഥാനപരമായ അബദ്ധമുണ്ട്. പ്രമാണങ്ങളുടെ അനുസരണം, അഥവാ ദൈവേഷ്ടം നിര്‍വ്വഹിക്കല്‍ എന്നു പറയുന്നത്, മതത്തിന്‍റെ ചട്ടക്കൂട്ടിലും ആചാരവട്ടങ്ങളിലും ഒതുങ്ങിനിന്നു പോകുന്ന വ്യവസ്ഥാപിതവും പരമ്പരാഗതവുമായ അബദ്ധം. ഇത് തിരുത്തുന്നതാണ് ഈശോയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. പ്രമാണങ്ങള്‍ അനുസരിക്കുക എന്നു പറയുമ്പോള്‍ അതിനു വ്യാഖ്യാനമായിട്ടു ക്രിസ്തു പറയുന്നത് ഒരു ഉപമയാണ്. നല്ല സമരിയക്കാരന്‍റെ ഉപമ! ഈ ഉപമയുടെ മര്‍മ്മമെന്നു പറയുന്നത്, നിത്യജീവന്‍ പ്രാപിക്കാന്‍ എന്തു ചെയ്യണം, ചോദ്യമാണ്. പ്രമാണം അനുസരിക്കണം. പ്രമാണം അനുസരിക്കാന്‍ എന്തുചെയ്യണം? പിന്നെ സമറിയക്കാരന്‍റെ കഥയാണ് മറുപടി പറയുന്നത്?

കഥയില്‍ ആദ്യം വരുന്ന രണ്ടുവ്യക്തികള്‍ - പുരോഹിതനും ലേവായനും, അവര്‍ മതകര്‍മ്മങ്ങള്‍ക്ക് ഒന്നാം സ്ഥാനംകൊടുത്തവരാണ്. മതപരമായ അനുഷ്ഠാനങ്ങള്‍ക്ക് ഒന്നാം സ്ഥാനം കൊടുത്തവരാണ്. മറ്റെന്തിനെക്കാളും പ്രാധാന്യം അതിനു കൊടുത്തു. അതുകൊണ്ട് എന്തു സംഭവിച്ചു? അതുകൊണ്ട് വഴിയില്‍ക്കിടന്ന മുറിവേറ്റവനെ കാണാനും, അവനുവേണ്ടി സമയം ചെലവഴിക്കാനും, അവനുവേണ്ടി സ്വന്തമായിട്ടുള്ളത് പങ്കുവയ്ക്കുവാനും അവര്‍ സന്നദ്ധരായില്ല! അതിന് സമയവും സൗകര്യവും അവര്‍ക്കില്ലായിരുന്നു.

അതു മാറ്റിവയ്ക്കുന്നു. കാരണം അവര്‍ക്ക് അതിലും വലുതായിരുന്നു അവിടെ ജരൂസലേമിലെത്തി ചെയ്യേണ്ട പൗരോഹിത്യ ശുശ്രൂഷ.  അതുപോലെ ലേവ്യന്‍റെയും ദേവാലയ ശുശ്രൂഷയുടെ കാര്യവും. രണ്ടുപേരും മതാനുഷ്ഠാനത്തിന് ഒന്നാം സ്ഥാനം കൊടുത്തതുകൊണ്ടു പറ്റിയ അബദ്ധം, മുറിപ്പെട്ടു വഴിയില്‍ കിടക്കുന്ന മനുഷ്യനെ കണ്ടില്ലെന്നു നടിച്ച് കടന്നുപോയി, കടന്നുപോകേണ്ടി വന്നു. അവര്‍ നിസംഗരായി വഴിമാറി കടന്നുപോയി. അവര്‍ക്ക് പറ്റിയ അബദ്ധം ഇതുതന്നെ നിസംഗമായ ഒഴിഞ്ഞുപോക്ക്. മതാനുഷ്ഠാനമോ, സമറിയക്കാരന്‍ ചെയ്ത മനുഷ്യത്വത്തിന്‍റെ പ്രവൃത്തിയോ? ഏതാണ് പ്രധാനം? ആ വഴി വന്ന സമറിയക്കാരന്‍ വഴിയില്‍ മുറിപ്പെട്ടു കിടക്കുന്നവനെ കണ്ടു. ഓടി അവന്‍റെ അടുത്തെത്തി, പരിചരിച്ചു. അവനെ തോളിലേറ്റി, പിന്നെ കുതിരപ്പുറത്തിരുത്തി... സത്രത്തില്‍ കൊണ്ടാക്കി. ഈശോ കഥയില്‍ പറയുന്നത്. അവന് അനുകമ്പ തോന്നി, എന്നാണ്. ഈ അനുകമ്പയാണോ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അതോ മതപരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിലാണോ? ഇവിടെയാണ് ക്രിസ്തു കൊണ്ടുവരുന്ന മര്‍മ്മ പ്രധാനമായ തിരുത്തല്‍! ഇന്നും ക്രിസ്തുമതത്തിന് പറ്റിക്കൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ഏതു മതത്തിനും പറ്റാവുന്ന അബദ്ധമാണിത്. അന്ന് യഹൂദമതത്തിനു പറ്റിയ അബദ്ധം, ഇന്ന് ക്രൈസ്തവ മതത്തിനും, കത്തോലിക്കര്‍ക്കും പറ്റാവുന്നതും, പറ്റിക്കൊണ്ടിരിക്കുന്നതുമായ അബദ്ധമാണ്. മറ്റു ഏതു മതസ്ഥര്‍ക്കും പറ്റാവുന്ന അബദ്ധവും ഇതുതന്നെ!

