2016-06-16 18:08:00

ഭാരതസഭ കൂട്ടായ്മയുടെ സാക്ഷ്യം നിലനിര്‍ത്തണം : പാപ്പാ ഫ്രാന്‍സിസ്


ഭാരതസഭ ക്രിസ്തുവിലുള്ള കൂട്ടായ്മയുടെ സാക്ഷ്യം നിലനിര്‍ത്തണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  ജൂണ്‍ 16-ാം തിയതി വ്യാഴാഴ്ച രാവിലെ പൗരസ്ത്യസഭകളെ തുണയ്ക്കുന്നതിനുള്ള സംഘടന, (Riunione delle Opere di Aiuto per le Chiese Orientali)  ROACO-യുടെ സമ്പൂര്‍ണ്ണ സമ്മേളനത്തെ വത്തിക്കാനില്‍ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

കേരളത്തിനു പുറത്തുള്ള സീറോ-മലബാര്‍, സീറോ-മലങ്കര സഭകളുടെ അസ്തിത്വംസംബന്ധിച്ച് തന്‍റെ മുന്‍ഗാമികളുടെ നിര്‍ദ്ദേശങ്ങള്‍ തന്നെ പാലിക്കണമെന്നും, ഓരോ റീത്തുകളുടെയും തനിമ സംരക്ഷിക്കുമ്പോഴും അവകാശങ്ങള്‍ മാനിക്കപ്പെടണമെന്നും, പരസ്പരം വിഭജനത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കാതെ, കൂട്ടായ്മ വളര്‍ത്തുകയും രക്ഷകനായ ക്രിസ്തുവിന് സാക്ഷ്യംവഹിക്കുവാന്‍ പരിശ്രമിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. സമ്പൂര്‍ണ്ണ സമ്മേളത്തിലെ ഔദ്യോഗിക അംഗങ്ങളായി 90-പേര്‍ കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.

ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എവിടെയായാലും ലത്തീന്‍-പൗരസ്ത്യ കത്തോലിക്ക സഭകളുടെ സഹവര്‍ത്തിത്വമുള്ളിടത്ത് കൂട്ടായ്മയുടെ അന്തരീക്ഷം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും ആത്മീയ സമ്പന്നത ഒഴിച്ചുകൂടാനാവാത്തതാണ്. സമ്മിശ്രമായ ഈ ആത്മീയകൂട്ടായ്മ ഉള്‍ക്കൊള്ളാന്‍ വൈദികരുടെയും സന്ന്യസ്തരുടെയും അജപാലനമേഖലയിലെ പ്രവര്‍ത്തകരുടെയും യുവതലമുറയ്ക്ക് സാധിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.  കിഴക്കന്‍ സഭകളുടെ മൊഴികള്‍ക്ക് പശ്ചാത്യസഭ കാതോര്‍ത്തുകൊണ്ട്, ദൈവവചനത്തിന്‍റെ ഗഹനമായ സമ്പന്നത പൂര്‍വ്വോപരി ശക്തമായും വ്യക്തമായും പ്രഘോഷിക്കാന്‍ ഇടവരട്ടെയെന്ന്, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ ഉദ്ധരിച്ചുകൊണ്ട്, പാപ്പാ ഫ്രാന്‍സിസ് ആശംസിച്ചു.  നമ്മുടെ ലക്ഷ്യം നിത്യനഗരമായ ജരൂസലേമാണ്. വിശുദ്ധമായ ഭൗമിക സഭ അതിന്‍റെ മുന്നോടിയും മുന്നാസ്വാദനവും മാത്രമാണ്. അതിനാല്‍ ക്രിസ്തുവിന്‍റെ ഏകസഭയായി ഈ ഭൂമിയില്‍ നാം കൂട്ടായ്മയില്‍ ജീവിച്ചുകൊണ്ടും, ദൈവരാജ്യത്തിന്‍റെ പൂര്‍ണ്ണിമയിലേയ്ക്ക് അനുദിനം നടന്ന് അടുക്കുവാന്‍ പരിശ്രമിച്ചുകൊണ്ടുമാണ് മുന്നേറേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു (Lett. Ap. Orientale Lumen, 28).

