2016-06-28 19:16:00

മുന്‍പാപ്പാ ബനഡിക്ടിന്‍റെ പൗരോഹിത്യസമര്‍പ്പണം അറുപത്തിയഞ്ചാം വാര്‍ഷികം


ജൂണ്‍ 28-ാം തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളില്‍ മുന്‍പാപ്പാ ബനഡിക്ടിന്‍റെ പൗരോഹിത്യവാര്‍ഷികം അനുസ്മരിച്ചു. അനുമോദനങ്ങള്‍ അര്‍പ്പിച്ചു. കര്‍ദ്ദിനാള്‍ സംഘത്തിന്‍റെയും മറ്റു ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെയും സാന്നിദ്ധ്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുമോദന പ്രഭാഷണം  നടത്തി. പരിഭാഷ താഴെ ചേര്‍ക്കുന്നു. കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോയും കര്‍ദ്ദിനാള്‍ മ്യൂളരും അനുഗ്രഹ പ്രഭാഷണം നടത്തി. ബനഡിക്ട് 16-ാമന്‍ പാപ്പാ  നന്ദിയര്‍പ്പിച്ചു.

1951 ജൂണ്‍ 29-ാം തിയതി പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ ജര്‍മ്മനിയിലെ ഫ്രെയ്സിങ് പട്ടണത്തില്‍ നടന്ന പൗരോഹിത്യ സ്വീകരണച്ചടങ്ങിന്‍റെ ചരിത്രസ്മരണയാണിന്ന്. സഭയ്ക്കും സഭയുടെ ദൈവശാസ്ത്രത്തിന്‍റെ വളര്‍ച്ചയ്ക്കും സൂക്ഷ്മതയ്ക്കുമായി പുരുഷായുസ്സു മുഴുവന്‍ മാറ്റിവച്ച മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍റെ പൗരോഹിത്യ സ്വീകരിണത്തിന്‍റെ 65-ാം വാര്‍ഷികം!

“എന്നെ സ്നേഹിക്കുന്നുവോ?” എന്ന ക്രിസ്തുവിന്‍റെ ചോദ്യത്തിന്, പത്രോസിനെപ്പോലെ ഒരാള്‍ക്കു മാത്രമേ പ്രത്യുത്തരിക്കാനായുള്ളൂ: “കര്‍ത്താവേ, അങ്ങേയ്ക്ക് അറിയാമല്ലോ! ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു.” തിരിഞ്ഞു നോക്കുമ്പോള്‍ നമുക്കു പറായം, ഇതുപോലൊരു സ്നേഹസമര്‍പ്പണവും വിശ്വസ്തതയുമാണ് അന്നുമിന്നും എപ്പോഴും പാപ്പാ ബനഡിക്ടില്‍ കണ്ടിട്ടുള്ളത്. ഇതുപോലെ ജീവിതയാമങ്ങളുടെ മഴയിലും വെയിലിലും സത്യസന്ധമായ സ്നേഹസമര്‍പ്പണത്തിലൂടെ ക്രിസ്തുവിനോട് വിശ്വസ്തരായിരിക്കാന്‍ അവിടുന്ന് സകലരെയും വിളിക്കുന്നു.   ജീവിതത്തിന്‍റെ കാറ്റിലും കോളിലും, സുരക്ഷിതമായും ധൈര്യത്തോടെയും മുന്നോട്ടു ചരിക്കാന്‍ സഹായിക്കുന്നത് ക്രിസ്തുവിനോടുള്ള സ്നേഹമാണ്. അവിടുന്നിലുള്ള വിശ്വാസം നമ്മെ നയിക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഭീതി തോന്നാമെങ്കിലും, ജീവിതസായാഹ്നത്തിലും ഗൃഹാതുരത്വത്തോടെ മുന്നേറാന്‍ സഹായിക്കുന്നത് ദൈവത്തിനു നമ്മോടുള്ള സീമാതീതമായ സ്നേഹമാണ്.

