2016-06-22 18:17:00

പാപ്പാ ഫ്രാന്‍സിസിനെ വരവേല്ക്കാന്‍ അര്‍മേനിയ അണിഞ്ഞൊരുങ്ങി


പശ്ചിമേഷ്യന്‍ രാജ്യമായ അര്‍മേനിയ പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിക്കാന്‍ ഒരുങ്ങി. ജൂണ്‍ 24, 25, 26 വെള്ളി ശനി ഞായര്‍ ദിനങ്ങളിലാണ് ‘ലോകത്തെ പ്രഥമ ക്രൈസ്തവ രാഷ്ട്രം’ എന്നു വിശേഷിപ്പിക്കുന്ന അര്‍മേനിയയിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്.

ജൂണ്‍ 24 വെള്ളി – ആദ്യദിനം

ഇറ്റലിയിലെ സമയം രാവിലെ   9 മണിക്ക് റോമിലെ ഫുമിച്ചീനോ അന്തര്‍ദേശീയ വിമാനത്താവളത്തില്‍നിന്നും ‘അല്‍ ഇത്താലിയ’യുടെ പ്രത്യേക വിമാനത്തില്‍ പുറപ്പെടും.  തലസ്ഥാന നഗരമായ യേരവാനിലെ ‘സ്വാര്‍ത്നോട്സ്’ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് പാപ്പാ ഇറങ്ങും.

വിമാനത്താവളത്തിലെ‍ ഔദ്യോഗിക സ്വീകരണച്ചടങ്ങാണ് ആദ്യം. തുടര്‍ന്ന് അര്‍മേനിയന്‍ സഭയുടെ മാതൃദേവാലയമായ വിശുദ്ധ ഏച്മിയാസ്ദിന്‍റെ ഭദ്രാസന ദേവാലയ സന്ദര്‍ശനമാണ്. അര്‍മേനിയയിലെ അപ്പസ്തോലിക സഭയുടെ പരമാദ്ധ്യക്ഷന്‍, കാതോലിക്കോസ് കരേക്കില്‍ ദ്വിതിയന്‍റെ നേതൃത്വത്തിലുള്ള അര്‍മേനിയന്‍ അപ്പസ്തോലിക സഭാപ്രതിനിധികളുമായുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷിയില്‍ പാപ്പാ പങ്കുചേരും. സന്ദേശം നല്കും. (പ്രഭാഷണം 1).

പ്രസിഡന്‍റിന്‍റെ മന്ദരിത്തിലെ ഔദ്യോഗിക സ്വീകരണമാണ് വൈകുന്നേരം 4.30-ന്. രാഷ്ട്രത്തലവന്മാരും നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ പാപ്പാ രാഷ്ട്രത്തെയും ജനങ്ങളെയും അഭിസംബോധനചെയ്യും (പ്രഭാഷണം 2).

വൈകുന്നേരം 7.30-ന് അര്‍മേനിയന്‍ സഭയുടെ അരമനയില്‍വച്ച് അപ്പസ്തോലിക സഭയിലെ മെത്രാന്‍ സംഘവുമായി (45 മെത്രാന്മാര്‍) പാപ്പാ സൗഹൃദ കൂടിക്കാഴ്ച നടത്തും.  രാത്രി 8 മണിയോടെ ഏച്മിയാസ്ദിനിലെ അപ്പോസ്തോലിക അരമനയില്‍ അത്താഴം കഴിച്ച് പാപ്പാ വിശ്രമിക്കും.

