2016-06-13 13:16:00

മനുഷ്യപ്രകൃതി പരിമിതിയാല്‍ മുദ്രിതമാണ്-പാപ്പാ


കരുണയുടെ അസാധരാണ ജൂബിലിവര്‍ഷം പ്രമാണിച്ച് രോഗികളും അംഗവൈകല്യമുള്ളവരും ഇക്കഴിഞ്ഞ പത്താം തിയതി വെള്ളിയാഴ്ച (10/06/16) മുതല്‍ ഞായറാഴ്ച (12/06/16) വരെ റോമില്‍ കരുണയുടെ ജൂബിലി ആഘോഷിക്കുകയുണ്ടായി. വിവിധ രാജ്യക്കാരായ രോഗികളും ഭിന്നശേഷിക്കാരും ഈ ആഘോഷത്തില്‍ പങ്കുകൊണ്ടു. ഈ ത്രിദിന ജൂബിലിയാചരണത്തിന്‍റെ സമാപന ദിനമായിരുന്ന ഞായറാഴ്‍ച രാവിലെ ഫ്രാന‍്‍സീസ് പാപ്പാ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ ചത്വരത്തില്‍ അവര്‍ക്കായി ദിവ്യപൂജ അര്‍പ്പിച്ചു. രാവിലെ പെയ്ത മഴയും കാര്‍മേഘവൃതമായിരുന്ന അന്തരീക്ഷവും പ്രതികൂലാവസ്ഥ സൃഷ്ടിച്ചുവെങ്കിലും നിരവധിപ്പേര്‍ തിരുക്കര്‍മ്മത്തില്‍ പങ്കുകൊണ്ടു. ദിവ്യപൂജയില്‍ തിരുക്കര്‍മ്മഗീതികളിലുള്‍പ്പടെ ആംഗ്യഭാഷ ഉപയോഗിച്ചത് സവിശേഷതയായി.

വിശുദ്ധകുര്‍ബ്ബാനയില്‍ വിശുദ്ധഗ്രന്ഥഭാഗങ്ങള്‍ പാരായണം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സീസ് പാപ്പാ സുവിശേഷചിന്തകള്‍ പങ്കുവച്ചു.

“ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്.” പൗലോസ് ഗലാത്തിയക്കാര്‍ക്ക് എഴുതിയ ലേഖനം രണ്ടാം അദ്ധ്യായത്തിലെ ഇരുപതാം വാക്യത്തില്‍ നിന്നടര്‍ത്തിയെടുത്ത ഈ വാക്കുകളോടെ തന്‍റെ വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.

ക്രിസ്തീയജീവിതത്തിന്‍റെ രഹസ്യത്തെ ആവിഷ്ക്കരിക്കാന്‍ വളരെ ശക്തമായ വാക്കുകളാണ് പൗലോസ് ഉപയോഗിക്കുന്നത്. മാമ്മോദീസാവഴി സ്വീകരിച്ച മൃത്യുവിന്‍റെയും ഉത്ഥാനത്തിന്‍റെയുമായ പെസഹായുടെ ബലതന്ത്രത്തില്‍ സകലവും സംഗ്രഹിക്കപ്പെടുന്നു. വാസ്തവത്തില്‍, ജലത്തില്‍ മുക്കപ്പെടുന്നതു വഴി ഓരോ വ്യക്തിയും ക്രിസ്തുവിനോടുകൂടെ മരിക്കുകയും അടക്കപ്പെടുകയും ചെയ്തതു പോലെയാണ്. എന്നാല്‍ അതില്‍ നിന്ന് വീണ്ടും പുറത്തുവരുന്നതോടെ പരിശു്ദധാത്മാവിനാലുള്ള പുതുജീവന്‍ ആവിഷ്കൃതമാകുന്നു. പുനര്‍ജനനത്തിന്‍റെതായ ഈ അവസ്ഥ അസ്തിത്വത്തെ മുഴുവനും, അതിന്‍റെ എല്ലാ മാനങ്ങളിലും, ആശ്ലേഷിക്കുന്നു. രോഗം, സഹനം, മരണം എന്നിവ ക്രിസ്തുവില്‍ ഉദാത്തമാക്കപ്പെടുകയും അവയുടെ ആത്യന്തിക പൊരുള്‍ അവിടന്നില്‍ കാണപ്പെടുകയും ചെയ്യുന്നു. ഇന്ന്, രോഗത്തിന്‍റെയും അംഗവൈകല്യത്തിന്‍റെയും അടയാളങ്ങള്‍ പേറുന്നവര്‍ക്കായി മാറ്റിവയ്ക്കപ്പെട്ട ഈ ജൂബിലിയാചരണദിനത്തില്‍ ജീവന്‍റെ ഈ വാക്ക് നമ്മുടെ ഈ യോഗത്തില്‍ സവിശേഷമാം വിധം മാറ്റൊലികൊള്ളുന്നു.

