2016-06-11 15:52:00

വിരുന്നിലെ കാരുണ്യാതിരേകവും അനുതാപത്തിന്‍റെ സുഗന്ധവും


ആണ്ടുവട്ടം 11-ാം വാരം ഞായറാഴ്ചത്തെ സുവിശേഷചിന്തകള്‍ .  വിശുദ്ധ ലൂക്കാ 7: 36 മുതല്‍ - അദ്ധ്യായം 8: 3-വരെ വാക്യങ്ങള്‍

  1. വിരുന്നിലെ കാരുണ്യാതിരേകം

വിശുദ്ധ ലൂക്കാ വരച്ചുകാട്ടുന്ന ഇന്നത്തെ സുവിശേഷഭാഗം നാടകീയമാണ്. ഈശോ വിരുന്നിനു വന്നിരിക്കുന്നു. ഗന്ധര്‍വ്വഗായകന്‍ പാടിയപോലെ, ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി...വിളിക്കാതെ!! എം.എസ്. - ശ്രീകുമാരന്‍ തമ്പി ഗാനത്തിലെ ഈരടികള്‍ മലയാളിക്ക് മറക്കാനാവില്ലല്ലോ! എന്നാല്‍ ക്ഷണിച്ചിട്ടാണ് ഈശോ, ഈശ്വരന്‍ വിരുന്നിനു പോയത്. അവിടെ വിഭവങ്ങള്‍ നിരന്നു, വിദ്വാന്മാര്‍ ഒരുങ്ങി... മധുരപലഹാരങ്ങളും, മദിരാചഷകങ്ങളം തുളുമ്പി. ശിമയോന്‍ എന്ന ഗലീലിയയിലെ ഫരിസേയന്‍റെ വീട്ടിലേയ്ക്കാണ് ഈശോ വിരുന്നിനു പോയത്!! ദൈവസ്നേഹത്തെയും കാരുണ്യത്തെയും കുറിച്ചു പ്രബോധിപ്പിക്കുകയും, അത് ജീവിതത്തില്‍ സാന്ത്വനമായും സൗഖ്യമായും അത്ഭുതമായും പ്രകടമാക്കിയ പ്രവാചകനെ, ക്രിസ്തുവിനെ ആരാണ് ക്ഷണിക്കാന്‍ ആഗ്രഹിക്കാത്തത്?

 

പെട്ടന്നു മനസ്സിലേയ്ക്ക് ഓടിവരുന്ന ചിത്രം പാപ്പാ ഫ്രാന്‍സിസിന്‍റേതാണ്. ഏതു രാഷ്ട്രത്തിനാണ്, ആര്‍ക്കാണ് അദ്ദേഹത്തെ ക്ഷണിക്കാന്‍ താല്പര്യമില്ലാത്തത്. ഏതു പ്രസ്ഥാനമാണ് അദ്ദേഹത്തെ ഒന്നു കിട്ടാന്‍ കൊതിക്കാത്തത്? ധാരാളം ‘HomeWork’ ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസിന് പുറംപരിപാടികള്‍ക്ക് സമയമില്ലെന്നേയുള്ളൂ! എന്നിട്ടും! ദേ, അടുത്തു തിങ്കളാഴ്ച        

ജൂണ്‍ 13-ാം തിയതി ഐക്യരാഷ്ട്ര സംഘടയുടെ ലോക ഭക്ഷ്യപദ്ധതി കേന്ദ്ര-ത്തിലേയ്ക്കാണ്, റോമിലെ World Food Programme-മിലേയ്ക്കാണ് പാപ്പായുടെ ചരിത്ര സന്ദര്‍ശനം! ലോകത്തെ ദാരിദ്യാവസ്ഥയെ നേരിടാനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ പദ്ധതി കേന്ദ്രത്തിലേയ്ക്കുള്ള ഒരു പത്രോസിന്‍റെ പിന്‍ഗാമിയുടെ പ്രഥമ സന്ദര്‍ശനമാണിത്.

