2016-06-21 18:54:00

‘നീതിയുടെ നിഷേധമാണ് വധശിക്ഷ’ : പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം


വധശിക്ഷയ്ക്ക് എതിരായ ആറാമത് ആഗോളസംഗമം - പാപ്പാ ഫ്രാന്‍സിസ് വീഡിയോ സന്ദേശമയച്ചു  (video message). നോര്‍വെയിലെ ഓസ്ലോയില്‍ ജൂണ്‍ 21-മുതല്‍ 23-വരെയാണ് സംഗമം നടക്കുന്നത്. തന്‍റെ തുറന്ന അഭിപ്രായവുമായി 21-ാം തിയതി ചൊവ്വാഴ്ച വൈകുന്നരമാണ് വത്തിക്കാനില്‍നിന്നും പാപ്പാ സന്ദേശം അയച്ചത്.

നോര്‍വെയുടെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ രാജ്യാന്തരതലത്തിലുള്ള 140 സര്‍ക്കാരേതര സംഘടകളാണ് (NGOs) സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വധശിക്ഷയ്ക്കെതിരായി ഏതാനും വര്‍ഷങ്ങളായി രൂപപ്പെട്ടിട്ടുള്ള രാജ്യാന്തര കൂട്ടായ്മയാണിത് (World Coalition against Death Penalty). നിലവിലുള്ള വധശിക്ഷ നടപടി പൂര്‍ണ്ണമായും നിരോധിക്കണം! ഇതാണ് സമ്മേളനത്തിന്‍റെ ഏകപ്രമേയവും നിവേദനവും. കായേന്മാരെ കൈവെക്കരുത്! Hands Off Cain എന്ന ഇറ്റാലിയന്‍ മനുഷ്യാവകാശ സംഘടയുടെ പ്രയോക്താവും, ലിഡു(Lidu) എന്ന ഇറ്റലിയന്‍ മനുഷ്യാവകാശ സംഘടയുടെ പ്രവര്‍ത്തകനും (Italian League of Human Rights), ഹെല്‍സിംങ്കി മനുഷ്യാവകാശ കമ്മിഷന്‍റെ (Italian Helsinki Committee for Human Rights) ഇറ്റലിയിലെ സെക്രട്ടറിയുമായ  അന്തോണിയോ സ്താങ്കോയാണ് സമ്മേളനത്തിന്‍റെ സംഘാടകന്‍.

പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം :

വധശിക്ഷയ്ക്ക് എതിരായ ഓസ്ലോ സമ്മേളനത്തിലെ അംഗങ്ങള്‍ക്കും (Oslo, the Capital of Norway), രാഷ്ട്രപ്രതിനിധികള്‍ക്കും, രാജ്യാന്തര സംഘടകളിലെ അംഗങ്ങള്‍ക്കും, പ്രത്യേകിച്ച് ആതിഥേയരായ നോര്‍വെയുടെ പ്രവര്‍ത്തകര്‍ക്കും, മറ്റ് സമൂഹ്യ-രാഷ്ട്രീയ നേതാക്കള്‍ക്കും അഭിവാദനങ്ങള്‍! വധശിക്ഷ ഇല്ലാത്തൊരു ലോകം വിഭാവനംചെയ്യുന്ന സകലര്‍ക്കും അഭിനന്ദനങ്ങള്‍! ഇങ്ങനെയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം തുടങ്ങിയത്.