വാസ്തവത്തില്‍ നമെല്ലാവരും, ഉടനെയൊ, പിന്നീടൊ, നമ്മുടെ തന്നെയൊ മറ്റുള്ളവരുടെയൊ ബലഹീനതയെയും രോഗങ്ങളെയും, ചിലപ്പോള്‍ വേദനയോടെയാണെങ്കിലും അഭിമുഖികരിക്കാന്‍ വിളിക്കപ്പെടും. സാധാരണവും എന്നാല്‍ നാടകീയവുമായ ഈ മാനുഷികാവസ്ഥകള്‍ പേറുന്ന ഭിന്ന വദനങ്ങള്‍ എത്രമാത്രമാണ്! എന്തുതന്നെയായാലും, അവ അസ്തിത്വത്തിന്‍റെ   പൊരുളിനെക്കുറിച്ചുള്ള  കനത്തതും തീവ്രതയാര്‍ന്നതുമായ ചോദ്യം ഉയര്‍ത്തുന്നു. നമ്മുടെ ശക്തിയില്‍ മാത്രം ആശ്രയിച്ചുകൊണ്ട് ഇവയൊക്കെ അനുഭവിക്കുക മാത്രമാണ് പോംവഴിയെന്നൊരു ദോഷാനുദര്‍ശന ഭാവം നമ്മുടെ മനസ്സില്‍ കടന്നുകൂടാനുള്ള സാധ്യതയുണ്ട്. മറുവശത്ത്, രോഗത്തിനുള്ള ഒരൗഷധം ലോകത്തിലെവിടെയൊ തീര്‍ച്ചയായും ഉണ്ട് എന്ന ധാരണയോടെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളില്‍ സകലവിശ്വാസവും അര്‍പ്പിക്കുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ എന്നാല്‍ അങ്ങനെയല്ല, ഇനി അഥവാ, എവിടെയെങ്കിലും മരുന്നുണ്ടെങ്കില്‍ തന്നെയും അത് കുറച്ചുപേര്‍ക്കു മാത്രമെ ലഭിക്കുകയുള്ളു.

