2016-06-27 19:30:00

സമാധാനത്തിന്‍റെ മുന്തിരി നട്ടുവളര്‍ത്താം : സഭൈക്യ-സമാധാന പ്രാര്‍ത്ഥന


“എവിടെ ഓര്‍മ്മകള്‍ സ്നേഹമസൃണമാകുന്നുവോ അവിടെ  അനുരഞ്ജനത്തിന്‍റെ വഴികള്‍ തുറക്കപ്പെടും.” – പാപ്പാ ഫ്രാന്‍സിസ്

ജൂണ്‍ 25-ാം തിയതി ശനിയാഴ്ച. പാപ്പാ ഫ്രാന്‍സിസിന്‍റെ അര്‍മേനിയ സന്ദര്‍ശനത്തില്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പരിപാടിയായിരുന്നു തലസ്ഥാന നഗരമായ യേരവനിലെ റിപ്പബ്ലിക്കന്‍ ചത്വരത്തില്‍ സംഘടിപ്പിച്ച സമാധാന പ്രാര്‍ത്ഥനശുശ്രൂഷ. 50,000-ല്‍പ്പരം പേര്‍ പങ്കെടുത്തു.

കിഴക്കന്‍ പൗരാണിക ശൈലിയിലുള്ള ക്രിസ്തുവിന്‍റെ (Iconographic) ചിത്രണവും,  എഡ്വേര്‍ഡ് മിര്‍സോയന്‍ നയിച്ച അര്‍മേനിയന്‍ ദേശീയ ഫിലാഹാര്‍മോണിക് സഖ്യത്തിന്‍റെ സംഗീതപശ്ചാത്തലവും പാപ്പാ ഫ്രാന്‍സിസിന്‍റെയും കാതോലിക്കോസ് കരേക്കിന്‍റെയും നേതൃത്വത്തിലുള്ള സഭൈക്യ-സമാധാന പ്രാര്‍ത്ഥനയ്ക്ക് സമുചിതവും പ്രശാന്തവുമായ വേദിയൊരുക്കി. പ്രദേശിക സമയം വൈകുന്നേരം 6.50. സന്ധമയങ്ങുന്ന പൊന്‍വെളിച്ചത്തില്‍ പാപ്പായും കാതോലിക്കോസും ജനങ്ങളെ ആശീര്‍വദിച്ചുകൊണ്ട് വേദിയിലെത്തി. കൂട്ടായ്മയുടെ ആനന്ദവും ആവേശയും സംഗീതതരംഗമായി അലയടിച്ചുയര്‍ന്നു. അര്‍മേനിയന്‍ പ്രസിഡന്‍റ് സേര്‍സ് സര്‍സ്യാനും അപ്പഴേയ്ക്കും വേദിയില്‍ എത്തി. ഏവരും എഴുന്നേറ്റുനിന്ന്... അര്‍മേനിയന്‍ ക്രൈസ്തവ ദേശീയത വിളിച്ചറിയിക്കുംപോലെ.. ദൈവത്തെ പിതാവേ, എന്നു വിളിച്ചപേക്ഷിച്ച് കര്‍തൃപ്രാര്‍ത്ഥനചൊല്ലി. സഭൈക്യ-സമാധാന പ്രാര്‍ത്ഥനയ്ക്ക് തുടക്കമായി.

“ദാര്‍ഷ്ഠ്യം വെടിഞ്ഞ് സമാധാനത്തില്‍ വസിക്കാനും... പ്രതികാരം ദൈവത്തിനു വിട്ടുകൊടുക്കുവാനും...” (റോമ. 12, 16-19)  റോമാക്കര്‍ക്കെഴുതിയ ലേഖനത്തില്‍നിന്നുള്ള സമാധാനാഹ്വാനം പാരായണംചെയ്യപ്പെട്ടു. സുവിശേഷം ആലപിച്ചു. ക്രിസ്തുവിന്‍റെ സമാധാനാഹ്വാനം യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നായിരുന്നു (യോഹ. 14, 27-31),  “എന്‍റെ സമാധാനം നിങ്ങള്‍ക്കു തരുന്നു.”  

