2016-06-27 15:30:00

കാരുണ്യത്തിന്‍റെ കാഹളമായി ഗുമ്രിയിലെ ബലിയര്‍പ്പണം


പാപ്പാ ഫ്രാന്‍സിസിന്‍റെ അര്‍മേനിയ സന്ദര്‍ശനത്തിലെ പ്രധാനപ്പെട്ട പരിപാടിയിരുന്നു ഗ്വിമ്രി നഗരത്തിലെ ബലിയര്‍പ്പണം. അത് ജൂണ്‍ 25-ാം തിയതി ശനിയാഴ്ച രാവിലെയായിരുന്നു. യേരവനില്‍നിന്നും അരമണിക്കൂര്‍ വിമാനമാര്‍ഗ്ഗമാണ് അര്‍മേനിയയുടെ കിഴക്കു പടിഞ്ഞാറന്‍ നഗരമാണ് ഗുമ്രി. അവിടെ വാര്‍ത്തിനാന്‍സ് ചത്വരമാണ് വേദിയായത്. ഒരു ലക്ഷംപേരെ കൊള്ളുന്ന ചത്വരം നിറഞ്ഞുകവിഞ്ഞു. കൃത്യം 11-മണിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലിക്ക് തുടക്കമായി. അര്‍മേനിയന്‍ കത്തോലിക്കരെ കൂടാതെ ഇതര റീത്തുകാരും സന്നിഹിതരായിരുന്നു.

സന്നിഹിതനായിരുന്ന അര്‍മേനിയന്‍ അപ്പസ്തോലിക സഭയുടെ തലവന്‍, കാതോലിക്കോസ് കരേക്കിന്‍ ആമുഖപ്രഭാഷണം നടത്തി:  ഗുമ്രിനഗരത്തിലെ ദൈവമാതാവിന്‍റെ ഏഴു വ്യാകുലങ്ങളുടെ ദേവാലയം ആധുനിക സഭൈക്യപ്രസ്ഥാനത്തിനും, എക്യുമേനിസം (Ecumenism) എന്ന ചിന്തയ്ക്കുതന്നെ മുന്നോടിയാണ്. പീഡനങ്ങളെ ഭയന്നെത്തിയ കത്തോലിക്കര്‍ക്കും, ഇതര റീത്തുകള്‍ക്കും മാതൃദേവാലയത്തിന്‍റെ ഭാഗങ്ങള്‍ വീതിച്ചുകൊടുത്തത് ചരിത്രസ്മരണയായി ഇന്നും നിലനിലക്കുന്നു. ആധുനിക കാലത്തെ ഭൂമികുലുക്കത്തിന്‍റെ കെടുതിയിലും റീത്തുഭേദമെന്യേ എല്ലാവര്‍ക്കും പ്രാ‍ര്‍ത്ഥിക്കുവാനും ബലിയര്‍പ്പിക്കുവാനും ഇടംനല്കി സ്വീകരിച്ചത് ഗുമ്രിയുടെ മാതൃസന്നിധാനമാണെന്നും പ്രസ്താവിച്ചുകൊണ്ട്, ക്രിസ്തുവിലുള്ള സാഹദര്യക്കൂട്ടായ്മയുടെ സന്ദേശമാണ് കാതോലിക്കോസ് ആമുഖമായി പങ്കുവച്ചത്.

വിവിധ ഭാഷകളിലായിരുന്നു വചനപാരായണം: “കര്‍ത്താവിന്‍റെ അരൂപി എന്നിലുണ്ട്. പീഡിതരോട് സദ്വാര്‍ത്ത അറിയിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.” ആദ്യവായന (ഏശയ 61, 1-14) ഇറ്റാലിയനില്‍ പാരായണംചെയ്യപ്പെട്ടു.  അര്‍മേനിയന്‍ സങ്കീര്‍ത്തനാലാപനം ശൈലികൊണ്ട് ശ്രദ്ധേയമായിരുന്നു. സുവിശേഷം, ദൈവം തന്‍റെ ജനത്തോടു കാണിച്ച കാരുണ്യം... (ലൂക്കാ 1, 57-58, 67-79) അര്‍മേനിയന്‍ ഭാഷയില്‍ ഉദ്ഘോഷിക്കപ്പെട്ടു. പരിഭാഷിയുടെ സഹായത്തോടെ പാപ്പാ ഫ്രാന്‍സിസ് വചന പ്രഘോഷണം നടത്തി:

പ്രബുദ്ധവും പുരാതനവുമായ കൃതിയോ രചയനോപോലെ അടുച്ചുപൂട്ടി ഗ്രന്ഥശേഖരത്തില്‍ സൂക്ഷിച്ചുവയ്ക്കേണ്ടതല്ല വിശ്വാസം. വിശ്വാസത്തിന്‍റെ പൗരിണികതയും പാരമ്പര്യവും പുലമ്പുന്നത് അതിനെ തരംതാഴ്ത്തുന്ന പ്രവണതയാണ്. പൂഴ്ത്തിവയ്ക്കുന്ന വിശിസത്തിന് തിളക്കമുണ്ടാവില്ല. അത് കൈമാറ്റചെയ്യപ്പെടുവാനും, വളരുവാനുമുള്ള സാധ്യതകള്‍ നഷ്ടപ്പെടും. വിശ്വാസം അനുദിനജീവിതത്തില്‍ നവീകരിക്കുവാനും പുനരുദ്ധരിക്കുവാനുമാണ് വചനം ആവശ്യപ്പെടുന്നത്.