പാപത്താല്‍ വ്രണിതമായ മനുഷ്യപ്രകൃതി പരിമിതിയുടെ യാഥാര്‍ത്ഥ്യത്താല്‍ മുദ്രിതമാണ്. ഗുരുതരമായ ശാരീരി കുറവുകളുള്ള ജീവനോടുള്ള എതിര്‍പ്പ്, വിശ്യഷ്യ, ഇക്കാലത്ത്, നമുക്കു സുപരിചിതമാണ്. രോഗിയോ അംഗവൈകല്യമുള്ളവനൊ ആയ വ്യക്തിക്ക് ഒരിക്കലും സന്തോഷമുണ്ടാകില്ല, കാരണം ആ വ്യക്തിക്ക് സുഖാനുഭൂതികളുടെയും ഉല്ലാസങ്ങളുടെയുമായ സംസ്കൃതി അടിച്ചേല്പ്പിക്കുന്ന ജീവിതശൈലി സാക്ഷാത്ക്കരിക്കുന്നതിന് കഴിയില്ല എന്ന് ചിന്ത പരക്കെയുണ്ട്. ശരീരം കാത്തുപരിപാലിക്കല്‍ ഒരുതരം ആവേശമായി മാറുകയും അങ്ങനെ അതൊരു ധനസമ്പാദന മാര്‍ഗ്ഗമായി പരിണമിക്കുകയും ചെയ്തിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ന്യൂനതയുള്ളവയെല്ലം നിഗൂഢമായി വയ്ക്കപ്പെടുന്നു. കാരണം ഈ ന്യൂനത ചെറിയൊരു ഗണമായ സവിശേഷാനുകൂല്യമുള്ളരുടെ ആനന്ദത്തിനും സ്വസ്ഥതയ്ക്കും ഭീഷണിയാകുകയും പ്രബലമായ മാതൃകയെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ആകയാല്‍ കുറവുള്ളവരായ ഇത്തരം ആളുകളെ അകറ്റി നിറുത്തുകയാണ് ഉത്തമമെന്നു കരുതുന്നു. അതിന് ഒരു തരം സ്വര്‍ണ്ണം പൂശിയ മറകള്‍, സഹാനുഭൂതിയുടെയും, സാമൂഹ്യസുസ്ഥിതിയുടെയും ദ്വീപുകള്‍ സൃഷ്ടിക്കുന്നു. അത് കപട സുസ്ഥിതിയുടെ വേലിക്കെട്ടുകള്‍ മറികടക്കാതിരിക്കാനാണ്. പ്രതിസന്ധിയുടെതായ ഒരു കാലഘട്ടത്തില്‍ താങ്ങാനാവാത്ത സാമ്പത്തികഭാരമായി മാറാതിരിക്കുന്നതിന് അവരെ എത്രയും വേഗം ഇല്ലായ്മ ചെയ്യുന്നതാണ് നല്ലതെന്നുപോലും പറയുന്നു. രോഗത്തിന്‍റെയും അംഗവൈകല്യത്തിന്‍റെയും മുന്നില്‍ കണ്ണടയ്ക്കുന്ന ഇന്നിന്‍റെ മനുഷ്യന്‍റെത്, വാസ്തവത്തില്‍, എന്തൊരു വ്യാമോഹമാണ്!. അവന്‍ സഹനവും കുറവുകളും സ്വികരിക്കുന്നതുമുള്‍ക്കൊള്ളുന്ന ജീവന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം  മനസ്സിലാക്കുന്നില്ല. പ്രത്യക്ഷത്തില്‍ അന്യൂനമെന്ന് കരുതുന്നവര്‍, അവരെ വ്യാജരെന്നു പറയുന്നില്ല, മാത്രം ജീവിക്കുന്നതു കൊണ്ട് ലോകം മെച്ചപ്പെട്ടതാകില്ല. മറിച്ച് മനുഷ്യവ്യക്തികള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യവും പാരസ്പര്യവും ആദരവും വര്‍ദ്ധമാനമാകണം. പൗലോസപ്പസ്തോലന്‍ പറയുന്നതു പോലെ ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെ ദൈവം തിരഞ്ഞെടുത്തു. (കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനം, അദ്ധ്യായം ഒന്ന്, ഇരുപത്തിയേഴാം വാക്യത്തില്‍ നിന്ന്.)

     ഈ ഞായറാഴ്ചത്തെ സുവിശേഷവും, അതായത്, ലൂക്കായുടെ സുവിശേഷം അദ്ധ്യായം 7, 36 മുതല്‍ അദ്ധ്യായം 8, 3 വരെയുള്ള വാക്യങ്ങള്‍) അവതരിപ്പിക്കുന്നത് ദൗര്‍ബല്യത്തിന്‍റെ ഒരു പ്രത്യേക അവസ്ഥയെയാണ്. പാപിനിയായ ഒരു സ്ത്രീ വിധിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുമ്പോള്‍ യേശുവാകട്ടെ അവളെ സ്വീകരിക്കുകയും അവള്‍ക്കായി വാദിക്കുകയും ചെയ്യുന്നു. അവള്‍ ഏറെ സ്നേഹിച്ചുവെന്ന് യേശു പറയുന്നു. ആവ്യക്തിയുടെ സഹനവും രോദനവും കണ്ട യേശുവിന്‍റെ  നിര്‍ണ്ണയം ഇതാണ്. അവിടത്തെ അലിവ് ക്ലേശിതര്‍ക്കും പരിത്യക്തര്‍ക്കുമായി ദൈവം സംവരണം ചെയ്തിരിക്കുന്ന സ്നേഹത്തിന്‍റെ അടയാളമാണ്. ശാരീരികക്ലേശം മാത്രമല്ല ഉള്ളത്; ആത്മാവിനെ സ്പര്‍ശിക്കുന്നതും ഇന്ന്, സാധാരണമായി കാണപ്പെടുന്ന രോഗങ്ങളില്‍ ഒന്നാണ്. അത് മനസ്സിനെ അലട്ടുകയും സ്നേഹത്തിന്‍റെ അഭാവം മൂലം അതിനെ വിഷാദാത്മകമാക്കുകയും ചെയ്യുന്നു. അതാണ് വിഷാദരോഗം. സുപ്രധാനമായ ബന്ധങ്ങളില്‍ വ്യാമോഹത്തിന്‍റെയൊ വഞ്ചനയുടെയൊ അനുഭവമുണ്ടാകുമ്പോള്‍ നമ്മള്‍ ബലഹീനരും അപ്രതിരോധ്യരും ആണെന്ന് തിരിച്ചറിയുന്നു. തന്നില്‍ തന്നെ അടച്ചിടാനുള്ള പ്രലോഭനം വളരെ ശക്തമാണ്, ജീവിക്കാനുള്ള, ഏതൊരവസ്ഥയിലും സ്നേഹിക്കാനുള്ള,  അവസരം,നഷ്ടപ്പെട്ടു പോകുന്ന അപകടം തന്നെയുണ്ട്. എന്തൊക്കെ തന്നെയുണ്ടായാലും സ്നേഹിക്കുക.