 

ഇന്നിന്‍റെ ‘വലിച്ചെറിയല്‍ സംസ്ക്കാര’ത്തെയും (culture of Waste), ലാഭംമാത്രം ലക്ഷ്യംവയ്ക്കുകയും  മനുഷ്യനെ അവഗണിക്കുകയും ചെയ്യുന്ന ‘കൊല്ലുന്ന സാമ്പത്തിക സംസ്ക്കാരത്തെയും (Killing Economy), മനുഷ്യകേന്ദ്രീകൃതമല്ലാത്ത പാരിസ്ഥിതിക പദ്ധതികളെയും അപലപിക്കുന്ന പാപ്പായുടെ  സന്ദര്‍ശനം  രാജ്യാന്തരതലത്തില്‍ 20,000-ത്തോളം പ്രവര്‍ത്തകരുള്ള പ്രസ്ഥാനത്തിന് വിലപ്പെട്ടതാണെന്നതില്‍ സംശയമില്ല. റോമിന്‍റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന യുഎന്‍ World Food Programme-മിലേയ്ക്കുള്ള പാപ്പായുടെ യാത്ര ദൂരംകൊണ്ട് ചെറുതാണ്. വത്തിക്കാനില്‍നിന്നും റോഡുമാര്‍ഗ്ഗം 20 കി.മീ. മാത്രം! എന്നാല്‍ വലിയകാര്യമാണ്! ലോകത്ത്  ബഹുഭൂരിപക്ഷം ജനങ്ങള്‍ ഇന്നു  നേരിടുന്ന വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്‍റെയും പ്രതിഭാസത്തെക്കുറിച്ച്  ഐക്യരാഷ്ട്ര സംഘടനയിലെ അംഗരാഷ്ട്രങ്ങളുടെ  പ്രതിതിനിധികളോടും, പ്രവര്‍ത്തക സമതിയോടും, ലോകത്തോടുതന്നെയും പച്ചയായും യാഥാര്‍ത്ഥ്യബോധത്തോടെയും പാപ്പാ സംസാരിക്കുമെന്നതില്‍ സംശയമില്ല. നമുക്ക് കാതോര്‍ക്കാം...!

 

  1. തുറവുള്ളവര്‍ക്ക് ദൈവം വച്ചുനീട്ടുന്ന രക്ഷാചഷകം

ദൈവം രക്ഷ നല്കുന്നത് പാപത്തിന്‍റെയും ബലഹീനതകളുടെയും സത്യസന്ധമായ തുറവുള്ളിടത്താണ്. അനുതാപമുള്ളിടത്താണ്.  അനുതാപത്തിന്‍റെ  കണ്ണുനീര്‍കൊണ്ട് ക്രിസ്തുവിന്‍റെ പാദങ്ങള്‍ കഴുകുന്ന മേരിയാണ് സുവിശേഷത്തിലെ മുഖ്യകഥാപാത്രം. തന്‍റെ മുടിത്തുമ്പുകൊണ്ട് അവിടുത്തെ പാദങ്ങള്‍ അവള്‍  തുടച്ചുണക്കി. പിന്നെ ആ ദിവ്യപാദങ്ങളില്‍ പരിമളതൈലം പൂശി.

സമ്പൂര്‍ണ്ണ മനസ്താപത്തിന്‍റെയും മാനസാന്തരത്തിന്‍റെയും പ്രതീകമാണവള്‍!. ധൈര്യമാര്‍ന്ന അനുതാപിനിയും അനുരൂപിണിയുമാണവള്‍!  ജീവിതത്തിലെ തിരിച്ചുവരവിനും, എല്ലാം നവമായി തുടങ്ങാനുള്ള പരിശ്രമവുമാണിവിടെ കാണുന്നത്. തന്‍റെ കഴിവും കുറവുമെല്ലാം ക്രിസ്തുവിന്‍റെ  മുന്‍പില്‍ കലവറയില്ലാതെ തുറക്കാന്‍ ധൈര്യം കാണിച്ചവളാണ്  അവിടുത്തെ മാപ്പിനും സാന്ത്വനസ്പര്‍ശത്തിനും യോഗ്യയാകുന്നത്.  “മകളേ, സമാധാനമായി പോവുക! നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു!” (ലൂക്ക 7, 50). രക്ഷിക്കാന്‍ കരുത്തുള്ളവന്‍റെ മുന്നില്‍  ഹൃദയകവാടം തുറന്നവള്‍ ഭാഗ്യവതിയായെന്ന്. ആനന്ദപൂര്‍ണ്ണയായെന്ന്, സമാധാനപൂര്‍ണ്ണയായെന്ന് സുവിശേഷം രേഖപ്പെടുത്തുന്നു.