ഏതാണ് പ്രധാനപ്പെട്ടത്. മതപരമായ അനുഷ്ഠാനങ്ങളാണോ...? അതോ കാരുണ്യമോ? അതോ മുറിവേറ്റവരോടും വേദനിക്കുന്നവരോടും, സങ്കടപ്പെടുന്നവരോടും പ്രകടമാക്കുന്ന കാരുണ്യമോ? ദരിദ്രനായിരിക്കുന്നവരോടും കാണിക്കുന്ന അനുകമ്പ. പ്രതിബദ്ധത. ഏതാണു പ്രധാനപ്പെട്ടത് ഈശോ പറയുന്നു, സമറിയക്കാരന്‍ കാണിച്ച അനുകമ്പ, അതാണ് പ്രമാണം, അതാണിവിടെ പ്രാധാന്യം! ഇതാണ് നിത്യജീവനിലേയ്ക്കു കടക്കാനുള്ള മാര്‍ഗ്ഗം വഴി. അതാണ് ജീവനില്‍ സമൃദ്ധമായിട്ട് വരുവാനുള്ള വഴി.

നല്ലൊരു ഉദാഹരണം പറയാം. തൊട്ടടുത്ത കാലത്ത് സംഭവിച്ചതാണ്. കേരളത്തിലെ ഒരു ദൈവശാസ്ത്രജ്ഞന്‍. കേരളത്തിലെ സന്ന്യാസ നേതൃത്വത്തോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. വിഷയം കാരുണ്യമാണ്. കാരുണ്യവര്‍ഷം! അദ്ദേഹം അവരോട് സംസാരിക്കുന്നത്, ഈ കാരുണ്യവര്‍ഷത്തില്‍ എന്തുചെയ്യണം എന്നാണ്. അദ്ദേഹം പറഞ്ഞു - കാരുണ്യം, കാരുണ്യം, കാരുണ്യം എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ പലതും വരും. എന്നിട്ട് അദ്ദേഹം ഉദാഹരണ സഹിതം വിശദീകരിച്ചു. ഒരു അദ്ധ്യാപകനെ സംബന്ധിച്ച് ഒരു കാരുണ്യത്തിന്‍റെ പ്രവൃത്തി എന്താണ്? നന്നായിട്ട് പഠിപ്പിക്കുക! ഒരു ഡോക്ടറെ സംബന്ധിച്ചോ...? നന്നായിട്ട് വൈദ്യശുശ്രൂഷ ചെയ്യുക. അങ്ങനെയെങ്കില്‍ ഒരു സന്ന്യാസിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ പ്രധാനപ്പെട്ട കാരുണ്യപ്രവൃത്തി എന്താണ്? അദ്ദേഹം വ്യാഖ്യാനിച്ചു. ക്രിസ്തുവിനെ കൊടുക്കുക!

ക്രിസ്തുവിന്‍റെ ചൈതന്യം ജീവിതത്തിലൂടെ പകര്‍ന്നുനല്കുക. ഉടനെ തന്നെ അദ്ദേഹം വേദവചനം ഉദ്ധരിച്ചു. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍നിന്നും 3-ാം അദ്ധ്യായം 14-ാം വാക്യം. തന്നോടു കൂടെയായിരിക്കാനും, സുവിശേഷം പ്രഘോഷിക്കുവാനായി അയക്കപ്പെടുന്നതിനും, തിന്മയുടെ ശക്തികളെ ബഹിഷ്ക്കരിക്കുവാനും അധികാരം നല്കപ്പെടുന്നതിനുമായി അവിടുന്ന് 12 പേരെ തിരഞ്ഞെടുത്തു.