     ഓരോവ്യക്തിയും അഭിലഷിക്കുന്ന സന്തോഷം, നിരവധിരീതികളില്‍ ആവിഷ്ക്കരിക്കാന്‍ സാധിക്കും. എന്നാല്‍ സ്നേഹിക്കാന്‍ കഴിവുണ്ടായാല്‍ മാത്രമെ അത് പ്രാപിക്കാന്‍ സാധിക്കുകയുള്ളു. ഇതാണ് മാര്‍ഗ്ഗം. ഇത് സ്നേഹത്തിന്‍റെ ഒരു കാര്യമാണ്. മറ്റൊരു വഴിയില്ല.  കൂടുതല്‍ സ്നേഹിക്കുന്നത് ആരാണ് എന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി. സ്നേഹിക്കപ്പെടുന്നുവെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ ജീവിതത്തിനായി സ്വയം തുറന്നിടുന്ന അംഗവൈകല്യമുള്ളവരും ക്ലേശിതരുമായവര്‍ എത്രമാത്രമാണ്? വെറുമൊരു പുഞ്ചിരിയാല്‍ ഹൃദയത്തില്‍ നിന്ന് നിര്‍ഗ്ഗമിക്കുന്ന സ്നേഹം എത്രയാണ്! അത് പുഞ്ചിരി ചികിത്സയാണ്. അപ്പോള്‍ ബലഹീനത തന്നെ നമ്മുടെ ഒറ്റപ്പെടലിന്‍റെ അവസ്ഥയില്‍ സന്ത്വനവും താങ്ങുമായി പരിണമിക്കും. പീഢാസഹനവേളയല്‍ നമ്മെ അവസാനം വരെ സ്നേഹിച്ച യേശു, കുരിശില്‍ അളവില്ലാതെ നല്കുന്ന സ്നേഹം വെളിപ്പെടുത്തി. ക്രൂശിതനായ ദൈവപുത്രന്‍റെ  വദനത്തില്‍ ആവിഷ്കൃതമായ സഹനം എത്രമാത്രമാണെന്ന് നാം മനസ്സിലാക്കുമ്പോള്‍ നമ്മുടെ ആതുരതകള്‍ക്കും സഹനങ്ങള്‍ക്കും ദൈവത്തെ കുറ്റപ്പെടുത്താന്‍ നമുക്കു സാധിക്കുമോ? ശാരീരിക വേദനയ്ക്കൊപ്പം പരിഹസിക്കപ്പെടുകയും ശകാരിക്കപ്പെടുകയും പരിത്യജിക്കപ്പെടുകയും ചെയ്തപ്പോഴും അവിടന്ന് സകലവും സ്വീകരിക്കുകയും പൊറുക്കുകയും ചെയ്യുന്ന കാരുണ്യത്തോടെ പ്രത്യുത്തരിക്കുന്നു. അവിടത്തെ മുറിവുകളാല്‍ നാം സൗഖ്യം പ്രാപിച്ചു. സ്നേഹൗഷധത്താല്‍ സൗഖ്യമേകുന്ന വൈദ്യനാണ് യേശു, എന്തെന്നാല്‍ നമ്മുടെ വേദനകള്‍ അവിടന്ന് സ്വയം എറ്റെടുക്കുകയും നമ്മെ വീണ്ടെടുക്കുകയും ചെയ്യുന്നു. നമ്മുടെ രോഗങ്ങള്‍ മനസ്സിലാക്കാന്‍ ദൈവത്തിനാകുമെന്ന് നമുക്കറിയാം, കാരണം അവിടന്ന് നേരിട്ട് അവ അനുഭവിച്ചറിഞ്ഞതാണ്.

