2016-07-02 14:43:00

മുറിപ്പാടിലെ ക്രിസ്ത്വാനുഭവവും സഹോദരങ്ങളുടെ കാരുണ്യാശ്ലേഷവും


ദുക്റാന മഹോത്സവം - തോമാശ്ലീഹായുടെ തിരുനാളിലെ  സുവിശേഷ ചിന്തകള്‍ (ശബ്ദരേഖ)  വിശുദ്ധ യോഹന്നാന്‍  20, 19-31. 

1. ഭാരതത്തിന്‍റെ കതിരൊളി - തോമാസ്ലീഹാ

ക്രിസ്താബ്ധം 72-ാമാണ്ടില്‍ ക്രിസ്തുവിന്‍റെ 12 ശിഷ്യരില്‍ ഒരാളായ തോമാസ്ലീഹാ ഭാരതത്തില്‍  എത്തിച്ചേര്‍ന്നുവെന്നുള്ളത് തെളിവുകളുള്ള പാരമ്പര്യമാണ്. ചെന്നയില്‍ പഠിക്കുന്ന കാലത്ത് സാന്‍ തോമിലുള്ള സ്ലീഹായുടെ സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്,  5 കി.മി. പടിഞ്ഞാരേയ്ക്കു മാറി, സെന്‍റ് തോമസ് മലയില്‍  സിദ്ധന്‍  രക്ഷസാക്ഷിത്വംവരിച്ച ഗുഹയുണ്ട്. അവിടെ അദ്ദേഹം കൊത്തിയ കല്‍ക്കുരിശു വണങ്ങിയിട്ടുണ്ട്. എന്തിന് കേരളത്തിലെ ഏഴരപ്പള്ളികള്‍ - നിരണം പാലയൂര്‍,  നിലയ്ക്കല്‍, കോട്ടേക്കാവ്, കൊക്കമംഗലം കൊല്ലം മാല്യങ്കര..! സിദ്ധ്യന്‍റെ  സാന്നിദ്ധ്യ സാക്ഷ്യങ്ങളല്ലേ!  പേര്‍ഷ്യയിലും മേദെസിലും – പുരാതന അസ്സീറിയന്‍  കാല്‍ഡിയന്‍  സംസ്ക്കരങ്ങളിലും ശ്ലീഹ സുവിശേഷം പ്രസംഗിച്ചുവെന്നതും ചരിത്രമാണ്.

ക്രിസ്തുവിന്‍റെ  ശിഷ്യത്വം ഉള്‍ക്കൊണ്ടതോടൊപ്പംതന്നെ അവിടുത്തെ കരവേലയും അദ്ദേഹം കരസ്ഥമാക്കിയെന്നതും  പാരമ്പര്യം പറയുന്നു.  തച്ചനായിരുന്ന ക്രിസ്തുവിനെ അനുകരിച്ച് തോമശ്ലീഹ സുവിശേഷത്തോടൊപ്പം, ആ തൊഴിലും സ്വായത്തമാക്കിയത്രെ! അതുകൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ പള്ളികള്‍  പണിയാനും പണിയിക്കാനുമൊക്കെ അദ്ദേഹത്തിന് സാധിച്ചതെന്നുവേണം കരുതാന്‍. കൈയ്യില്‍ വേദപുസ്തകവും, രക്തസാക്ഷിത്വത്തിന്‍റെ അടയാളമായി  കുന്തവും, പിന്നെ ഒരു മട്ടവും കൈയ്യിലുള്ളത് ശ്രദ്ധേയമാണ്. തോമാശ്ലീഹായെ അപ്പസ്തോലനും സുവിശേഷപ്രഘോഷകനുമായി സഭ വണങ്ങുന്നതോടൊപ്പം, വാസ്തുശില്പികളുടെയും കെട്ടിട നിര്‍മ്മാതാക്കളുടെയും മദ്ധ്യസ്ഥനായും സഭ ആദരിക്കുന്നുണ്ട്!

2. സ്ഥിരപ്പെടുത്തേണ്ട വിശ്വാസബോദ്ധ്യങ്ങള്‍

സംശയക്കാരനായിട്ടാണ് അപ്പസ്തോലന്‍ തോമസിനെ സുവിശേഷം ചിത്രീകരിക്കുന്നത്. ക്രിസ്തു ഉത്ഥാനംചെയ്തുവെന്ന് ദൃക്സാക്ഷിയായ മഗ്ദലയിലെ മറിയം പറഞ്ഞപ്പോഴും, മറ്റു ശിഷ്യന്മാര്‍ അതേറ്റു പറഞ്ഞപ്പോഴും തേമാസ്ലീഹാ വിശ്വസിക്കുന്നില്ല. അവിടുത്തെ തിരുവിലാവു കാണാതെ, അത് സ്പര്‍ശിച്ച് സ്ഥിരപ്പെടുത്താതെ വിശ്വസിക്കുന്നില്ല. അവിടുത്തെ തിരുമുഖ ദര്‍ശനത്താല്‍  മാത്രമല്ല, തിരുവിലാവിന്‍റെ അടയാളത്താലും ക്രിസ്തു അറിയപ്പെടണമെന്നൊരു ശാഠ്യം അല്ലെങ്കില്‍  വീക്ഷണം തോമാസ്ലീഹാ പകര്‍ന്നുതരുന്നുണ്ട്. 