ജൂണ്‍ 25 ശനിയാഴ്ച – രണ്ടാം ദിവസം

തലസ്ഥാനനഗരം യേരവനിലെ  സിത്-സേര്‍ണാകബേര്‍ദ് സ്മാരകവേദി സന്ദര്‍ശനമാണ് ആദ്യം. ഒന്നാം ലോകമഹായുദ്ധകാലത്ത് 1915-ല്‍ കൊല്ലപ്പെട്ട ഒന്നര ലക്ഷത്തോളം അര്‍മേനിയക്കാരുടെ സ്മരണാര്‍ത്ഥം 1967-ല്‍ പണിതീര്‍ത്തതാണ് മനോഹരവും വിസ്തൃതവുമായ ഈ ദേശീയസ്മാരകം. വ്യത്താകാരത്തിലുള്ള മണ്ഡപവും അതിലെ പൊലിയാത്ത സ്മരണാദീപവും രക്തസാക്ഷികളുടെ ഓര്‍മ്മ നിലനിര്‍ത്തുന്നു. അംബരചുംബിയായി നില്ക്കുന്ന സ്റ്റീല്‍സ്തംഭം നാശത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ രാഷ്ട്രത്തിന്‍റെയും ജനതയുടെയും പ്രതീകമായി തലയുയര്‍ത്തി നില്ക്കുന്നു.   സ്മരണാദീപത്തിന്‍റെ വേദിയില്‍ രക്തസാക്ഷികളുടെ ഓര്‍മ്മയുമായി പാപ്പാ പ്രാര്‍ത്ഥനാശുശ്രൂഷ നടത്തും. പ്രാര്‍ത്ഥനയ്ക്കുശേഷം തുറന്ന വാഹനത്തില്‍ സിത്-സേര്‍ണാകബേര്‍ദ് സ്മാരകവേദി സന്ദര്‍ശിക്കും. സന്ദര്‍ശകരുടെ സുവര്‍ണ്ണഗ്രന്ഥത്തില്‍ ഓര്‍മ്മക്കുറിപ്പ് എഴുതും.

ഗ്വിമ്രിയിലെ സമൂഹബലിയര്‍പ്പ​ണം :

തലസ്ഥാന നഗരത്തില്‍നില്‍നിന്നും വിമാനത്തില്‍ പടിഞ്ഞാറന്‍ പുരാതന നഗരമായ ഗ്വിമ്രിലേയ്ക്ക് (100കി.മി) പാപ്പാ ഫ്രാന്‍സിസ് വിമാനത്തില്‍ സഞ്ചരിക്കും. രാവിലെ 11 മണിക്ക് ഗ്വിമ്രിയിലുള്ള അര്‍മേനിയന്‍ സഭയുടെ ദൈവമാതാവിന്‍റെ ഭദ്രാസന ദേവാലയാങ്കണം - വാര്‍ത്തനാന്‍സ് ചത്വരത്തിലാണ് പാപ്പായുടെ സമൂഹബലിയര്‍പ്പണം. അര്‍മേനിയന്‍ റീത്തിലല്ല, ലത്തീന്‍ റീത്തു പ്രകാരമായിരിക്കും ബലിയര്‍പ്പണം. പാപ്പാ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കും (പ്രഭാഷണം 3). അപ്പസ്തോലിക സഭയുടെ പരമാദ്ധ്യക്ഷന്‍, കാതോലിക്കോസ് കരേക്കിന്‍ ദ്വിതിയന്‍ ബലയര്‍പ്പണത്തില്‍ സന്നിഹിതനായിരിക്കും.   ദിവ്യബലിക്കുശേഷം കന്യകാനാഥയുടെ അര്‍മേനിയന്‍ സഹോദരികള്‍ എന്ന സന്ന്യാസ സമൂഹത്തോടൊപ്പം പാപ്പാ ഉച്ചഭക്ഷണം കഴിക്കും. തുടര്‍ന്ന് വിശ്രമിക്കും. പിന്നെ സ്ഥലത്തെ അനാഥാലയവും  ശിശുഭവനവും സന്ദര്‍ശിക്കും.