ക്രിസ്തു ശിഷ്യരെ വിളിക്കുന്നതിന്‍റെ ലക്ഷ്യത്തെ ബന്ധപ്പെടുത്തികൊണ്ട് അദ്ദേഹം പറഞ്ഞു. ക്രിസ്തുവിനെ ദൃശ്യമാക്കുക. ക്രിസ്തുവിനെ പ്രഘോഷിക്കുക. സന്ന്യാസിയുടെ ഒന്നാമത്തെ ധര്‍മ്മമിതാണ്. ഈ ധര്‍മ്മം ചെയ്യുമ്പോള്‍ മാത്രമേ കാരുണ്യമാകുന്നുള്ളൂ. ശരിയല്ലേ? ശരിയാണ്! കേട്ടവരെല്ലാം വിശ്വസിക്കും. എന്നിട്ട്, അദ്ദേഹം അടുത്ത പടി കടക്കുന്നത്, ക്രിസ്തുവിനെ മറ്റുള്ളവര്‍ക്കു നല്കുന്നുണ്ടോ? ഇതാണ് സന്ന്യാസം എന്നാണ്. എന്നിട്ട് അവിടെ ഇരുന്നിരുന്ന അധികാരികളോടു പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ കീഴില്‍ ഉള്ളവരോട്, സിസ്റ്റേഴ്സ് ആണെങ്കിലും വൈദികരാണെങ്കിലും... അവര്‍ പഠിപ്പിക്കുന്നവരാണെങ്കിലും വൈദ്യശുശ്രൂഷ ചെയ്യുന്നവരാണെങ്കിലും കണ്ടുമുട്ടോമ്പോള്‍ അന്വേഷിക്കണം. ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞോ? ഇന്ന് ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞോ? അപ്പോള്‍ ക്രിസ്തുവിനെക്കുറിച്ചു പറയുക, ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നത്, ഏറ്റവും വലിയ കാരുണ്യപ്രവൃത്തിയായിട്ട് അദ്ദേഹം പറയുന്നു. അടിവരയിട്ടു പറഞ്ഞു. അങ്ങനെ പറഞ്ഞു, പറഞ്ഞ് മുന്നോട്ടു പോയിട്ട് അദ്ദേഹം പറഞ്ഞുവച്ചത്, സന്ന്യാസികളുടെ റിസോഴ്സ് (Resource), സാദ്ധ്യതകളെക്കുറിച്ചാണ്,  ഉപായസാദ്ധ്യതകളെക്കുറിച്ചാണ്. അത് മാനുഷികമായ സാദ്ധ്യതകള്‍ ആകാം, അല്ലെങ്കില്‍ സമ്പത്തിന്‍റെ ഉപായസാദ്ധ്യതകള്‍ ആകാം. അത് പ്രധാനമായിട്ടും മാറ്റിവയ്ക്കേണ്ടത്, ക്രിസ്തുവിനെ പ്രഘോക്കുന്നതിനുവേണ്ടിയിട്ടാണ്. അത് പ്രഘോഷണത്തിന്‍റെ മാധ്യമങ്ങള്‍ ശക്തിപ്പെടുത്താനാണ്. പറഞ്ഞു പോകുന്നത്, ധ്യാനവും പ്രഘോഷണവും, ആള്‍ സമ്പത്തും പണസമ്പത്തും കൊടുക്കണം എന്നു പറഞ്ഞു സൂചിപ്പിച്ചുകൊണ്ടാണ്.