പ്രത്യാശ പകരുന്ന, അല്ലെങ്കില്‍ പ്രചോദനം പകരുന്ന മൂന്നു കാര്യങ്ങള്‍ തോമാസ്ലീയുടെ ജീവിതത്തില്‍നിന്നും ഉള്‍ക്കൊള്ളാവുന്നതാണ്. ആദ്യമായി,  നമ്മുടെ വിശ്വാസജീവിതത്തിന്‍റെ സംശയങ്ങളിലും അരിഷ്ടിതാവസ്ഥയിലും തോമസ്ലീഹാ സമാശ്വാസം പകരുന്നു. രണ്ടാമതായി, സംശയങ്ങള്‍ മെല്ലെ നിശ്ചയദാര്‍ഢ്യത്തിലേയ്ക്കും ആഴമായ വിശ്വാസത്തിലേയ്ക്കും നയിക്കപ്പെടുമെന്ന പ്രത്യാശ പകരുന്നു. മൂന്നാമതായി, പ്രതിസന്ധികളില്‍ പതറാതെ നില്ക്കുന്ന വിശ്വാസം പക്വമാര്‍ജ്ജിക്കുമെന്ന പ്രചോദനവും തോമാസ്ലീയുടെ വ്യക്തിത്വം പകര്‍ന്നു നല്കുന്നു. 

ഉത്ഥിതനെ നേരില്‍ക്കാണണം, അവിടുത്തെ തിരുവിലാവു കണ്ടറിയണം, എന്ന തോമാസ്ലീഹായുടെ തൊട്ടുവിശ്വാസത്തിന്‍റെ വെല്ലുവിളി ക്രിസ്തു സ്വീകരിച്ചതുപോലെ!?  അവിടുന്ന് തോമായ്ക്കു സമയം നല്‍കുന്നു, അവസരം നല്‍കുന്നു, വീണ്ടും വരുന്നു, ശ്ലീഹായ്ക്കു പ്രത്യക്ഷപ്പെടുന്നു! ദുര്‍ബലമായ വിശ്വാസത്തെ ബലപ്പെടുത്താന്‍ ക്രിസ്തു തന്‍റെ ശിഷ്യന്  സമയവും അവസരവും നല്കി. അതുപോലെ നമുക്കായും ക്രിസ്തു കാത്തിരിക്കുന്നുണ്ടെന്ന് ഈ തിരുനാളില്‍  പ്രത്യാശിക്കാം. മനുഷ്യന്‍റെ അവിശ്വസ്തതയെ കര്‍ത്താവ് തുണയ്ക്കുകയും നയിക്കുകയും ചെയ്യും. ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണത്തിലൂടെ ഉത്ഥാനത്തിന്‍റെ അത്ഭുത പ്രഘോഷണമല്ല,  മറിച്ച് അവിടുത്തെ ദൈവികതയുടെ മഹത്വമാണ് പ്രഘോഷിക്കപ്പെടേണ്ടത്. സംശയത്തില്‍നിന്നും വിശ്വാസ പ്രഘോഷണത്തിലേയ്ക്കു നീങ്ങിയ തോമാശ്ലീഹായുടെ ഉത്ഥിതനുമായുള്ള കൂടിക്കാഴ്ചയുടെ കഥ പറയുമ്പോള്‍  നമ്മുടെയും അനുദിനജീവിതത്തില്‍  ക്രിസ്തുമാര്‍ഗ്ഗം  ശ്ലീഹായിലൂടെ വെളിപ്പെട്ടു കിട്ടുകയാണ്. 