സുവിശേഷ പാരായണത്തെ തുടര്‍ന്ന്, കാതോലിക്കോസ് കരേക്കിന്‍ ആദ്യം സന്ദേശം നല്കി:

അധര്‍മ്മത്തിന്‍റെ അര്‍മേനിയന്‍ ചരിത്ര പശ്ചാത്തലങ്ങള്‍ അയവിറിച്ച കാതോലിക്കോസ്നീതിയില്ലാതെ സമാധാനം യാഥാര്‍ത്ഥ്യാമാക്കാന്‍ ആവില്ലെന്നു ചൂണ്ടിക്കാട്ടി. രാഷ്ട്രങ്ങളുടെയും വ്യക്തികളുടെയും അടിസ്ഥാന അവകാശത്തിന്‍റെ സംരക്ഷണയില്‍ നിക്ഷിപ്തമാണ് നീതി. നീതിക്കു മാത്രമേ അധര്‍മ്മങ്ങള്‍ക്ക് തടയിടാനാകൂ! നീതിയുടെ മാര്‍ഗ്ഗത്തില്‍ മാത്രമേ പ്രതിസന്ധികളില്‍ സമാധാനം കണ്ടെത്താനും സാധിക്കൂ, എന്നു പ്രസ്താവിച്ചു. ദൈവം എല്ലാവരെയും സ്നേഹിക്കുന്നു. നിഷ്പക്ഷമായി പരിപാലിക്കുന്നു. “നന്മയായതും നീതിയുള്ളതും അവിടുത്തേയ്ക്ക് സ്വീകാര്യമാണ്” (നടപടി 10, 34) എന്ന വചനത്തോടെയാണ് കാതോലിക്കോസ് പ്രഭാഷണം ഉപസംഹരിച്ചത്.

തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഭാഷണമായിരുന്നു:

അര്‍മേനിയയില്‍ എവിടെയും കാണുന്നതും ‘ഖച്ഖാര്‍’ (KhatchKhar) എന്നു വിളിക്കപ്പെടുന്നതുമായ ‘കല്‍ക്കുരിശുകള്‍’ ക്രൈസ്തവികതയ്ക്കും, നിങ്ങളുടെ ജീവിതത്തിന്‍റെയും വിശ്വാസത്തിന്‍റെയും അനുദിന  യാതനകള്‍ ഇടകലര്‍ന്ന ദേശീയ സാമൂഹിക ചരിത്രത്തിന്‍റെ പ്രതീകമാണ്. പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ചു.

മുന്നില്‍ കാണുന്ന നോഹിന്‍റെ പേടകം ഉറച്ച ആറാറത്ത് മല  (അര്‍മേനിയ തുര്‍ക്കി അതിര്‍ത്തിയില്‍) നിങ്ങളുടെ പീഡകളുടെയും മാനുഷ്യയാതനകളുടെയും, ഒപ്പം വിശ്വാസ സമര്‍പ്പണത്തിന്‍റെയും മൂകസാക്ഷിയായി നിലകൊള്ളുന്നു. വേദന തിങ്ങുന്ന നിങ്ങളുടെ ജീവിതത്തില്‍ സഹാനുഭൂതിയും സാന്ത്വനഭാവവുമുള്ള സഹോദരനായിട്ടാണ്  റോമില്‍നിന്നും താന്‍ വന്നത്. പാപ്പാ വ്യക്തമാക്കി.  അപ്പോസ്തോലിക പാരമ്പര്യത്തിന്‍റെ അടിത്തറയില്‍ റോമിനോടു ചേര്‍ന്നുള്ള അര്‍മനേയിന്‍ സഭയുടെ കൂട്ടായ നീക്കങ്ങള്‍ ക്രിസ്തുവിന്‍റെ പരമയാഗത്തിലുള്ള സമ്പൂര്‍ണ്ണ കൂട്ടായ്മയിലെത്താന്‍ നമുക്കൊരുമിച്ച് ഐക്യത്തിന്‍റെ പാതയില്‍, വിശിഷ്യ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പോലുള്ള തന്‍റെ മുന്‍ഗാമികളുടെ പാതയില്‍ ചരിക്കാമെന്ന് ആഗ്രഹിക്കുന്നു. ക്രിസ്തുവിലുള്ള ഈ കൂട്ടായ തീര്‍ത്ഥാടനത്തില്‍ സന്ദേഹത്തിനും സംശയത്തിനും പ്രസക്തിയില്ല.      