നിലവിലുള്ള വധശക്ഷയ്ക്കെതിരായി വളര്‍ന്നു വന്നിട്ടുള്ള ശക്തമായ പൊതുഅഭിപ്രായവും എതിര്‍പ്പും ഈ മേഖലയില്‍ പ്രത്യാശയുടെ പ്രതീകവും, ഒപ്പം ന്യായമായ സാമൂഹ്യ പ്രതിഷേധവുമാണ്. കുറ്റകൃത്യങ്ങള്‍ എത്ര കഠോരമായിരുന്നാലും ഇന്ന് വധശിക്ഷ അസ്വീകാര്യമാണ്. ജീവന്‍റെ അനതിക്രമണീയതയ്ക്കും മനുഷ്യാന്തസ്സിനും വിരുദ്ധമായ തിന്മയാണിത്. അതുപോലെ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ദൈവം നല്കുന്ന അവിടുത്തെ കരുണാര്‍ദ്രമായ നീതിയുടെ നിഷേധവുമാണ് വധശിക്ഷ. മാത്രമല്ല, വ്യക്തിയെ നന്നാക്കിയെടുക്കുക എന്ന ശിക്ഷയുടെ ന്യായമായ ലക്ഷത്തോട് യോജിപ്പില്ലാത്ത ശിക്ഷാക്രമമാണിത്. കുറ്റവാളികള്‍ക്ക് നീതി നടപ്പാക്കി കൊടുക്കുന്നില്ലെന്നു മാത്രമല്ല, അത് അവരില്‍ പ്രതിഷേധവും വൈരാഗ്യവും വളര്‍ത്തുന്നു. ‘കൊല്ലരുത്,’ എന്ന ദൈവകല്പനയ്ക്ക് പരമമായ മൂല്യമാണുള്ളത്. അത് നിര്‍ദ്ദേഷികള്‍ക്കും കുറ്റവാളികള്‍ക്കും ഒരുപോലെ ബാധകമാണ്.

വ്യക്തികളുടെ ജീവനോടും അവരുടെ മനുഷ്യാന്തസ്സിനോടും പൂര്‍വ്വോപരി ആദരവു പുലര്‍ത്തുവാനും, ഇനിയും ലോകത്ത് അത് വളര്‍ത്തുവാനുമുള്ള ഏറെ ശ്രേഷ്ഠമുഹൂര്‍ത്തമാണ്  കാരുണ്യത്തിന്‍റെ പ്രത്യേക ജൂബിലിവത്സരം! ദൈവം നല്കിയ ജീവന്‍ പരിരക്ഷിക്കപ്പെടണമെന്നും, ജീവിക്കുവാനുള്ള അവകാശം മാനിക്കപ്പെടണമെന്നും, ജീവന്‍റെ അനതിക്രമണീയത കുറ്റവാളികള്‍ക്കും ഉള്ളതാണെന്നുമുള്ള സത്യം മറന്നുപോകരുത്.

വധശിക്ഷ ഇല്ലായ്മചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന സകലരെയും പ്രോത്സഹിപ്പിക്കുക മാത്രമല്ല, നമ്മുടെ ജയിലുകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്നും, ബന്ധനത്തില്‍ കഴിയുന്നവരുടെയും മനുഷ്യാന്തസ്സ് മാനിക്കപ്പെടുന്ന തരത്തിലായിരിക്കണം അവയെന്നും അഭ്യര്‍ത്ഥിക്കുന്നു. നീതി നടപ്പാക്കുക എന്നാല്‍ ശിക്ഷിക്കപ്പെടുക എന്നര്‍ത്ഥമില്ല. കുറ്റവാളിയെ തിരുത്തുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക - എന്നാണ് ശിക്ഷകൊണ്ട് ലക്ഷ്യംവയ്ക്കേണ്ടത്.

സമൂഹത്തില്‍ കുറ്റവാളികളെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ നിലവിലുള്ള സാമൂഹ്യ ശിക്ഷാ-നീതിയുടെ വളരെ വിസ്തൃതമായ ചട്ടക്കൂട്ടില്‍ കൈകാര്യംചെയ്യേണ്ടതാണ്. ഓരോ കുറ്റത്തിനും ശിക്ഷയ്ക്കും പിന്നില്‍ പ്രത്യാശയുടെ കിരണം വിരിയിക്കപ്പെടേണ്ടതാണ്! ശിക്ഷിക്കാന്‍ വേണ്ടിയുള്ള ശിക്ഷയും, പ്രത്യാശയില്ലാത്ത ശിക്ഷാക്രമവും ശിക്ഷയല്ല, പീഡനമാണ്. അതിനാല്‍ വധശിക്ഷയ്ക്ക് എതിരായ ഈ കൂട്ടായപരിശ്രമം ഇനിയും ഒരുമയോടെ തുടരാം. നിങ്ങള്‍ക്കായി  ഞാന്‍ പ്രാര്‍ത്ഥിക്കാം!  

+ പാപ്പാ ഫ്രാന്‍സിസ്








All the contents on this site are copyrighted ©.