2016-06-26 07:58:00

യേശുവിന്‍റെ കുരിശും ഉത്ഥാനവും അര്‍മേനിയന്‍ ജനതയുടെ ശക്തി


അര്‍മേനിയയില്‍ വെള്ളിയാഴ്ച(24/06/16) പാദമൂന്നിയ ഫ്രാന്‍സീസ് പാപ്പാ അന്നു വൈകുന്നേരം അന്നാടിന്‍റെ പൗരാധികാരികളും നയതന്ത്രപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. അര്‍മേനിയയുടെ പ്രസിഡന്‍റ് സേര്‍ഹ് സാര്‍സ്യാന്‍റെ ഔദ്യോഗികവസതിയില്‍ വച്ച് അദ്ദേഹവുമായി നടത്തിയ സൗഹൃദകൂടിക്കാഴ്ചയ്ക്കു ശേഷം അവിടെവച്ചു തന്നെ ആയിരുന്നു  ഈ പരിപാടി. പ്രസിഡന്‍റിന്‍റെ സ്വാഗതവാക്കുകളെ പാപ്പാ അവരെ സംബോധന ചെയ്തു.

അര്‍മേനിയയില്‍ എത്താന്‍, ഏറെ പ്രിയങ്കരമായ അന്നാടിന്‍റെ മണ്ണിനെ സ്പര്‍ശിക്കാന്‍, പുരാതനവും സമ്പന്നവുമായ പാരമ്പര്യമുള്ളതും ധീരതയോടെ വിശ്വാസത്തിനു സാക്ഷ്യമേകിയതുമായ ഒരു ജനതയെ സന്ദര്‍ശിക്കാന്‍ കഴിയുന്നതിലുള്ള തന്‍റെ അതിയായ ആനന്ദം വെളിപ്പെടുത്തിക്കൊണ്ട് തന്‍റെ  മറുപടി പ്രസംഗം ആരംഭിച്ച ഫ്രാന്‍സീസ് പാപ്പാ   അര്‍മേനിയയുടെ പ്രസിഡന്‍റ് സേര്‍ഹ് സാര്‍സ്യാന്‍റെ സ്വാഗതവാക്കുകള്‍ക്കും അന്നാടു സന്ദര്‍ശിക്കാന്‍ തന്നെ ക്ഷണിച്ചതിനും നന്ദി പറയുകയും 2015ല്‍ അദ്ദേഹം വത്തിക്കാനില്‍ നടത്തിയ സന്ദര്‍ശനവും ആ സമയത്ത് വത്തിക്കാനില്‍ താന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച തിരുക്കര്‍മ്മത്തില്‍ ആകമാന അര്‍മേനിയായുടെ കാതോലിക്കോസും പാത്രിയാര്‍ക്കീസുമായ കരേക്കിന്‍ രണ്ടാമന്‍ സിലീഷ്യയിലെ കതോലിക്കോസ് ആരം ഒന്നാമന്‍ തുടങ്ങിയ പിതാക്കന്മാരോടൊപ്പം അദ്ദേഹവും സന്നിഹിതനായിരുന്നതും അനുസ്മരിക്കുകയും ചെയ്തു. അനേകം അര്‍മേനിയക്കാര്‍ വധിക്കപ്പെട്ട,  മഹാ തിന്മ എന്നര്‍ത്ഥം വരുന്ന മെത്സ് യെഗേണ്‍(METZ YEGHERN) എന്ന കൂട്ടക്കുരുതിയുടെ നൂറാം വാര്‍ഷികം തദ്ദവസരത്തില്‍ ആയിരുന്ചനതിനെക്കുറിച്ചും  പരാമര്‍ശിച്ചുകൊണ്ടു പാപ്പാ ഇപ്രകാരം തുടര്‍ന്നു: 