അര്‍മേനിയന്‍ സഭാ പിതാവായ കാതോലിക്കോസ് നെര്‍സെസ് ഷൊരാലി ഇവിടത്തെ സഭയെയും പാരമ്പര്യങ്ങളെയും പൂര്‍ണ്ണമായി സ്നേഹിച്ചപ്പോള്‍ ഇതരസഭകളെയും എപ്പോഴും ഹൃദ്യമായി ആദരിച്ചു. ആ പുണ്യാത്മാവിന്‍റെ സഭൈക്യപാതയിലെ അനിതരസാധാരണമായ സ്നേഹസമര്‍പ്പണം ഇത്തരുണത്തില്‍ അനുസ്മരിക്കുന്നു. എല്ലാവരും ഒന്നായിരിക്കുന്നതിന്... (യോഹ. 17, 21). ക്രിസ്തു വിഭാവനംചെയ്ത ഐക്യം യാഥാര്‍ത്ഥ്യമാക്കാന്‍ തന്ത്രപരമായ നീക്കങ്ങളോ നേട്ടങ്ങളോ അല്ല മുന്നില്‍ കാണേണ്ടത്. മറിച്ച് ലോകത്തെവിടെയും സുവിശേഷം എത്തിക്കത്തക്ക വിധത്തില്‍, ഐക്യത്തിനും കൂട്ടായ്മയ്ക്കുമുള്ള നിരന്തരമായ പരിശ്രമവും ജീവിതസാക്ഷ്യവുമാണ് ആവശ്യം. കുറച്ചുപേരുടെ അഗ്രഹമല്ല, എല്ലാവരുടെയും പ്രാര്‍ത്ഥനയാണ് സഭകളുടെ ഐക്യത്തിന് അനിവാര്യം. അതിനാല്‍ ഈ സായാഹ്നത്തിലെ പ്രാര്‍ത്ഥനക്കൂട്ടായ്മ പ്രതീകാത്മകവും പ്രചോദനാത്മകവുമാണ്. വിശുദ്ധ നെര്‍സസിന്‍റെ ചിന്തകളില്‍, പഴയ മുറിവുകള്‍ ഉണക്കാന്‍ പരസ്പരസ്നേഹത്തില്‍ നമുക്കു വളരാം. സഹോദരസ്നേഹത്തിന് ബോധ്യങ്ങളെ വളര്‍ത്താന്‍ കരുത്തുണ്ട്. വലിയവനായിരുന്നിട്ടും അവിടുന്ന് നമുക്കുവേണ്ടി വലിമ വെടിഞ്ഞ് ചെറിമയണി‍ഞ്ഞു (2കൊറി. 8, 9). അതുപോലെ താഴ്മയുടെയും എളിയുടെയും ഭാവത്തിലേ നമുക്ക് കൂട്ടായ്മയും സാഹോദര്യവും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കൂ.