വൈകുന്നേരം 4.30-ന് അര്‍മേനിയന്‍ സഭയുടെ ഗ്വിമ്രിറിയിലെ  യോട് വേര്‍ക്ക് ദൈവമാതാവിന്‍റെ ഏഴു വ്യാകുലങ്ങളുടെ ഭദ്രാസന ദേവാലയം സന്ദര്‍ശിക്കും. വ്യാകുലനാഥയുടെ അള്‍ത്താരയില്‍ പ്രാര്‍ത്ഥിക്കും.  പ്രധാന അള്‍ത്താര വണങ്ങും... വിശ്വസികളെ അഭിവാദ്യംചെയ്യും... ആശീര്‍വ്വാദം നല്കും. അര്‍ജന്‍റീനിയന്‍ അഭ്യൂദയകാംക്ഷിയുടെ ഉപഹാരം സ്വീകരിക്കും.   തുടര്‍ന്ന് ഗ്വിമ്രിയില്‍ത്തന്നെയുള്ള രക്തസാക്ഷികളുടെ നാമത്തിലുള്ള കത്തോലിക്കാ ഭദ്രാസനദേവാലയം (Armenian Catholic Cathedral of Martyrs) സന്ദര്‍ശിക്കും. ആര്‍ച്ചുബിഷപ്പ് റഫയേല്‍ ഫ്രാങ്കോയിസ് മിനോസ്സിയന്‍, സ്ഥലത്തെ ഇടവകവികാരി... വിശ്വാസികളും സാമൂഹ്യപ്രമുഖരും സന്നിഹിതരായിരിക്കും. ഇവിടെ കാതോലിക്കോസ് കരോക്കിന്‍ ജനങ്ങളെ ആശീര്‍വദിക്കും.

പ്രാദേശികസമയം  വൈകുന്നേരം 6 മണിയോടെ തലസ്ഥാനഗരമായ യേരവനിലേയ്ക്ക് വിമാനത്തില്‍ മടങ്ങുന്ന പാപ്പാ, റിപ്പബ്ളിക്കന്‍ ചത്വരത്തില്‍ നടത്തപ്പെടുന്ന സഭകളുടെ കൂട്ടായ സമാധാനപ്രാര്‍ത്ഥന ശുശ്രൂഷയില്‍ പങ്കെടുക്കും. സമാധാനസന്ദേശം നല്കും (പ്രഭാഷണം 4). ശനിയാഴ്ചത്തെ അവസാന പരിപാടിയാണിത്.   ഏച്മിയാഡ്സിനിലെ അപ്പസ്തോലിക അരമനയില്‍ പാപ്പാ വിശ്രമിക്കും.

26-ാം തിയതി ഞായറാഴ്ച  -  സമാപനദിനം

രാവിലെ 7.30-ന് അപ്പസ്തോലിക അരമനയിലെ കപ്പേളയില്‍ വത്തിക്കാന്‍റെ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് മരേക് സോള്‍സിന്‍സ്ക്കി, അദ്ദേഹത്തിന്‍റെ സെക്രട്ടറി എന്നിവര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കും (Private Celebration).   തുടര്‍ന്ന് 9.15-ന് കത്തോലിക്കാ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ച അപ്പസ്തോലിക അരമനയില്‍ ന‌ടത്തപ്പെടും. മെത്രാന്മാര്‍ക്കൊപ്പം ദേശീയ സഭയുടെ  ഉദ്യോഗസ്ഥരായ വൈദികരും, സഭയുടെ അല്‍മായ പ്രതിനിധികളും പങ്കെടുക്കും.

രാവിലെ 10 മണിക്ക് ഏച്മിയാഡ്സിനിലുള്ള വിശുദ്ധ തിരിദാത്തെയുടെ നാമത്തിലുള്ള ചെറിയ ചത്വരത്തിലെ സഭൈക്യ പ്രാര്‍ത്ഥനയില്‍ പാപ്പാ പങ്കെടുത്ത് സന്ദേശംനല്ക്കും. (പ്രഭാഷണം 5). ഇവിടെ കാതോലിക്കോസ് കരോക്കിനും ജനങ്ങളെ അഭിസംബോധനചെയ്യും.   തുടര്‍ന്ന് അപ്പസ്തോലിക അരമനയില്‍ തിരിച്ചെത്തും. പാപ്പായുടെ ബഹുമാനാര്‍ത്ഥം സഭകള്‍ സംയുക്തമായി ഒരുക്കുന്ന വിരുന്നില്‍ പാപ്പായും സംഘവും പങ്കുചേരും.