മദ്ധ്യപൂര്‍വ്വദേശത്തുനിന്നുമുള്ള, വിശിഷ്യാ വിശുദ്ധനാട്ടില്‍നിന്നും എത്തിയ അതിന്‍റെ ആത്മീയ സംരക്ഷണ ഉത്തരവാദിത്ത്വം വഹിക്കുന്ന ഫ്രാന്‍സിസ്ക്കന്‍ വൈദികന്‍, ഫാദര്‍ ഫ്രാന്‍സിസ് പടോണിന്‍റെ (the Custodian of the Holy Land)  നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തെ പാപ്പാ പ്രത്യേകമായി അഭിവാദ്യംചെയ്തു. മദ്ധ്യപൂര്‍വ്വദേശത്ത്, പ്രത്യേകിച്ച് വിശുദ്ധനാട്ടില്‍ സാധാനം വളരട്ടെയെന്നും, ബെതലഹേമില്‍ ആരംഭിച്ചിരിക്കുന്ന പുരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗം പൂര്‍ത്തീകരിക്കാന്‍ ഇടയാകട്ടെയെന്നും പാപ്പാ ആശംസിച്ചു.   മാലാഖമാരുടെ പ്രദക്ഷിണം ചിത്രീകരിക്കുന്ന പുരാതന മൊസൈക്ക് ചിത്രങ്ങള്‍ ക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ പുണ്യസ്ഥാനത്തു നടക്കുന്ന ഭൂഗര്‍ഭ-ഗവേഷണത്തില്‍ കണ്ടെത്തിയ വിവരം പാപ്പാ പ്രഭാഷണത്തില്‍ വിഷയമാക്കി. മനുഷിക പ്രശ്നങ്ങളുടെയും അധാര്‍മ്മികതയുടെയും പൊടിപടലം മൂടിക്കളയുകയും, യുദ്ധത്തിന്‍റെയും കലാപങ്ങളുടെയും രക്തക്കറ പുരണ്ട് കലുഷിതമാക്കപ്പെടുകയും ചെയ്തിട്ടുള്ള തിരുവചനമായ ക്രിസ്തുവിന്‍റെ ദൈവികമുഖകാന്തി നമ്മുടെയൊക്കെ ആത്മീയ പുനരുദ്ധാരണത്തിലൂടെ പുറത്തെടുത്ത്, മാംസംധരിച്ച വചനമായ ക്രിസ്തുവിന്‍റെ വെളിച്ചം ചുറ്റും പ്രസിരിപ്പിക്കുമാറ് നവീകരിക്കേണ്ടതും, പുനരുദ്ധരിക്കേണ്ടതും അനിവാര്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

ക്രിസ്തുവിന്‍റെ സുവിശേഷം ആദ്യം കേള്‍ക്കാന്‍ ഭാഗ്യമുണ്ടായ കിഴക്കിന്‍റെ അര്‍മേനിയന്‍ മണ്ണിലേയ്ക്ക് (ജൂണ്‍ 24, 25, 26 തിയതികളില്‍) നടത്താന്‍ പോകുന്ന അപ്പോസ്തോലികയാത്രയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍പ്പിച്ചുകൊണ്ടുമാണ് പാപ്പാ പ്രഭാഷ​ണം ഉപസംഹരിച്ചത്. 

പൗരസ്ത്യ സഭകളെ പിന്‍തുണയ്ക്കുന്ന പ്രസ്ഥാനത്തിന്‍റെ  (ROACO) സമ്പൂര്‍ണ്ണസമ്മേളനത്തിലേയ്ക്ക് തന്നെ ക്ഷണിച്ചതിനും പരിചയപ്പെടുത്തിയതും പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രിക്ക് പാപ്പാ പ്രത്യേകം നന്ദിപറഞ്ഞു. വിവിധ പൗരസ്ത്യ സഭാ പ്രതിനിധികളെക്കൂടാതെ ജരൂസലേം, ലെബനോണ്‍, സീറിയ, ഇറാക്ക്, ജോര്‍ദ്ദാന്‍, ഉക്രയിന്‍ എന്നിവിടങ്ങളെ വത്തിക്കാന്‍റെ സ്ഥാനപതികളും സമ്മേളനത്തില്‍ പങ്കെടുത്തു.








All the contents on this site are copyrighted ©.