2016-07-05 18:26:00

കടല്‍ദിനം : കടല്‍പ്പരപ്പില്‍ വിരിയേണ്ട കാരുണ്യം


പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തിലാണ് അനുവര്‍ഷം സഭ കടല്‍ദിനം ആചരിക്കുന്നത്.  ജൂലൈ 10-ാം തിയതിയാണ് ഈ വര്‍ഷം കടല്‍ദിനമായി ഇടവകകളിലും സ്ഥാപനങ്ങളിലും ആചരിക്കേണ്ടത്.

കടലിലും കായലിലും ജോലിചെയ്യുകയും യാത്രചെയ്യുകയും ചെയ്യുന്ന മാനവികയുടെ തിക്കും തിരുക്കുമുള്ള സഞ്ചാരവേദിയാണ് കടലെന്ന് അനുസ്മരിപ്പിക്കുന്ന ദിനമാണ് സഭയുടെ കടല്‍ ദിനവും അതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന സന്ദേശവും.  തൊഴില്‍ പരമായും, വ്യവസായപരമായും യാത്രയ്ക്കായും കടലില്‍ ജോലിചെയ്യുന്നവര്‍ നിരവധിയാണ്. അവരുടെ ജീവിതമേഖലകളിലേയ്ക്കും, അദ്ധ്വാനത്തിന്‍റെ ക്ലേശകരമായ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും ശ്രദ്ധകേന്ദ്രീകരിക്കുവാനുള്ള സഭയുടെ ആഹ്വാനവും പരിശ്രമവുമാണ് ഈ ദിവസം.

കടലിലെയും കടലുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള തൊഴിലുകളുടെയും മാഹാത്മ്യവും അന്തസ്സും പാലിക്കേണ്ടതാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും അവരുടെ കുടുംബങ്ങളെയും നീതിനിഷ്ഠയോടെ പരിപാലിക്കുകയും, പരിചരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

കുടുംബങ്ങളില്‍നിന്ന് അകന്നും, ജീവന്‍ പണയംവച്ചും, കടലിനോടു മല്ലടിച്ച് അദ്ധ്വാനിക്കുകയും, ജീവനോപായം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരെക്കുറിച്ച് അജപാലന മേഖലയിലുള്ളവര്‍ ബദ്ധശ്രദ്ധരായിരിക്കണമെന്ന് കടല്‍ദിനത്തിലെ സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍ന്‍സിസ് ആഹ്വാനംചെയ്യുന്നുണ്ട്. കടലിന്‍റെ ക്ലേശകരമായ തൊഴില്‍ മേഖലയോട് പ്രത്യേകമായ പരിഗണനയും ശ്രദ്ധയും ഉണ്ടായിരിക്കുന്നത് കുരുണ്യത്തിന്‍റ ജുബിലിവത്സരത്തില്‍ ഏറെ പ്രസക്തമാണ്.

കടല്‍ ജീവനക്കാര്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്ന ചരിത്രത്തിന് കാലാന്തരത്തോളം പഴക്കുമുണ്ട്. അഭ്യാന്തരകലാപം, ഭീകരാക്രമണം, കാലാവസ്ഥവ്യതിയാനം എന്നിവ ഇന്ന് കാരണമാക്കുന്ന കടല്‍മാര്‍ഗ്ഗമുള്ള കുടിയേറ്റങ്ങളും അതുമായി ബന്ധപ്പെട്ട അനുദിനമെന്നോണമുള്ള ദുരന്തങ്ങളും എല്ലാത്തരം കടല്‍ജീവനക്കാര്‍ക്കും വെല്ലുവിളിയാണ്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ അവര്‍ ചെയ്യുന്ന ത്യാഗപൂര്‍ണ്ണമായ സേവനം വലുതാണ്. അനധികൃത കുടിയേറ്റങ്ങള്‍ രാഷ്ട്രങ്ങള്‍ നിയന്ത്രിച്ചുകൊണ്ടും, മനുഷ്യക്കടത്ത്, ചൂഷണം എന്നിങ്ങനെയുള്ള ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ രാഷ്ട്രങ്ങള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സന്ദേശം ഉപസംഹരിക്കുന്നത്.  

പ്രവാസികാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ അന്തോണിയോ മരിയ വേലിയോ, സെക്രട്ടറി ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് സഭയുടെ കടല്‍ദിന സന്ദേശം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

 








All the contents on this site are copyrighted ©.