ഇവിടെ ശ്രദ്ധിക്കേണ്ടൊരു കാര്യം, ഇവിടെയെവിടയോ ഇദ്ദേഹം ക്രിസ്തുവിനെ ചുവടേ മറിക്കുന്നു. കട പിഴുതെറിയുന്നു. ക്രിസ്തു എന്താണ് കാരുണ്യത്തെക്കുറിച്ചു പറഞ്ഞത്. ക്രിസ്തുവെന്താണ് തന്‍റെ ശിഷ്യരെക്കുറിച്ചു പറഞ്ഞത്. പറഞ്ഞതിതാണ്. മത്തായുടെ സുവിശേഷത്തില്‍ 25-ാം അദ്ധ്യായത്തില്‍ പറയുന്നു. എനിക്കു വിശന്നു, എനിക്കു ദാഹിച്ചൂ, നഗ്നനായിരുന്നു, പരദേശിയായിരുന്നു. രോഗിയായിരുന്നു, കാരാഗൃഹത്തിലായിരുന്നു. ഈ രോഗിക്കും കാരാഗൃഹ വാസിക്കുമൊക്കെ ചെയ്തതാണ്. നിത്യജീവന്‍റെ വഴി. മനുഷ്യപുത്രന്‍റെ വലതു ഭാഗത്തായിരിക്കുവാനുള്ള മാര്‍ഗ്ഗം പരസ്നേഹ പ്രവൃത്തികളാണ്. എന്നു പറഞ്ഞാല്‍ എളിയവനോടു കാണിക്കുന്ന കരുണയും പങ്കുവയ്ക്കലുമാണ്. ജീവിതത്തിലെ കാരുണ്യപ്രവൃത്തികള്‍...! ദൈവശാസ്ത്ര പണ്ഡതന്‍ പറഞ്ഞുവച്ചത് രണ്ടുതരം സുവിശേഷ പദ്ധതികളാണ് - പ്രത്യക്ഷവും പരോക്ഷവുമായ സുവിശേഷവത്ക്കരണ രീതികളാണ് - Direct and Indirect evangelization! പ്രത്യക്ഷമായ സുവിശേഷവത്ക്കരണമായി അദ്ദേഹം പ്രഘോഷണത്തെയും, പ്രസംഗത്തെയും, പിന്നെ പരോക്ഷമായ സുവിശേഷവത്ക്കരണമായി കാരുണ്യപ്രവൃത്തികളെയും കൊണ്ടുവെച്ചിട്ടു പറഞ്ഞു, പ്രത്യക്ഷമാണ് ഒന്നാം സ്ഥാനത്ത്. ഇവിടെയാണ് അദ്ദേഹം ക്രിസ്തുവിനെ അട്ടിമറിച്ചത്.

അട്ടമറിയെന്നു പറയാന്‍ കാരണം, ഇത് ക്രിസ്തു പറയുന്നതിന് വിരുദ്ധമാണ്. ക്രിസ്തു പറയുന്നത്, പ്രവൃത്തിയിലൂടെയുള്ള സാക്ഷ്യമാണ്. അതിനാല്‍ കാരുണ്യ പ്രവൃത്തികളിലൂടെയുള്ള പ്രഘോഷണമാണ് ഒരുവരെ നിത്യജീവന്‍ പ്രാപിക്കാന്‍ സഹായിക്കുന്നത്.

സുവിശേഷത്തില്‍ ക്രിസ്തു തിരുത്തുന്ന തെറ്റ്, ഏതു മതത്തിലും എന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റാണ്. അതായത് മതപരമായ ആചാരങ്ങള്‍, പ്രഘോഷണങ്ങള്‍, അചാരനുഷ്ഠാനങ്ങള്‍ക്ക് ഒന്നാം സ്ഥാനംകൊടുക്കുകയും, അത് മാത്രം നിത്യജീവനുള്ള വഴിയായിട്ട് കരുതുന്ന സാമ്പ്രദായിക മതത്തിന്‍റെ രീതി അബദ്ധമാണ്. ഇതു തന്നെയാണ് ദൈവശാസ്ത്രജ്ഞന്‍ വളരെ ബോധ്യത്തോടുകൂടി ആയിരിക്കണം പറഞ്ഞത്. എന്നാല്‍ ക്രിസ്തു തിരുത്തുന്നു. അല്ല... നിന്‍റെ സാമൂഹ്യ ജീവിതത്തിലും മതപരമായ ജീവിതത്തിലും ഒന്നാമതായി നില്ക്കേണ്ടത് – അനുകമ്പ കാണിക്കുക, ചെറിയവനോടും ആവശ്യത്തിലായിരിക്കുന്നവനോടും, മുറിവേറ്റവനോടും ഇല്ലാത്തവനോടും അനുകമ്പ കാട്ടുക എന്നതാണ്. എന്നിട്ടോ? ഉള്ളത് പങ്കുവയ്ക്കുവാനും തയ്യാറാവുക!

കഥ അവസാനിക്കുമ്പോള്‍, ക്രിസ്തു ചോദിക്കുന്നു. ആരാണു നിന്‍റെ അയല്‍ക്കാരന്‍? കരുണ കാണിച്ചവന്‍ ലൂക്കാ 10-ാം അദ്ധ്യായത്തിലെ 37-ാമത്തെ വചനമാണ്. കരുണകാണിച്ചവന്‍, പ്രവൃത്തിയിലൂടെ കരുണകാണിച്ചവന്‍! നിത്യജീവനുള്ള വഴിയായിട്ട് ക്രിസ്തു പറയുന്നത് ഇതാണ്. അവിടുന്നു പഠിപ്പിക്കുന്നത് ഈ മാര്‍ഗ്ഗമാണ്.