വത്തിക്കാന്‍ തോട്ടത്തിലെ ‘മാത്തര്‍ എക്ലേസിയേ’ (Mater Ecclesiae) ഭവനത്തില്‍ പാപ്പാ ബനഡിക്ട് നയിക്കുന്നത് മനസ്സും ഹൃദയവും ദൈവോന്മുഖമാക്കിയുള്ള ജീവിതമാണ്. നിശ്ശബ്ദമായ, എന്നാല്‍ ഏറെ ആത്മാര്‍ത്ഥവും ആഴമുള്ളതും, തെളിച്ചമാര്‍ന്നതുമായ അങ്ങയുടെ ജീവിതസാക്ഷ്യമാണ് അവിടെ കാണുന്നത്. ഒരു നിശ്ശബ്ദ ജീവിതത്തിലൂടെ സഭയെ തുടര്‍ന്നും അങ്ങ് ശുശ്രൂഷിക്കുകയും സ്നേഹിക്കുകയുമാണ്. അങ്ങയുടെ ബോദ്ധ്യവും നിശ്ചയദാര്‍ഢവുമുള്ള അറിവും വിജ്ഞാനവും സഭയ്ക്ക് ഇന്നും അവളുടെ വളര്‍ച്ചയില്‍ ആവശ്യമാണ്. വയോജനങ്ങളെ അവഗണിക്കുന്ന ഇന്നത്തെ ‘വലിച്ചെറിയല്‍ സംസ്ക്കാര’ത്തിന് എതിര്‍ സാക്ഷ്യമാണ് വത്തിക്കാനിലെ അങ്ങേ സാന്നിദ്ധ്യം. അങ്ങേ ജീവിതസാക്ഷ്യം ശക്തമായി പ്രഖ്യാപിക്കാനുള്ള കരുത്ത് ‘ഫ്രാന്‍സിസ്’ എന്ന പേരില്‍ ദൈവം തെരഞ്ഞെടുത്ത അങ്ങയുടെ പിന്‍ഗാമിക്കും ലഭിക്കാന്‍‍ പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

തന്‍റെ ആത്മീയയാത്ര വിശുദ്ധ ഫ്രാന്‍സിസ് ആദ്യം തുടങ്ങിയത് അസ്സീസിയിലെ ‘സാന്‍ ഡാമിയാനോ’യിലാണെങ്കിലും (San Damiano), തന്നെത്തന്നെ ദൈവത്തിനായി സമ്പൂര്‍ണ്ണമായി ഫ്രാന്‍സിസ് സമര്‍പ്പിക്കുന്നത് ‘പോര്‍സീങ്കുള’യിലാണ് (Portiuncula). ദൈവമാതാവിന്‍റെ നാമത്തിലുള്ള ദേവാലയത്തിന്‍റെ ഒതുങ്ങിയ ഭാഗത്താണത്. ‘അനുഗൃഹീതയെന്നു സകലജനതകളും വിളിക്കുന്ന’ പരിശുദ്ധ കന്യകാനാഥയെപ്പോലെ സമ്പൂര്‍ണ്ണ സ്നേഹത്തിന്‍റെ എളിയ ജീവിതം ദൈവഹിതത്തിന് അനുസൃതമായി ജീവിക്കാന്‍ ദൈവം നമ്മെ തുണയ്ക്കട്ടെ! എല്ലാവിധത്തിലും, അതിനാല്‍ അങ്ങ് ജീവിതരീതികൊണ്ട് ഇന്നൊരു ‘ഫ്രാന്‍സിസ്ക്കനാ’ണ്! പൂര്‍വ്വോപരി പ്രശാന്തതയും സമാധാനവും, ശക്തിയും ഭക്തിയും, പക്വതയും, വിശ്വാസവും സമര്‍പ്പണവും വിശ്വസ്തതയുമാണ് അങ്ങില്‍നിന്ന് ഇന്നും പ്രതിഫലിക്കുന്നത്. സഭയ്ക്കും ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഇത് ഏറെ ശ്രേഷ്ഠവും അനുഗ്രഹദായകവുമായ പ്രേരകശക്തിയും മാതൃകയുമാണ്. കൂടാതെ അങ്ങേയ്ക്കു സ്വതസിദ്ധമായുള്ള നര്‍മ്മരസവും മറക്കാനാവാത്തതാണ്!

സഭയോടു ചേര്‍ന്ന് പൗരോഹിത്യജൂബിലിയുടെ ഭാവുകങ്ങള്‍ നേരുന്നു! ലോകത്തിന് അങ്ങ് ഇനിയും ദൈവസ്നേഹത്തിന്‍റെ സാക്ഷിയാകുന്നതിന് അവിടുത്തെ കാരുണ്യാതിരേകം വര്‍ഷിക്കപ്പെടട്ടെ! അങ്ങനെ വിശ്വാസത്തിന്‍റെ പാതയില്‍ പത്രോസ് പൗലോസ് ശ്ലീഹാന്മാര്‍ക്കൊപ്പം മഹത്വപൂര്‍ണ്ണമായ ആനന്ദത്തില്‍ മുന്നേറാന്‍ അങ്ങേയ്ക്കു സാധിക്കട്ടെ! (1പത്രോസ് 1, 8..9). ഇങ്ങനെ ആശംസിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വാക്കുകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.