ആ ദുരന്തം, കൂട്ടക്കുരുതി, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, കഴിഞ്ഞ നൂറ്റാണ്ടിലെ ഭീകര ദുരന്തങ്ങളു‌ടെ ഖേദകരമായ പരമ്പരയ്ക്ക് തുടക്കമിട്ടു. ജനതയെ ഉന്മൂലനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ വരെ എത്തിച്ചേര്‍ന്ന ക്രൂരന്മാരുടെ മനസ്സുകളെ അന്ധകാരത്തിലാഴ്ത്തിയ വര്‍ഗ്ഗ സിദ്ധാന്ത മതപരമായ വികല കാഴ്ചപ്പാടുകളാണ് ഈ കൂട്ടക്കുരുതിക്കു കാരണമായത്. ഈ കുരുതിയെലന്നപോലെ തന്നെ മറ്റുള്ളവയിലും വന്‍ശക്തികള്‍ മുഖം തിരിക്കുന്നത് ഏറെ വേദനാജനകമാണ്.

തന്‍റെ ചരിത്രത്തിന്‍റെ കടുത്ത ദുരന്തവേളകളില്‍ പോലും സുവിശേഷ വെളിച്ചത്താല്‍ പ്രശോഭിതരായി, വീണ്ടും എഴുന്നേറ്റ് ഔന്നത്യത്തോടുകൂടി പ്രയാണം തുടരാനുള്ള ശക്തി ക്രിസ്തുവിന്‍റെ കുരിശിലും അവിടത്തെ പുനരുത്ഥാനത്തിലും എന്നും കണ്ടെത്തിയ അര്‍മേനിയന്‍ ജനതയ്ക്ക് ഞാന്‍ ആദരവര്‍പ്പിക്കുന്നു. ക്രിസ്തീയ വിശ്വാസത്തിന്‍റെ വേര് എത്രമാത്രം ആഴത്തിലേക്കിറങ്ങിയിരിക്കുന്നുവെന്നും ആ വിശ്വാസത്തില്‍ അടങ്ങിയിരിക്കുന്നത് സാന്ത്വനത്തിന്‍റെയും പ്രത്യാശയുടെയും എത്രമാത്രം വലിയ നിധിയാണെന്നും അതു കാണിച്ചു തരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ വിദ്വേഷവും മുന്‍വിധിയും കടിഞ്ഞാണില്ലാത്ത ആധിപത്യഭ്രാന്തും പുറപ്പെടുവിച്ച വിനാശകരമായ ഫലങ്ങള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്. ആകയാല്‍ അത്തരം ഭീകരതകളുടെ അപകടത്തില്‍ വീണ്ടും നിപതിക്കാതിരിക്കുന്നതിന് ഉത്തരവാദിത്വത്തോടും ബുദ്ധിപൂര്‍വ്വകവും പ്രവര്‍ത്തിക്കാന്‍ ആ ദുരന്താനുഭവങ്ങളില്‍ നിന്നു പഠിക്കാന്‍ നരകുലത്തിനാകട്ടെയെന്ന് ഞാന്‍ ഹൃദയപൂര്‍വ്വം ആശംസിക്കുകയാണ്. അതുകൊണ്ട് അന്താരഷ്ട്ര വിവാദങ്ങളില്‍ എന്നും സംഭാഷണവും സമാധാനത്തിനായുള്ള ആത്മാര്‍ത്ഥവും നിരന്തരവുമായ അന്വേഷണവും അന്താരാഷ്ട്രസഹകരണവും അന്തര്‍ദ്ദേശീയ സംഘടനകളുടെ അശ്രാന്തപരിശ്രമവും പ്രബലപ്പെടുന്നതിനുള്ള പരിശ്രമങ്ങള്‍ വര്‍ദ്ധമാനമാകുന്നതിന് സകലരും യത്നിക്കണം. ഇത് ഭാവിയോന്മുഖവും സ്ഥായിയുമായ ധാരണകളില്‍ എത്തുന്നതിനുപയുക്തമായ പരസ്പര വിശ്വാസത്തിന്‍റെതായ അന്തരീക്ഷം സംജാതമാക്കുന്നതിനാണ്.

