2016-06-18 12:56:00

വനിതകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് അറുതിവരുത്തുക


    വിവേചനങ്ങള്‍ക്ക്, വിശിഷ്യ, വനിതകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക്   അറുതിവരുത്തേണ്ടത് സ്ഥായിയായ വികസനത്തിന് അനിവാര്യവ്യവസ്ഥയായി ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച് ചൂണ്ടിക്കാട്ടുന്നു.

സ്വിറ്റ്സര്‍ലണ്ടിലെ ജനീവാ പട്ടണത്തില്‍ ഐക്യരാഷ്ട്രസഭയുടെ കാര്യാലയത്തിലും ജനീവയിലെ തന്നെ വിവിധ അന്താരാഷ്ട്ര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനാണ്  ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച്.

സ്ത്രീകളുടെ അവകാശങ്ങളെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവാകശ സമിതി ചര്‍ച്ച ചെയ്ത യോഗത്തില്‍‍ വ്യാ‌ഴാഴ്ച (16/06/16) മഹിളകളുടെ അവകാശങ്ങളും സ്ഥായിയായ വികസനവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീവിരുദ്ധാക്രമണങ്ങള്‍  അവര്‍ക്കെതിരായ വ്യാപക വിവേചനത്തിന്‍റെയും അസമത്വത്തിന്‍റെയും ക്രൂരമായ ആവിഷ്ക്കാരമാണെന്നും അത് ദശലക്ഷക്കണക്കിന് സ്ത്രികളെ സമൂഹത്തില്‍ അവര്‍ക്കുള്ള നിര്‍ണ്ണായക ദൗത്യം നിറവേറ്റുന്നതില്‍ നിന്ന് തടയുന്നുവെന്നും ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച് കുറ്റപ്പെടുത്തി.

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഒരവസാനം ഉണ്ടാകണമെങ്കില്‍ സര്‍ക്കാരുകളുടെയും പൗരസമൂഹങ്ങളു‌ടെയും തനതും സമൂര്‍ത്തവുമായ പരിശ്രമം ആവശ്യമാണെന്ന പരിശുദ്ധസിംഹാസനത്തിന്‍റെ ബോധ്യവും അദ്ദേഹം വെളിപ്പെടുത്തി.

മനുഷ്യവ്യക്തികളുടെ തുല്യഔന്നത്യത്തോടുള്ള അനാദരവ്  അന്തര്‍ദ്ദേശീയ സമൂഹത്തില്‍ അടിയന്തിരതമ വെല്ലുവിളിയാണെന്ന് ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.








All the contents on this site are copyrighted ©.