വിശ്രമത്തിനുശേഷം പ്രാദേശിക സമയം വൈകുന്നേരം 3.50-ന്  അപ്പസ്തോലിക സഭയുടെ പ്രതിനിധികളും ഉപകാരികളുമായി സൗഹൃദകൂടിക്കാഴ്ച നടത്തും. ഏകദേശം 100-പേര്‍ പങ്കെടുക്കും. ഒരുമിച്ച് ഫോട്ടോ എടുക്കും, പാപ്പാ അവരെ ആശീര്‍വ്വദിക്കും.

4.15-ന് റോഡുമാര്‍ഗ്ഗം 41 കി.മി. അകലെയുള്ള ഹോര്‍ വിരാപ് കുന്നിലെ പുരാതന ആശ്രമം സന്ദര്‍ശിക്കും. ‘അര്‍മേനിയന്‍ സഭയുടെ പിതാവെ’ന്ന പേരില്‍ സകലര്‍ക്കും ആദരണീയനാണ് സഭാ പണ്ഡിതനായ നാരഗിലെ  വിശുദ്ധ ഗ്രിഗരി. അദ്ദേഹത്തിന്‍റെ ആസ്ഥാനമായിരുന്നു ഈ ആശ്രമം. അര്‍മേനിയുടെ പുരാതന വിജാതീയ സംസ്ക്കാരത്തില്‍ അപ്പസ്തോലന്മാരുടെ കാലത്തു വേരുപിടിച്ച സഭയെ ദേശീയതലത്തിലേയ്ക്ക് ഉയര്‍ത്തിയത് നാരഗിലെ വിശുദ്ധ ഗ്രിഗരിയായിരുന്നു.   ആശ്രമത്തിലെ ഹാളില്‍ സമ്മേളിച്ച് സന്ന്യാസിമാര്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പാപ്പാ പങ്കുചേരും, കര്‍തൃപ്രാര്‍ത്ഥന ചൊല്ലിയശേഷം ആശീര്‍വ്വാദം നല്കും. ആശ്രമത്തിന്‍റെ മട്ടുപ്പാവില്‍നിന്നും ആരാരാത്ത് മലയോരങ്ങളിലേയ്ക്ക് പാപ്പാ സമാധാനപ്രാവുകളെ പറത്തും.

6.15-ന് തലസ്ഥാനത്തെ യേരെവന്‍ വിമാനത്താവളത്തില്‍ റോഡുമാര്‍ഗ്ഗം എത്തുന്ന പാപ്പാ, ഔപചാരികമായ യാത്രയയപ്പു ചടങ്ങില്‍ പങ്കെടുത്തശേഷം റോമിലേയക്കു വിമാനം കയറും.

റോമാനഗരത്തിലെ ചമ്പീനോ വിമാനത്താവളത്തില്‍ ഇറ്റലിയിലെ സമയം രാത്രി 8.40-ന് ഇറങ്ങുന്നതോടെ പാപ്പാ ഫ്രാന്‍സിസിന്‍റെ 14-ാമത് അപ്പസ്തോലിക പര്യടനവും, പത്രോസിന്‍റെ പിന്‍ഗാമിയുടെ 151-ാമത് രാജ്യാന്തരപര്യടനവും സമാപിക്കും. പ്രാദേശകം രാത്രി 9 മണിയോടെ പാപ്പാ റോഡുമാര്‍ഗ്ഗം വത്തിക്കാനിലെത്തും.

                                                                                                                         പ്രാര്‍ത്ഥനയോടെ പാപ്പാ ഫ്രാന്‍‍സിസിന് ശുഭയാത്ര നേരുന്നു!








All the contents on this site are copyrighted ©.