 സമാധാനത്തിന് വിഘ്നമാകുന്ന നിരവധി ഘടകങ്ങള്‍ ഇന്നു ചുറ്റുമുണ്ട്. എന്നാല്‍ ക്രിസ്തു വാഗ്ദാനംചെയ്യുന്ന സമാധാനം ‘ലോകം തരുന്നതുപോലല്ല’ (യോഹ. 14, 27). മദ്ധ്യപൂര്‍വ്വദേശത്ത് കാണുന്ന അതിക്രമങ്ങളും പീഡനങ്ങളും, സായുധകലഹങ്ങളും ഭീതിദമാണ്. എത്രയോ സഹോദരങ്ങളാണ് അവിടെ പീഡനങ്ങള്‍ക്ക് ഇരകളാകുന്നത്. അവകാശങ്ങളും അന്തസ്സും ലംഘിക്കപ്പെടുകയാണ്. മാന്യമായ ജീവിതാന്തസ്സു തേടുന്ന പാവങ്ങള്‍ക്കുപോലും നീതി നിഷേധിക്കപ്പെടുന്നുണ്ട്. അര്‍മേനിയന്‍ ജനത സഹിച്ചിട്ടുള്ള വിപത്തുകള്‍ മറക്കാനാവത്തതാണ്. കൂട്ടക്കുരുതിയുടെ വന്‍പാതകം അപലപനീയവും മൗഢവുമായ മൃഗീയതയാണ്. ഇതുപോലൊരു കൊലച്ചുഴി മാനവരാശിയുടെ ജീവിതചക്രവാളത്തില്‍ തരിച്ചു വരാതിരിക്കട്ടെ!

മൃത്യുഗര്‍ത്തത്തില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റ പ്രത്യാശയുടെ ജനതതിയാണ് അര്‍മേനിയക്കാര്‍. ക്രൈസ്തവികതയുടെ പ്രത്യാശയാര്‍ന്ന ധീരമായ മുന്നേറ്റമാണ് നിങ്ങളുടെ ജീവിതമിന്ന്. മുറിപ്പെട്ട മാറിടം അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും സ്രോതസ്സും അടയാളവുമായി തന്‍റെ ശിഷ്യര്‍ക്കു കാട്ടിക്കൊടുത്ത ഉത്ഥിതന്‍റെ അരുമശിഷ്യരും സാക്ഷികളുമാണു നിങ്ങള്‍. അതിനാല്‍ നമുക്കിനിയും പ്രത്യാശയുടെയും സമാധാനത്തിന്‍റെയും ഭാവി പ്രയോക്താക്കളും സാക്ഷികളുമാകാം.

ഓര്‍മ്മകള്‍ സ്നേഹമസൃണമായാല്‍ അവിടെ അനുരഞ്ജനത്തിന്‍റെ വഴികള്‍ തുറക്കപ്പെടും, അങ്ങനെ സമാധാനപാലകര്‍ അനുഗൃഹീതരായിത്തീരും (മത്തായി 5,9). പ്രതികാരത്തിലൂടെ ആധിപത്യത്തിന്‍റെ മായിക ലോകത്തിനെതിരായ നിലപാടില്‍ നമുക്ക് സാമാധാനത്തിന്‍റെ സാദ്ധ്യതകള്‍ വിരിയിക്കാം. അതുവഴി നാം അടിയന്തിരമായ ആവശ്യങ്ങളില്‍ കഴിയുന്നവര്‍ക്കും വേദനിക്കുന്ന സകലര്‍ക്കും, പാവങ്ങള്‍ക്കും സാന്ത്വനമാകാം. അഴിമതിക്കും അനീതിക്കും എതിരായ തോരാത്ത പോരാട്ടത്തില്‍ അതുവഴി പങ്കുകാരാകാം.

പ്രിയ യുവജനങ്ങളേ, ഭാവി നിങ്ങളുടേതാണ്. മഹത്തുക്കളായ നിങ്ങളുടെ പൂര്‍വ്വീകരെപ്പോലെ സമാധാനത്തിന്‍റെ പ്രയോക്താക്കളാകാം. അര്‍മേനിയയിലെയും അതുപോലെ തുര്‍ക്കിയിലെയും ജനതകള്‍ക്ക് സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പാത ഒരുപോലെ പുല്‍കാനാവട്ടെ! അതുപോലെ നഗോര്‍ണോ-കരാബാഖിലെ അഭ്യന്തര സംഘര്‍ഷത്തിലും ഇനിയും സമാധാനം പൂവണിയട്ടെ!

