2016-06-23 11:37:00

അര്‍മേനിയന്‍ ജനതയ്ക്ക്... പാപ്പാ ഫ്രാന്‍സിസിന്‍റെ വീഡിയോ സന്ദേശം


യാത്രയ്ക്കുമുന്‍പ് അര്‍മേനിയന്‍ ജനതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് വീഡിയോ സന്ദേശം അയച്ചു.  ബുധനാഴ്ച, ജൂണ്‍ 22-ാം തിയതി വൈകുന്നരമാണ് വത്തിക്കാനില്‍നിന്നും അര്‍മേനിയന്‍ ജനതയ്ക്കായി വീഡിയോ സന്ദേശം അയച്ചത്. (പരിഭാഷ ചുവടെ ചേര്‍ക്കുന്നു):

Here is the video link :

https://youtu.be/GgjJB0hG6Jw.

‘പ്രഥമ ക്രിസ്ത്യന്‍ രാഷ്ട്ര’ത്തിലേയ്ക്ക് ഒരു തീര്‍ത്ഥാടകനായിട്ടാണ് ജൂബിലിവത്സരത്തില്‍ വരുന്നത്. അര്‍മേനിയയുടെ പുരാതന വിജ്ഞാനവും, പ്രസിദ്ധമായ അര്‍മേനിയന്‍ കല്‍ക്കുരിശുകള്‍പോലെ ദൃഢമായ വിശ്വാസവും ഉള്‍ക്കൊള്ളുവാനാണ് വരുന്നത്. നേരില്‍ക്കണ്ട് ഒരു സഹോദരനെപ്പോലെ നിങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുവാനും സൗഹൃദം പങ്കുവയ്ക്കുവാനും, അങ്ങനെ നിങ്ങളുടെ പുരാതനമായ ആത്മീയത അനുഭവിക്കാനുമാണ് ഈ തീര്‍ത്ഥാടനം.

നിങ്ങളുടെ ചരിത്രം മനസ്സിലാക്കുമ്പോള്‍ അഭിമാനത്തിന്‍റെയും ഒപ്പം വേദനയുടെയും മിശ്രവികാരമാണ് ഓടിയെത്തുന്നത്. ക്രിസ്തുവിന്‍റെ കുരിശില്‍ നിങ്ങളുടെ വേദനകള്‍ക്ക് അര്‍ത്ഥം കണ്ടെത്തുകയും, അവയെ നേരിടാനുള്ള ശക്തിയാര്‍ജ്ജിക്കുകയും ചെയ്യാം. നിങ്ങളുടെ പൂര്‍വ്വീകര്‍ അനുഭവിച്ചിട്ടുള്ള യാതനകള്‍ നിരവധിയാണ്. വേദനിക്കുന്ന ഓര്‍മ്മകള്‍ ഉയരുമ്പോവും, തിന്മയുടെ ശക്തികള്‍ തലപൊക്കുമ്പോഴും നിരാശരാകരുത്, പ്രത്യാശ കൈവെടിയരുത്. നോഹിനെപ്പോലെ പ്രളയത്തിനുശേഷം പ്രത്യാശയുടെ പ്രാവുകളെ ആവര്‍ത്തിച്ചു പറത്താം. ഒരുനാള്‍ അത് ഒലിവിലയുമായി തിരിച്ചുവരും. ജീവിതം എപ്പോഴും നവമായി തുടങ്ങാം പുനരാരംഭിക്കാം, ഉയരാം ഉയര്‍ത്തെഴുന്നേല്ക്കാം എന്ന പ്രത്യാശയാണ് അതു നല്കുന്നത് (ഉല്പത്തി 8, 11).

സുവിശേഷത്തിന്‍റെ സേവകനും സമാധാനത്തിന്‍റെ പ്രയോക്താവുമെന്ന നിലയില്‍ സമാധാന ശ്രമങ്ങളെ പിന്‍തുണയ്ക്കാന്‍ ഞാനിതാ, വരുന്നു. അനുരഞ്ജനം വളര്‍ത്തുന്ന പ്രത്യാശയുടെ പാതയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  ഏറെ ആഗ്രഹിക്കുകയും കാത്തിരിക്കുകയുംചെയ്യുന്ന അര്‍മേനിയന്‍ ജനതയുമായുള്ള കൂട്ടായ്മയെ ഈ നാ‍ടിന്‍റെ വിശുദ്ധാന്മാക്കള്‍, വിശിഷ്യാ സഭാപണ്ഡിതനായ നാരഗിലെ വിശുദ്ധ ഗ്രിഗരി തുണയ്ക്കട്ടെ! അതുപോലെ ക്രൈസ്തവക്കൂട്ടായ്മയുടെയും ഐക്യത്തിന്‍റെയും പാതയിലെ സഹോദരനായ കാതോലിക്കോസ് കരോക്കിനെ  നവമായ ആര്‍ജ്ജവത്തോടെ ആശ്ലേഷിക്കുന്നു.

കഴിഞ്ഞവര്‍ഷത്തില്‍ കിഴക്കിന്‍റെ വിവിധ രാജ്യങ്ങളില്‍നിന്ന് റോമിലേയ്ക്കും പത്രോസ്ലീഹായുടെ സ്മൃതിമണ്ഡപത്തിലേയ്ക്കും നിങ്ങള്‍ വരികയും, നാം ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തതാണ്. ഇപ്പോള്‍ ആ കൂട്ടായ്മ ബലപ്പെടുത്തുവാനും, അനുരഞ്ജനത്തിന്‍റെ പാതയില്‍ മുന്നേറുവാനും നിങ്ങളുടെ പുണ്യഭൂമിയില്ക്ക് ഇതാ, ഞാന്‍ പ്രത്യാശയുടെ പ്രേരിതനായി വരുന്നു!  നന്ദി! ഇനി നേരില്കാണുവരെ.....!








All the contents on this site are copyrighted ©.