2016-06-24 13:14:00

അര്‍മേനിയന്‍ യാത്ര: വിവിധ നാടുകള്‍ക്ക് പാപ്പായുടെ ആശംസകള്‍


      അര്‍മേനിയായിലേക്കുള്ള യാത്രാവേളയില്‍ താന്‍ ഏതെല്ലാം നാടുകളുടെ വ്യോമപാത ഉപയോഗിച്ചുവൊ, ആ നാടുകള്‍ക്ക് ഫ്രാന്‍സീസ് പാപ്പാ ആശംസാസന്ദേശങ്ങളയച്ചു.

       തന്‍റെ പതിനാലാം വിദേശ അപ്പസ്തോലിക പര്യടനം വെള്ളിയാഴ്ച (24/06/16) രാവിലെ ആരംഭിച്ച പാപ്പാ സഞ്ചരിച്ച വിമാനം പറന്ന‍ത്,  ഇറ്റലി, ക്രൊവേഷ്യ, ബോസ്നിയ-ഹെര്‍സഗൊവീന, മോന്തെനേഗ്രൊ, സെര്‍ബിയ, ബള്‍ഗറി, തുര്‍ക്കി എന്നീ നാടുകളുടെ മുകളിലൂടെയാണ്.

     അര്‍മേനിയന്‍ ജനതയുടെ പ്രാചീന വിജ്ഞാനം ആര്‍ജ്ജിക്കാനും ആ ജനതയെ വിശ്വാസത്തില്‍ സ്ഥിരീകരിക്കാനും സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പാതയില്‍ മുന്നേറുന്നതിനുള്ള അവരുടെ എല്ലാ പരിശ്രമങ്ങള്‍ക്കും   പിന്തുണയേകാനുമാണ് താന്‍  അന്നാട്ടിലേക്കു പോകുന്നതെന്ന് ഇറ്റലിയുടെ രാഷ്ട്രപതി സേര്‍ജൊ മത്തരേല്ലയ്ക്ക് അയച്ച കമ്പിസന്ദേശത്തില്‍ വെളിപ്പെടുത്തുന്ന പാപ്പാ ഇറ്റലിക്ക് ആശംസയേകുകയും ഭാവിയെ ആത്മവിശ്വാസത്തോടും പ്രത്യാശയോടും കൂടെ ഉറ്റുനോക്കിക്കൊണ്ട് ഐക്യദാര്‍ഢ്യത്തിന്‍റെ പാതയില്‍ മുന്‍നിരയില്‍ തന്നെ നിലകൊള്ളാന്‍ പ്രചോദനം പകരുകയും ചെയ്യുന്നു.

      സര്‍വ്വശക്തനായ ദൈവം സമാധാനത്താലും ക്ഷേമത്താലും ക്രൊവേഷ്യയെ അനുഗ്രഹിക്കട്ടെയെന്ന് പാപ്പാ അന്നാടിന്‍റെ പ്രസിഡന്‍റ് കൊളിന്ത ഗ്രബാര്‍ കിത്തറോവിച്ചിനയച്ച കമ്പിസന്ദേശത്തില്‍ ആശംസിക്കുന്നു.

      ബോസ്നിയ-ഹെര്‍സഗൊവീന, മോന്തെനേഗ്രൊ, സെര്‍ബിയ, ബള്‍ഗറി, തുര്‍ക്കി    എന്നീ നാടുകളുടെ തലവന്മാര്‍ക്കും അയച്ച കമ്പിസന്ദേശങ്ങളില്‍ പാപ്പാ ഈ ആശംസകള്‍ ആവര്‍ത്തിക്കുന്നു.

      റോമിലെ ലെയൊണാര്‍ദൊ ദ വിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്  വെള്ളിയാഴ്ച (24/06/16) പ്രാദേശികസമയം രാവിലെ 9.30 ഓടെ അര്‍മേനിയയിലെ യെരവനിലേക്കു പുറപ്പെട്ട ഫ്രാന്‍സീസ് പാപ്പാ അവിടെ, സ്-വര്‍ത്ത്നോട്സ് അന്താരാഷ്ട്രാ വിമാനാത്തവളത്തില്‍,  ഉച്ചതിരിഞ്ഞ് 3 മണിയോടെ, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30 ഓടെ എത്തിച്ചേര്‍ന്നു.F








All the contents on this site are copyrighted ©.