  1. വിശ്വാസത്തിന്‍റെ പുനരുദ്ധാരണത്തിനുള്ള ആദ്യപടി ഓര്‍മ്മയാണ്.

ചരിത്ര സ്മരണയുള്ളവരായിരിക്കുക. കര്‍ത്താവ് ജീവിതത്തില്‍ നല്കിയിട്ടുള്ളതും നല്കിക്കൊണ്ടിരിക്കുന്നതുമായ നന്മകള്‍ക്ക് നന്ദിയുള്ളവരായിരിക്കുക. അവയെക്കുറിച്ച് ഓര്‍മ്മയും അവബോധവുമുള്ളവരായി വിശ്വസ്തതയോടെ ജീവിക്കുക.

  1. നവീകരണത്തിന്‍റെ രണ്ടാമത്തെ പ്രേരകശക്തി തെളിച്ചമുള്ള വിശ്വാസമാണ്.

വിശ്വാസം മൂടിവയ്ക്കേണ്ടതല്ല. വിളക്കുപോലെ തെളിയേണ്ടതും സജീവമാകേണ്ടതുമാണ്. അനുദിനജീവിത പരിസരങ്ങളോടു ബന്ധപ്പെടുത്തി അത് ജീവിക്കണം. ക്രിസ്തുമായുള്ള കൂട്ടുചേരലില്‍നിന്നും വളര്‍ന്ന് വിശ്വാസം പ്രവൃത്തിപഥത്തില്‍ തെളിയണം.

  1. ക്രിസ്തുവിന്‍റെ കാരുണ്യമാണ് വിശ്വാസമായി പ്രകടമാക്കപ്പെടേണ്ടത്, പങ്കുവയ്ക്കപ്പെടേണ്ടത്.

കാരുണ്യമുള്ള സ്നേഹം ക്രൈസ്ത ജീവിതത്തിന്‍റെ മാറ്റുവര്‍ദ്ധിപ്പിക്കുന്നു. സ്നേഹപ്രവൃത്തതികളിലൂടെ ക്രിസ്തവ ജീവിതങ്ങള്‍ ഊര്‍ജ്ജിതമാക്കപ്പെടും, പുനരുദ്ധരിക്കപ്പെടും. ക്രൈസ്തവരുടെ ‘തിരിച്ചറിയല്‍ കാര്‍ഡാ’യിരിക്കട്ടെ കരുണയള്ള സ്നേഹം!

ജീവിത നവീകരണത്തിന് മാതൃകയായി അര്‍മേനിയന്‍ യോഗാത്മ സന്ന്യാസിയായിരുന്ന നാരഗിലെ ഗ്രിഗരിയെ പാപ്പാ ചൂണ്ടിക്കാട്ടി. താത്വികനും ദൈവശാസ്ത്രപണ്ഡിതനും കവിയും വേദപാരംഗതനുമായിരുന്നു അദ്ദേഹം. ദൈവത്തിന്‍റെ കാരുണ്യം മനുഷ്യന്‍റെ അയോഗ്യതകളെ വെല്ലുന്നതാണെന്ന് 10-ാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധ ഗ്രിഗരി പഠിപ്പിച്ചു. കാരുണ്യഭാവം മനുഷ്യജീവിതത്തിന് അനിവാര്യമാണ്. ഉപവിപ്രവൃത്തികളാലും കാരുണ്യപ്രവൃത്തികളാലും പരസ്പരം താങ്ങും തുണയുമായി നമുക്കു ജീവിക്കാം. അങ്ങനെ വിശ്വസത്തെ യുക്തിയെക്കാള്‍ ഭക്തികൊണ്ടും, കാരുണ്യപ്രവൃത്തകള്‍കൊണ്ടും ധന്യമാക്കാം. പാപ്പാ ഉപസംഹരിച്ചു.

 വിശ്വാസികളുടെ പ്രാര്‍ത്ഥന ഇറ്റാലിയന്‍, അര്‍മേനിയന്‍, റഷ്യന്‍, അറബി, ഫ്രഞ്ച്, സ്പാനിഷ്, ഇംഗ്ലിഷ് എന്നീ ഭാഷകളില്‍ ഹൃദയസ്പര്‍ശിയായി. കാഴ്ചവയ്പ്, സ്തോത്രയാഗപ്രാര്‍ത്ഥന, ആമുഖഗീതി, സ്തോത്രയാഗകര്‍മ്മം, ദിവ്യകാരുണ്യസ്വീകരണ കര്‍മ്മം എന്നിവയിലൂടെ ദിവ്യബലി സമാപനഭാഗത്തേയ്ക്കു കടന്നു. പാപ്പാ നന്ദിപറഞ്ഞു. എന്നിട്ട് സമാപനാശീര്‍വ്വാദം നല്കി. അഭിവാദ്യംചെയ്തു. ഗായകസംഘം മരിയഗീതി ആലപിച്ചതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് സമാപ്തിയായി.








All the contents on this site are copyrighted ©.