     രോഗവും അംഗവൈകല്യവും നാം ജീവിക്കുന്ന രീതി നാം നല്കാന്‍ സന്നദ്ധമായ സ്നേഹത്തിന്‍റെ സൂചികയാണ്. സഹനത്തെയും കുറവിനെയും നാം നേരിടുന്ന രീതിയാണ്, അവ അര്‍ത്ഥശൂന്യവും നാം അര്‍ഹിക്കാത്തവയാണെങ്കിലും ആ ജീവിതാനുഭവത്തിന് അര്‍ത്ഥമേകാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ മാനദണ്ഡം. ഇത്തരം ദുരിതങ്ങളില്‍ നാം അസ്വസ്ഥരാകരുത്. ബലഹീനതയില്‍ ശക്തരായിത്തീരാമെന്നും സഭയാകുന്ന തന്‍റെ ശരീരത്തെ പ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഢകളുടെ  കുറവ്  നികത്താനുള്ള കൃപ സ്വീകരിക്കാമെന്നും നമുക്കറിയാം. സഭയാകുന്ന ആ ഗാത്രം, ഉത്ഥിതനായ ക്രിസ്തുവിനെ പോലെ, കനത്ത പോരാട്ടത്തിന്‍റെ അടയാളമായ മുറിവുകള്‍ പേറുന്നു. എന്നാല്‍ ആ മുറിവുകളാകട്ടെ എന്നന്നേക്കുമായി സനേഹത്താല്‍ രൂപാന്തരപ്പെടുത്തപ്പെട്ടിരിക്കുന്നു.

  ഈ വചനസമീക്ഷാനന്തരം പാപ്പാ വിശുദ്ധകുര്‍ബ്ബാന തുടര്‍ന്നു. സമാപാനശീര്‍വ്വാദത്തിനു മുമ്പ് ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി നടത്തിയ വിചിന്തനത്തില്‍ പാപ്പാ ഇറ്റലിയിലെ വെര്‍ച്ചേല്ലിയില്‍ ശനിയാഴ്ച വൈദികന്‍ ജാക്കൊമൊ അബോന്തൊ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.  ഇടവകജനത്തിന് എന്നും സംലഭ്യനായിരുന്ന നവവാഴ്ത്തപ്പെട്ടവന്‍ ദൈവസ്നേഹത്താല്‍ പൂരിതനായിരുന്നുവെന്നു പറഞ്ഞു.

     ഞായറാഴ്ച(12/06/16) ഇറ്റലിയിലെ മോണ്‍റെയാലെ എന്ന സ്ഥലത്ത് ലൂര്‍ദ്ദ്  നാഥയുടെ അമലോത്ഭവ കപ്പൂച്ചിന്‍ സഹോദരികള്‍ എന്ന സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക കരൊളീന സാന്തൊകനാലെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടതും പാപ്പാ അനുസ്മരിച്ചു.

     കുഷ്ഠരോഗത്തെ അധികരിച്ച് ഒരു അന്താരാഷ്ട്ര സമ്മേളനം റോമില്‍ നടന്നതിനെക്കുറിച്ചും സൂചിപ്പിച്ച ഫ്രാന്‍സീസ് പാപ്പാ ഈ രോഗത്തിനെതിരായ പോരാട്ടം ഫലദായകമാക്കട്ടെയെന്നാശംസിച്ചു.

     ബാലവേലവിരുദ്ധ ലോകദിനം ഈ ഞായറാഴ്ച (12/06/16) ആചരിക്കപ്പെട്ടതും അനുസ്മരിച്ച പാപ്പാ ഈ ആധുനിക അടിമത്തത്തിന്‍റെ കാരണങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള യത്നം  ഒറ്റക്കെട്ടായി നവീകരിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു. കിശോരതൊഴിലെന്ന ആധുനിക അടിമത്തം ചില മൗലികാവകാശങ്ങള്‍ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക്  നിഷേധിക്കുകയാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.

ഇന്നു ലോകത്തില്‍ അടിമകളാക്കപ്പെട്ട കുഞ്ഞുങ്ങള്‍ നിരവധിയാണെന്ന വസ്തുതയും പാപ്പാ ഖേദപൂര്‍വ്വം അനുസ്മരിച്ചു.

     വിചിന്തനാന്തരം ത്രികാലപ്രാര്‍ത്ഥന നയിച്ച ഫ്രാന്‍സീസ് പാപ്പാ വിശുദ്ധകുര്‍ബാനയുടെ അവസാനം എല്ലാവര്‍ക്കും തന്‍റെ ശ്ലൈഹികാശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.