ഇതിനെക്കുറിച്ച് വ്യവച്ഛേദിച്ചറിയാന്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയെക്കുറിച്ചു പറയുന്നൊരു കഥയുണ്ട്. ബ്രദര്‍ ലിയോയുമായി അതിരാവിലെ പുണ്യവാന്‍ ഇറങ്ങി പുറപ്പെട്ടു. അവര്‍ അസ്സീസി പട്ടണത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ ചുറ്റിക്കറങ്ങി, കറങ്ങിത്തിരിഞ്ഞ് വൈകുന്നേരം ക്ഷീണിതരായി ആശ്രമത്തില്‍ തിരിച്ചെത്തി. അപ്പോള്‍ ലിയോ ബ്രദര്‍ ചോദിച്ചു. പിതാവേ, നമ്മള്‍ ഇത്രയും നേരമായിട്ട് സുവിശേഷമൊന്നും പ്രസംഗിച്ചില്ലല്ലോ? അപ്പോള്‍ വിശുദ്ധ ഫ്രാന്‍സിസ് പറയുന്നൊരു മറുപടിയുണ്ട്. നമ്മള്‍ സുവിശേഷം പ്രസംഗിക്കണം. അത് ക്രിസ്തു ഏല്‍പിച്ചിരിക്കുന്നൊരു ദൗത്യമാണ്. അത്യാവശ്യമുള്ളപ്പോള്‍ മാത്രം വായ തുറന്നാല്‍ മതി! അത്യാവശ്യമുള്ളപ്പോള്‍ സംസാരിച്ചാല്‍ മതി! സിദ്ധന്‍ പറയുന്നത്, ജീവിതംകൊണ്ട്, കര്‍മ്മംകൊണ്ട്, കാരുണ്യപ്രവൃത്തികൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുക! സ്വര്‍ഗ്ഗ്യരാജ്യം പ്രാപിക്കാനുള്ള മാര്‍ഗ്ഗമിതാണ് – കാരുണ്യപ്രവൃത്തികള്‍, സദ്പ്രവൃത്തികള്‍!!

അനുകമ്പ കാണിച്ചവന്‍, കരുണ കാണിച്ചവനാണ് നിത്യജീവനിലേയ്ക്ക് കടക്കാന്‍ പോകുന്നത്. ക്രിസ്തു നല്കുന്ന ഈ പാഠം സ്വീകരിക്കുന്നതിനുള്ള വെളിവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ഈശോയേ, അങ്ങാണല്ലോ! സമറിയക്കാരന്‍റെ ഉപമ പറഞ്ഞുകൊണ്ട് മതപരമായ കര്‍മ്മനിഷ്ഠാനങ്ങളെക്കാള്‍ കരുണയെയും അനുകമ്പയെയും ജീവിതവിശുദ്ധിയായും പുണ്യമായും എടുത്തുവച്ചവനും, അങ്ങനെ ജീവിതം കരുണകൊണ്ടു നിറയാനും, കാരുണ്യപ്രവൃത്തികള്‍ ചെയ്യുവാനും ഞങ്ങളോട് ആഹ്വാനംചെയ്തത്... നാഥാ.! ഇത് തിരിച്ചറിയുവാനുള്ള വലിയ വിവേകം അങ്ങ് ഞങ്ങള്‍ക്ക് തന്നരുളേണമേ! മതപരമായ കര്‍മ്മങ്ങളില്‍ മുങ്ങിപ്പോകാതിരിക്കാന്‍, അബദ്ധങ്ങളില്‍പ്പെടാതിരിക്കാന്‍ ഒന്നാം സ്ഥാനത്തേയ്ക്ക് അനുഷ്ഠാനങ്ങളെ എടുത്തുവയ്ക്കാതിരിക്കാന്‍, അതിനും ഉപരിയായിട്ട്, സ്നേഹത്തിന്‍റെയും കരുണയുടെയും പ്രവൃത്തികളെ ഒന്നാം സ്ഥാനത്ത് എടുത്തുവയ്ക്കുന്നതിനുള്ള വിവേകം, ക്രിസ്തീയമായ ബോധ്യവും അങ്ങേ മനസ്സിന്‍റെ അനുകമ്പയും ഞങ്ങള്‍ക്ക് തന്നരുളേണമേ... ആമേന്‍!








All the contents on this site are copyrighted ©.