3. മുറിപ്പാടിലെ ക്രിസ്ത്വാനുഭവം

വിശ്വാസപരമായ ബലഹീനതയില്‍നിന്നും ഉണര്‍ന്ന് തോമാശ്ലീഹ  ക്രിസ്തുവിനോട് അടുക്കുന്നതും, ആത്മീയമായൊരു കൂടിക്കാഴ്ച സാധിതമാക്കുന്നതും അവിടുത്തെ മുറിപ്പാടുകള്‍  ദര്‍ശിച്ച്, അവയെ സ്പര്‍ശിക്കുന്നതോടെയാണ്. ഉത്ഥിതനിലെ മുറിപ്പാടുകളില്‍  ജീവിക്കുന്ന ദൈവത്തെ തോമാശ്ലീഹാ കണ്ടെത്തി. അതുപോലെ വിശക്കുന്നവരിലും രോഗികളിലും പാവങ്ങളിലും ബന്ധനത്തില്‍ കഴിയുന്നവരിലും, ക്രിസ്തുവിലെ സജീവനായ ദൈവത്തെ കണ്ടെത്താനാകണമെന്നാണ് തോമാശ്ലീഹ പഠിപ്പിക്കുന്നത്. അപ്പസ്തോല കൂട്ടായ്മയില്‍  ക്രിസ്തുവിനെ ദൈവമായി പ്രഘോഷിക്കുന്ന ആദ്യ വ്യക്തി തോമാശ്ലീഹയാണ്. ഗുരുവിന്‍റെ തിരുവിലാവു സ്പര്‍ശിച്ച തോമസ്ലീഹ, “എന്‍റെ  കര്‍ത്താവേ, എന്‍റെ ദൈവമേ!” എന്നാണ് ഉദ്ഘോഷിച്ചത്.

ജീവിക്കുന്ന ദൈവത്തെ തേടി ധ്യാനാത്മക ജീവിതപാത സ്വീകരിക്കാം.  അല്ലെങ്കില്‍ അറിവിന്‍റെ പാത തിരഞ്ഞെടുക്കാം. എന്നാല്‍ ഇവ മതിയോ? അവ ഭാഗികമല്ലേ?  ത്രിത്വത്തിലെ രണ്ടാമനായ ക്രിസ്തുവിനെക്കുറിച്ച് അറിവു നേടാന്‍ ധ്യാനാത്മക ജീവിതത്തിന്‍റെയും അറിവന്‍റെയും വഴികള്‍  സഹായകമായേക്കാം. എന്നാല്‍ ജീവിതത്തില്‍ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമാക്കുവാന്‍ അവിടുത്തെ തിരുമുറിവുകള്‍ പര്യാപ്തമാണെന്നാണ് തോമാശ്ലീഹായുടെ ജീവിതം പഠിപ്പിക്കുന്നത്. ദൈവത്തിനായുള്ള അന്വേഷണ പാതയില്‍  നിത്യതയുടെ മാനദണ്ഡം പരസ്നേഹമാണ്, കാരുണ്യപ്രവൃത്തികളാണ്.  വിധിദിനത്തില്‍  കര്‍ത്താവിന്‍റെ സന്നിധിയില്‍ നാം നിലക്കുമ്പോള്‍, നമ്മുടെ ചാരെ അവിടുന്നു മുറിപ്പാടുമായി നില്ക്കുമെന്നു വിശ്വസിക്കാം.  അതിനാല്‍  ക്രിസ്തുവിന്‍റെ മുറിപ്പാടുകള്‍ ചുറ്റുമുള്ള സഹോദരങ്ങളുടെ, വിശിഷ്യ എളിയവരുടെ വേദനകളിലും പ്രായസങ്ങളിലും കണ്ടെത്താം. വിശക്കുന്നവരിലും വേദനിക്കുന്നവരിലും, പരിത്യക്തരിലും പാവങ്ങളിലും കണ്ടെത്താം. അവരുടെ ക്ലേശങ്ങളില്‍ പങ്കുചേരാം. എന്നാല്‍ മാനുഷികതലത്തില്‍ മാത്രം അവരെ പരിചരിക്കുന്നത് സാമൂഹ്യസേവനമോ, മാനുഷ്യസേവനമോ മാത്രമായി മാറും. Just a philanthropic or social activity-യായി മാറും.

സഹോദരങ്ങളുടെ രോഗങ്ങളുടെയും പീഡനങ്ങളുടെയും, പരിത്യക്തതയുടെയും, ബന്ധനത്തിന്‍റെയും വാര്‍ദ്ധക്യത്തിന്‍റെയും, നഗ്നതയുടെയും, വിശപ്പിന്‍റെയും മുറിപ്പാടുകള്‍ കണ്ടെത്തി, അവയെ ക്രിസ്തുവിന്‍റെ  മുറിപ്പാടുകളായി തിരിച്ചറിഞ്ഞ് ആശ്ലേഷിച്ച് ചുംബിക്കുമ്പോള്‍, അവ ക്രിസ്ത്വാനുഭവമായി മാറും. ക്രിസ്തുവിന്‍റെ  മുറിപ്പാടു സ്പര്‍ശിച്ചു, ചുംബിച്ച തോമാശ്ലീഹയില്‍  ഉണ്ടായ മാറ്റം പോലെയാണ്, കുഷ്ഠരോഗിയെ ആശ്ലേഷിച്ച അസ്സീസിയിലെ ഫ്രാന്‍സിസ് എന്ന സിദ്ധന്‍റെ  ജീവിതത്തിലുണ്ടായത്. സഹോദരാശ്ലേഷം ക്രിസ്ത്വാനുഭവവും വിശ്വാസത്തിന്‍റെ ഗാഢമായ മുദ്രയും കാരുണ്യപ്രവൃത്തിയും സാക്ഷ്യവുമായി മാറുന്നു. അത് ജീവിത പരിവര്‍ത്തനവും മാനസാന്തരവുമായി പരിണമിക്കും.