മനുഷ്യന്‍റെ പാപാവസ്ഥയില്‍, ക്രിസ്തുവുമായുള്ള നേര്‍ക്കാഴ്ചയ്ക്കും,  ജീവിതത്തില്‍ നാം താലോലിക്കുന്ന ദൈവിക സാന്നിദ്ധ്യാവബോധത്തിനും പ്രത്യേക സ്ഥാനമുണ്ടെന്നാണ് ഇന്നത്തെ സുവിശേഷ സംഭവം പഠിപ്പിക്കുന്നത്.  പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക് എഴുതിയ രണ്ടാം ലേഖനത്തില്‍ ഇത് സ്ഥിരപ്പെടുത്തുന്നുണ്ട് .

 

“താന്‍ അഭിമാനംകൊള്ളുന്നത്  രണ്ടു കാര്യങ്ങളിലാണ് –

തന്‍റെ പാപാവസ്ഥയില്‍നിന്നു നേടിയ വിജയത്തെക്കുറിച്ചും,

തനിക്കു രക്ഷപ്രദാനംചെയ്ത ഉത്ഥിതനായ ക്രിസ്തുവിനെക്കുറിച്ചും….”  (2കൊറി. 12, 9).

 

വിരുന്നൊരുക്കിയ ശീമയോന്‍ തീര്‍ച്ചായും അറിവുള്ളവനും സംസ്ക്കാര സമ്പന്നനുമായിരുന്നു. ക്രിസ്തുവിനെക്കുറിച്ച് കൂടുതല്‍ അറിയാനും മനസ്സിലാക്കുവാനുമുള്ള  ജിജ്‍ഞാസയായിരുന്നു പിന്നെയും അയാള്‍ക്ക്.  ശിമയോനോ, ശിമയോന്‍റെകൂടെ  പന്തിയിരുന്ന സുഹൃത്തുക്കളോ മോശക്കാരായിരുന്നില്ല. എന്നാല്‍ എല്ലാ മര്യാദകളും തെറ്റിച്ചാണ് പാപിനി മേരി കടന്നുവന്നത്. അവള്‍ ക്ഷണിക്കപ്പെട്ടിരുന്നില്ല. അവള്‍ അവിടെ സ്വീകാര്യയായിരുന്നില്ല.  അവള്‍ സമൂഹത്തില്‍ തിരസ്കൃതയായിരുന്നു. അനുവാദമില്ലാതെയാണ്  അകത്തു കടന്നത്. അവിടെ ചെയ്തുകൂട്ടിയതെല്ലാം വീട്ടുടമയെ അസ്വസ്ഥനാക്കി.  ക്രിസ്തു അസ്വസ്ഥനായില്ല, എല്ലാറ്റിനും അവിടുന്ന്  മൗനസമ്മതം നല്കി. പിന്നെ ശിമയോന്‍റെ വീട്ടില്‍ കേട്ടത്... നല്ല പെരുമാറ്റത്തിന്‍റെ  പൊയ്മുഖത്തിനു പിന്നിലെ  യാഥാര്‍ത്ഥ്യം വെളിപ്പെടുത്ത ക്രൂരമായ വാക്കുകളാണ്. “ഒരു  പ്രവാചകനായിരുന്നെങ്കില്‍  ഏതു തരക്കാരിയാണ് തന്നെ സ്പര്‍ശിക്കുന്നതെന്ന് അറിയുമായിരുന്നില്ലേ!”