ആദ്ധ്യാത്മിക മൂല്യങ്ങളുടെ പൊരുളും സൗന്ദര്യവും ചോര്‍ത്തിക്കളയുന്നവരെ പുറത്തുകൊണ്ടുവരുന്നതിനും ലോകത്തില്‍ ആ മൂല്യങ്ങള്‍ പ്രബലപ്പെടുന്നതിനും വേണ്ടി കത്തോലിക്കാസഭ, നാഗരികതയുടെ ഭാഗധേയവും മനുഷ്യവ്യക്തിയുടെ അവകാശങ്ങളോടുള്ള ആദരവും ഹൃദയത്തില്‍‍ പേറുന്ന സകലരുമൊത്തു സഹകരിക്കാന്‍ അഭിലഷിക്കുന്നു. യുദ്ധവും അടിച്ചമര്‍ത്തലും നിഷ്ഠൂര പീഢനങ്ങളും  ചൂഷണവും തുടരുന്നവരെയും ദൈവനാമത്തെ വളച്ചോടിക്കുന്നവരെയും ഒറ്റപ്പെടുത്താന്‍ ദൈവവിശ്വസികളെല്ലാവരും ഒറ്റക്കെട്ടായി നല്ക്കണം.

 ഇക്കൊല്ലം അര്‍മേനിയയുടെ സ്വതന്ത്ര്യത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികമാണെന്നതും പാപ്പാ അനുസ്മരിച്ചു.      അന്നാടിന്‍റെ പൗരസാമൂഹ്യപരമായ വികസനം, എല്ലാവരെയും ആശ്ലേഷിക്കുന്നതും സമത്വപൂര്‍ണ്ണവുമായ വികസനം ലക്ഷ്യം വച്ചുകൊണ്ട് ശക്തി സംഭരിക്കുകയും ആ ഊര്‍ജ്ജങ്ങളെ ഏകോപിക്കുകയും ചെയ്യുന്ന സവിശേഷാവസരമായി ഭവിക്കുമ്പോള്‍ ഈ ആഘോഷം കൂടുതല്‍ അര്‍ത്ഥവത്താകുമെന്ന് പാപ്പാ പറഞ്ഞു. ബലഹീനര്‍ക്കും ജീവിതത്തിനാവശ്യമായവ വേണ്ടത്ര ലഭിക്കാത്തവരോടുമുള്ള ഐക്യദാര്‍ഢ്യവും സകലര്‍ക്കും സമത്വ നീതിയും കുറഞ്ഞു പോകുന്നില്ല എന്ന് നിരന്തരം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. അര്‍മേനിയയുടെ ചരിത്രവും അന്നാടിന്‍റെ ക്രൈസ്തവ തനിമയും കൈകോര്‍ത്തു നീങ്ങുന്നുവെന്നു പറഞ്ഞ ഫ്രാന്‍സീസ് പാപ്പാ ഈ അനന്യത അന്നാടിന്‍റെ മതേതരത്വത്തിന് വിഘാതം സൃഷ്ടിക്കുന്നില്ല മറിച്ച് സകല പൗരന്മാരുടെയും പങ്കളിത്തംവും മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളോടുള്ള ആദരവും  പരിപോഷിപ്പിച്ചുകൊണ്ട്  അതിനെ ഊട്ടിവളര്‍ത്തുകയാണ് ചെയ്യുന്നതെന്ന് വിശദീകരിച്ചു.

പാവപ്പെട്ടവര്‍ക്കും ബലഹീനര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും വിദ്യഭ്യാസ ആരോഗ്യമേഖലകളിലും കത്തോലിക്കാസഭയുടെ സഹകരണം പാപ്പാ ഉറപ്പുനല്കുകയും ചെയ്തു.   








All the contents on this site are copyrighted ©.