2016-06-23 20:19:00

അര്‍മേനിയന്‍ ജനതയെ ഒന്നിപ്പിക്കുന്നത് അപ്പസ്തോലിക പൈതൃകം : ഫാദര്‍ ലൊമ്പാര്‍ഡിയുടെ ചിന്തകള്‍


ലോകത്തെ പ്രഥമ ക്രൈസ്തവ രാഷ്ട്രത്തിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ആസന്നമാകുന്ന അപ്പസ്തോലിക യാത്രയെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.  ക്രിസ്തുമതം ദേശീയ മതമായി ചരിത്രത്തില്‍ ആദ്യമായി,  301-ാമാണ്ടില്‍ ​​അംഗീകരിച്ച പശ്ചിമേഷ്യന്‍ രാജ്യമായ ആര്‍മേനിയിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസ് ത്രിദിന സന്ദര്‍ശനം നടത്തുന്നത്.

വെള്ളിയാഴ്ച ജൂണ്‍ 24-ാം തിയതി ആരംഭിക്കുന്ന സന്ദര്‍ശം 26-ാം തിയതി ഞായറാഴ്ചവരെ നീണ്ടുനില്ക്കും.  അപ്പസ്തോലന്മാരായ ബര്‍ത്തലോമ്യോ, യൂദാ തദേവൂസ് എന്നിവരാല്‍ ഊട്ടിയുറപ്പിക്കപ്പെട്ട അര്‍മേനിയയിലെ ക്രൈസ്തവവിശ്വാസം ക്രിസ്തുവര്‍ഷം 300-നടുത്ത് ദേശീയ തലത്തിലേയ്ക്ക് വളര്‍ത്തിയത് അര്‍മേനിയന്‍ സഭയുടെ ആ്ത്മീയ പിതാവായി അറിയപ്പെടുന്ന തദ്ദേശീയനും സഭാപണ്ഡിതനുമായ നാരഗിലെ വിശുദ്ധ ഗ്രിഗരിയാണ്. ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.
മുപ്പതു ലക്ഷത്തോളം വരുന്ന അര്‍മേനിയന്‍ കത്തോലിക്കാ-അപ്പസ്തോലിക ക്രൈസ്തവ സഭകളെയും, പീഡനങ്ങളെ ഭയന്നു ലോകത്തിന്‍റ നാനാഭാഗത്തേയ്ക്കും കുടിയേറിയ അര്‍മേനിയന്‍ ക്രൈസ്തവരെയും വിശ്വാസത്തില്‍ ആശ്ലേഷിച്ചുകൊണ്ടുള്ള ക്രൈസ്തവൈക്യമാനമുള്ള സന്ദര്‍ശനമാണ് പാപ്പാ ഫ്രാന്‍സിസിന്‍റേത്. പാപ്പായ്ക്കൊപ്പം അര്‍മേനിയയിലേയ്ക്കു സഞ്ചരിക്കുന്ന ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.

രാഷ്ട്രപ്രമുഖരുമായുള്ള കൂടിക്കാഴ്ചയും, ജനങ്ങള്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണവും കൂടാതെ, തലസ്ഥാന നഗരമായ യേറവനിലെ സിത്-സ്സേര്‍ണാകബെര്‍ദിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനം ഏറെ ശ്രദ്ധേയമാണ്. ഒന്നാം ലോക മഹായുദ്ധകാലത്തു നടന്ന, മെഡ്സ് യേഗന്‍... ‘വന്‍പാതകം’ എന്ന് അര്‍മനിയന്‍ ഭാഷയില്‍ വിശേഷിപ്പിക്കപ്പെടുന്ന, 1915-ലെ കൂട്ടക്കുരുതിയുടെ സ്മാരകം ശനിയാഴ്ച പാപ്പാ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കും. ഒന്നര ലക്ഷത്തോളം പേരാണ് അവിടെ കൊല്ലപ്പെട്ടത്, അതില്‍ ബഹുഭൂരിപക്ഷം ക്രൈസ്തവരുമായിരുന്നെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

വേദനിക്കുന്നവരുടെ മദ്ധ്യത്തിലേയ്ക്കും, സമൂഹത്തിന്‍റെ ഓരങ്ങളിലുമായിരിക്കുന്നവരുടെ പക്കലേയ്ക്ക് ക്രിസ്തുവിന്‍റെ സ്നേഹകാരുണ്യവുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ യാത്ര! ഏഷ്യയുടെയും യൂറോപ്പിന്‍റെ അതിര്‍ത്തിയില്‍ കൊകേഷ്യന്‍ തീരത്തുള്ള ചെറുരാജ്യത്തേയ്ക്കാണ്  ജൂബിലിവത്സരത്തിലുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ  അപ്പസ്തോലിക യാത്ര. ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു.

