2016-06-29 20:01:00

ഈസ്താംബൂളില്‍ ഭീകരാക്രമണം : പാപ്പാ ഫ്രാന്‍സിസ് അപലപിച്ചു


തുര്‍ക്കിയുടെ സാംസ്ക്കാരിക നഗരമായ ഇസ്താംബൂളിലെ ഭീകരാക്രമണത്തെ പാപ്പാ ഫ്രാന്‍സിസ് അപലപിച്ചു.

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ ദിനമായ ബുധനാഴ്ച മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ പ്രത്യേക ത്രികാലപ്രാര്‍ത്ഥന ശുശ്രൂഷ നടത്തപ്പെട്ടും. പ്രഭാഷണാനന്തരം ജനങ്ങള്‍ക്കു നല്കിയ ആശംസകള്‍ക്ക് ആമുഖമായിട്ടാണ് ചൊവ്വാഴ്ച (ജൂണ്‍ 28-ന്) വൈകുന്നേരമുണ്ടായ തുര്‍ക്കിയിലെ ഭീകരസംഭവം പാപ്പാ ജനശ്രദ്ധയില്‍ കൊണ്ടുവന്നതും അപലപിച്ചതും.

അതിക്രമത്തിന് ഇരയായ വിവിധ ദേശക്കാരെയും, അവരുടെ കുടുംബങ്ങളെയും പ്രാര്‍ത്ഥനയോടെ പാപ്പാ അനുസ്മരിച്ചു. ത്രികാലപ്രാര്‍ത്ഥനയ്ക്ക് എത്തിയ വന്‍ജനാവലിക്കൊപ്പം ഒരുനിമിഷം മൗനമവലംബിച്ചു. അതിക്രമികളുടെ മാനസാന്തരത്തിനും, സമാധാനവഴികള്‍ക്കുമായി കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചുകൊണ്ട് നന്മനിറഞ്ഞ മറിയമേ... എന്ന പ്രാര്‍ത്ഥന എല്ലാവരും ചേര്‍ന്ന് ഉരുവിട്ടു.

തുര്‍ക്കി കേന്ദ്രീകരിച്ചുള്ള തുടര്‍ച്ചയായ ഭീകരാക്രമണങ്ങളി‍ല്‍ ഏറ്റവും അടുത്ത സംഭവമാണ് ജൂണ്‍ 28-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം ഇസ്താംബൂളിലെ അത്താതുര്‍ക്ക് രാജ്യാന്തര വിമാനത്താവളത്തില്‍ നടന്നത്. വിദേശികളായ ധാരാളം സന്ദര്‍ശകര്‍ എത്തുന്ന ഈസ്താംബൂള്‍ എയര്‍പ്പോര്‍ട്ടില്‍ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 41-പേര്‍ കൊല്ലപ്പെട്ടതായും 249-പേര്‍ മുറിപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

തുടര്‍ന്ന് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും വത്തിക്കാനില്‍ എത്തിയ തീര്‍ത്ഥാടകരെ, പ്രത്യേകിച്ച് ചൈന, ഉക്രെയില്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍നിന്നും എത്തിയവരെയും, അമേരിക്കയിലെ കത്തോലിക്കാ വിദ്യാലയങ്ങളില്‍നിന്നും കൂട്ടമായി എത്തിയിട്ടുള്ള കുട്ടികളെയും പാപ്പാ പ്രത്യേകമായി അഭിവാദ്യംചെയ്തു. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോട് അനുബന്ധിച്ച് റോമില്‍ സജ്ജമാക്കപ്പെടുന്ന മനോഹരമായ പൂക്കളങ്ങള്‍ക്കും, മധ്യപൂര്‍വ്വദേശത്തെ അഭയാര്‍ത്ഥികളുടെ ധനശേഖരാര്‍ത്ഥം റോമാനഗരമദ്ധ്യത്തിലെ ജനങ്ങളുടെ ചത്വരത്തില്‍ (Piazza del Populi) നടത്തപ്പെടുന്ന വര്‍ണ്ണക്കാഴ്ചയ്ക്കും പാപ്പാ നന്ദിപറഞ്ഞു. തിരുനാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന്  ജനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്. കരങ്ങള്‍ ഉയര്‍ത്തി ആശീര്‍വദിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് ജാലകത്തില്‍നിന്നും പിന്‍വാങ്ങി.








All the contents on this site are copyrighted ©.