2016-06-15 18:48:00

കൂടിക്കാഴ്ചയ്ക്കെത്തിയ നെതര്‍ലന്‍ഡ്സിന്‍റെ പ്രധാനമന്ത്രി


നെതര്‍ലന്‍ഡ്സിന്‍റെ പ്രധാനമന്ത്രി മാര്‍ക് റൂട്ടി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി.  ജൂണ്‍ 15-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്കു തൊട്ടുമുന്‍പാണ് നെതര്‍ലന്‍ഡ്സിന്‍റെ പ്രധാനമന്ത്രി, മാര്‍ക്ക് റൂട്ടി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്.

പരിശുദ്ധ സിംഹാസനവുമായി നെതര്‍ലന്‍ഡ്സിനുള്ള ദീര്‍ഘകാല സൗഹൃദവും കൂട്ടായ്മയും വെളിപ്പെടുത്തുന്നതായിരുന്നു സൗഹൃദകൂടിക്കാഴ്ചയെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ കൂടിക്കാഴ്ചയ്ക്കുശേഷം ഇറക്കിയ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു. ഇന്ന് യൂറോപ്പു നേരിടുന്ന കുടിയേറ്റപ്രതിഭാസം ഉള്‍പ്പെടെ ഇരുപക്ഷത്തിനും താല്പര്യമുള്ള മറ്റുവിഷയങ്ങളും സ്വകാര്യകൂടിക്കാഴ്ചയില്‍ പ്രതിപാദിക്കുകയുണ്ടായെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ അറിയിച്ചു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിനുമായും പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടി പിന്നീട് കൂടിക്കാഴ്ച നടത്തി.

  2010-മുതല്‍ ഭരണത്തിലുള്ള അവിവാഹിതനും 49-വയസ്സുകാരനുമായ പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടി, നെതര്‍ലന്‍ഡ്സിലെ ജനാധിപത്യ-സ്വതന്ത്ര ജനകീയ മുന്നണിയിലൂടെയാണ് (People’s Party for freedom and Democracy) ഭരണത്തിലേറിയത്.








All the contents on this site are copyrighted ©.