അര്‍മേനിയയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക സന്ദര്‍ശനത്തിന്‍ വ്യക്തമായ സഭൈക്യമാനമുണ്ട്. ബഹുഭൂരിപക്ഷം ക്രൈസ്തവരും അര്‍മേനിയന്‍ അപ്പസ്തോലിക ഓര്‍ത്തഡോക്സ് സഭക്കാരാണ്. കത്തോലിക്കര്‍ ന്യൂനപക്ഷവും. പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനവേളയില്‍ അര്‍മേനിയയിലെ ഓര്‍ത്തഡോക്സ് അപ്പസ്തോലിക സഭയുടെ അദ്ധ്യക്ഷന്‍, കാതോലിക്കോസ് കരോക്കിന്‍ ദ്വിതിയന്‍ സന്നിഹിതനാണെന്ന വസ്തുത ഈ യാത്രയുടെ സഭൈക്യഭാവവും, ക്രൈസ്തവകൂട്ടായ്മയും പ്രകടമാക്കുന്നുണ്ട്. അപ്പസ്തലന്മാരാല്‍ - വിശുദ്ധരായ യൂദാ തദേവൂസിനാലും ബര്‍ത്തലോമ്യോയാലും സ്ഥാപിച്ചതാണ് അര്‍മേനിയന്‍ സഭ. അപ്പസ്തോലിക സഭയെന്നും, അര്‍മേനിയന്‍ കത്തോലിക്കാ സഭയെന്നുമുള്ള വിഭാഗീതയ നിലനില്‍ക്കെ, ക്രിസ്തുവിലുള്ള വിശ്വാസവും വിശ്വാസത്തിന്‍റെ അപ്പസ്തോലിക പൗരാണികതയുമാണ് അര്‍മേനിയന്‍ ജനതയെ ഒന്നിപ്പിക്കുന്നത്. ചരിത്രത്തിലെ പ്രഥമ ക്രൈസ്തവ രാഷ്ട്രമെന്ന ബോധ്യത്തില്‍ അര്‍മേനിയന്‍ ജനത ഏറെ അഭിമാനംകൊള്ളുകയും ചെയ്യുന്നുണ്ടെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.  

തിരിദാത്തസ് 3-ാമന്‍ രാജാവിന്‍റെ ഭരണകാലത്താണ്  (ക്രിസ്തുവര്‍ഷം 300)  സുവിശേഷ പ്രബോധകനായ നാരഗിലെ വിശുദ്ധ ഗ്രിഗരിയുടെ പിന്‍തുണയോടെ ക്രിസ്തുമതം ദേശീയ മതമായി അര്‍മേനിയയില്‍ അംഗീകരിക്കപ്പെട്ടത്.  ‘അര്‍മേനിയന്‍ സഭയുടെ ആത്മീയപിതാവെ’ന്നു വിളിക്കപ്പെടുന്ന പ്രബുദ്ധനായ വിശുദ്ധ ഗ്രിഗരി ജീവിച്ച ഹോര്‍ വിരാപ് ആശ്രമം, യാത്രയുടെ സമാപനദിനമായ ജൂണ്‍‍ 26-ാം തിയതി ഞായറാഴ്ച വൈകുന്നേരം പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കും. ആശ്രമത്തോടു തൊട്ടുരുമ്മി നില്‍ക്കുന്നതും, നോഹിന്‍റെ പേടകം നിലയുറപ്പിച്ച ഇടമെന്നു വിശ്വസിക്കുന്നതുമായ (ഉല്പത്തി 8) അറാറത്ത് മലയിലേയ്ക്ക് പാപ്പാ സമാധാന പ്രാവുകളെ പറത്തും. പശ്ചിമേഷ്യന്‍ ഭൂപ്രദേശത്ത് ഇനിയും ജനങ്ങള്‍ ആര്‍ജ്ജിക്കേണ്ട രമ്യതയ്ക്കും കൂട്ടായ്മയ്ക്കുമുള്ള പ്രതീകാത്മകമായ പ്രാര്‍ത്ഥനയോടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രിദിന യാത്ര അവസാനിക്കുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.








All the contents on this site are copyrighted ©.