4. കരുണാര്‍ദ്രമാകേണ്ട വിശ്വസചൈതന്യം

“ഉത്ഥിതനായ ക്രിസ്തുവില്‍  സജീവ ദൈവത്തിന്‍റെ  അനുഭവം ലഭിക്കാന്‍ നാം വലിയ ആത്മീയ നവീകരണ പരിപാടികള്‍ക്കൊന്നും  പോകണമെന്നില്ല. തെരുവിലേയ്ക്ക് ഇറങ്ങിയാല്‍ മതി!” ഇത് പാപ്പാ ഫ്രാന്‍സിസില്‍ വളരെ വിസ്തൃതമായ  കാരുണ്യദര്‍ശനമാണ്. എളിയവരില്‍ ക്രിസ്തുവിന്‍റെ  രൂപവും ഭാവവും, മുറിവുകളും കാണാം. അവിടെ ജീവിക്കുന്ന ദൈവത്തെ കാണ്ടെത്താം.

വരുന്ന സെപ്തംബര്‍ 4-ാം തിയതി, വാഴ്ത്തപ്പെട്ട മദര്‍ തേരേസയെ സഭ, പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തുകയാണ്. ‘പാവങ്ങളുടെ അമ്മ’യെന്നു വിളിച്ച് ലോകം ആദരിക്കുന്ന മദറിന്‍റെ ആത്മീയസദ്ധിയുടെ പിന്നിലെ ശക്തി. “എന്‍റെ എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്തതെല്ലാം എനിക്കായ് ചെയ്തിടുന്നൂ!” സുവിശേഷസൂക്തമാണ് (മത്തായി 25, 40). സഹോദരങ്ങളുടെ മുറിപ്പാടുകളില്‍ ക്രിസ്തുവിനെയും അവിടുത്തെ തിരുമുറിവുകളെയും അമ്മ കണ്ടെത്തുമായിരുന്നു. മദര്‍ തെരാസായുടെ വിശുദ്ധിയുടെ  പൊരുള്‍ ഇതാണ്!

അപരന്‍റെ  വേദന കാണാനുള്ള കണ്ണും, അതു കേള്‍ക്കുവാനുള്ള കാതും, അവരെ തുണയ്ക്കുവാനുള്ള കരങ്ങളുമാണ് കാരുണ്യം, അത് വിശ്വാസത്തിലുള്ള  കാരുണ്യ പ്രവൃത്തിയാണ്. യാക്കോശ്ലീഹായുടെ ലേഖനം സംഗ്രഹിച്ചാല്‍ (യാക്കോ. 2, 14-17), “പ്രവൃത്തിയില്ലാത്ത വിശ്വാസവും, കാരുണ്യമില്ലാത്ത പ്രവൃത്തികളും നിര്‍ജ്ജീവമാണ്” . ദൈവത്തിന്‍റെ കാരുണ്യം അനുഭവിച്ചിട്ടുള്ളവര്‍ക്കും  അതിനെക്കുറിച്ച് അവബോധമുള്ളവര്‍ക്കും  ഒരിക്കലും ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളോട് നിസംഗരായിരിക്കാനാവില്ല. കാരുണ്യത്തിന്‍റെ  ജൂബിലിവത്സരത്തില്‍  ഓര്‍ക്കണം, അപരനെ സഹായിക്കാതെയും ശുശ്രൂഷിക്കാതെയും ജീവിക്കുന്നതില്‍  എന്ത് അര്‍ത്ഥമാണുള്ളത്...?!  അര്‍ത്ഥമില്ല!

ദൈവമേ, കാരുണ്യത്തോടെ ജീവിച്ചുകൊണ്ടും, സഹോദരങ്ങളുടെ മുറിപ്പാടുകളില്‍ -  അവരുടെ യാതനകളിലും വേദനകളിലും...അങ്ങേ തിരുമുറിപ്പാടുകല്‍  കണ്ടെത്താന്‍  സഹായിക്കണമേ!  വിശ്വാസം ഏറ്റുപറഞ്ഞ് അങ്ങേ ഉത്ഥാനത്തിന്‍റെ സാക്ഷികളായി ജീവിക്കാന്‍, തോമാശ്ലീഹായുടെ പുണ്യപാതയില്‍ ഞങ്ങളെന്നും വിശ്വസ്തരായി ജീവിക്കാന്‍  സഹായിക്കണമേ!

 

 








All the contents on this site are copyrighted ©.