നാരഗിലെ വിശുദ്ധ ഗ്രിഗരിയെ ‘സമാധാനത്തിന്‍റെ പണ്ഡിത’നെന്നും, ‘ലോക സമാധാനത്തിന്‍റെ മദ്ധ്യസ്ഥ’നെന്നും പാപ്പാ വിശേഷിപ്പിച്ചു. സിദ്ധന്‍റെ ഗഹനവും, എന്നാല്‍ പ്രായോഗികവുമായ അനുരഞ്ജനത്തിന്‍റെ ആത്മീയത ചൂണ്ടിക്കാണിച്ചുകൊണ്ടുമാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്. ദൈവമേ, ശത്രക്കളോട് ഞങ്ങള്‍ മാപ്പും കരുണയും കാണിക്കട്ടെ! ഞങ്ങളെ പീ‍ഡിപ്പിക്കുന്നവരെ “ശിക്ഷിക്കല്ലേ, അവരുടെ പ്രതികാരത്തിന്‍റെ വിഷം വിലിച്ചെടുത്താല്‍ മതിയാകും. അങ്ങനെ അവരിലും ഞങ്ങളിലും നന്മയും സമാധാനവും വിതയ്ക്കണമേ, വളര്‍ത്തണമേ!!” (cf. Prayers of Gregory of Narek) സകല ലോകവും ഈ സമാധാനദൂതിന് കാതോര്‍ക്കട്ടെ! ക്രിസ്തീയതയുടെ സ്നേഹവും സമാധാന സാക്ഷ്യവും സകലര്‍ക്കും ലഭ്യമാകട്ടെ! Kha’ra’rutiun amenetzun! അര്‍മേനിയന്‍ ഭാഷയില്‍ പാപ്പാ ആശംസിച്ചു : നിങ്ങള്‍ക്ക് സമാധാനം!        

വേദിയില്‍ സജ്ജമാക്കിയ സമാധാനത്തിന്‍റെയും നവജീവന്‍റെയും പ്രതീകമായ നോഹിന്‍റെ പേടകത്തിന്‍റെ ആകാരമുള്ള പൂച്ചട്ടിയിലെ മുന്തിരിച്ചെടി നയ്ക്കുന്ന ചടങ്ങ് പ്രതീകാത്മകമായിരുന്നു. ഏറെ അര്‍ത്ഥവത്തും! അര്‍മേനിയയുടെ വിവിധ പുരാതന സംസ്ക്കാര സമൂഹങ്ങളുടെ പ്രതിനിധികള്‍, അധികവും വിപ്രവാസികളായവരുടെ യുവതലമുറക്കാര്‍ പരമ്പരാഗത വസ്ത്ര വിതാനത്തില്‍ വന്ന് മുന്തിരിച്ചെടി നനച്ചു. അവസാനം പാപ്പാ ഫ്രാന്‍സിസും കാതോലികോസ് കരോക്കിനും മുന്തിനിന്തിരി നനച്ചപ്പോള്‍ വേദിയില്‍ പ്രത്യാശപകരുന്ന സമാധാനസംഗീതം (Armenian Nation Philaharmonic Orchestra) അവതരിപ്പിക്കപ്പെട്ടു.

ഹൃദയസ്പര്‍ശിയും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയവുമായ സഭൈക്യ-സമാധാന പ്രാര്‍ത്ഥനയോടെ പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്രയുടെ രണ്ടാംദിന പരിപാടികള്‍ക്ക് പരിസമാപ്തിയായി.








All the contents on this site are copyrighted ©.