 

  1. അനുതാപത്തിന്‍റെ സുഗന്ധം

ഇവിടെ രണ്ടു വ്യത്യസ്ത സമീപനങ്ങളാണ് കാണുന്നത്. ഒന്ന് , ശിമയയോന്‍റെ... വിമര്‍ശനാത്മകമായ – കരുണയില്ലാത്ത, വിധിക്കുന്ന മനോഭാവം. രണ്ടാമത്തേത് അനുതാപ  പാരവശ്യത്താല്‍ കേഴുകയും... ഭ്രാന്തമായി പെരുമാറുകയും  ചെയ്യുന്ന സ്ത്രീയുടെ മനസ്സ്!  ഏറെ വിലപിടിപ്പുള്ള സുഗന്ധമാണ് അവള്‍ ക്രിസ്തുവിന്‍റെ പാദങ്ങളില്‍ പൂശിയത്. ശിമയോന്‍ ചെയ്യാതിരുന്ന ആതിഥ്യമര്യാദകള്‍ ഇതാ, മറിയം നിറവേറ്റിയിരിക്കുന്നു. അവളുടെ ലേപനം വാചാലമാണ്, സ്നേഹത്തിന്‍റെയും, ഒപ്പം അനുതാപത്തിന്‍റെയും സുഗന്ധമുണ്ടതിന്! ഫരീസേയന്‍റെ  പെരുമാറ്റവും വാക്കുകളും പൊള്ളയാണ് . മനസാക്ഷിയില്ലാത്തതും യാഥാര്‍ത്ഥ്യബോധമില്ലാത്തതും, കരുണയില്ലാത്തതുമാണത്. അനുവാദമില്ലാതെയാണെങ്കിലും, അനുതാപത്തോടും കണ്ണീരോടുംകൂടെ വന്നവരെ വിധിക്കാന്‍ ആരാണു നമ്മള്‍...! വിപരീത സ്വാഭാവമുള്ള  രണ്ടു വ്യക്തിത്വങ്ങള്‍ക്കിടയില്‍ ഇതാ, ക്ഷമയോടെ... സ്നേഹത്തോടെ.., കരുണയോടെ..., സകലരെയും രക്ഷിക്കുവാനും ആശ്ലേഷിക്കുവാനുമുള്ള ഹൃദയ വിശാലതയോടെയും ആര്‍ദ്രഭാവത്തോടെയും നില്ക്കുന്ന  ക്രിസ്തു! അവിടുന്നു സ്ത്രീയുടെ അവസ്ഥയെയും പെരുമാറ്റത്തെയും  ന്യായീകരിക്കുന്നു. അവസാനം,  സുവിശേഷകന്‍ ശിമയോനെക്കുറിച്ച് ഒന്നും പറയുന്നില്ല. എളിയവരോട് ഗര്‍വ്വും ദാര്‍ഷ്ഠ്യവും കാണിക്കുന്നവരെ  ക്രിസ്തുവും  അവഗണിക്കുന്നു.  

എന്നാല്‍ തുറവുള്ള ഹൃദയത്തിലേയ്ക്ക് അവിടുന്നു  തിരിയുന്നു. പാപിനിയെക്കുറിച്ചു  പറഞ്ഞുകൊണ്ടാണ് സുവിശേഷ രംഗം അവസാനിക്കുന്നത്.  “സ്ത്രീയേ, നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു.” ഇതു, കേട്ട്  തികവുനടിച്ച ശിമോയന്‍റെ കൂട്ടുകാര്‍  പുലമ്പി,  “പാപങ്ങള്‍ ക്ഷമിക്കാന്‍ ഇയാള്‍ ആരാണ്?”  എന്നാല്‍ അതു കേട്ട ഭാവം നടിച്ചില്ല ക്രിസ്തു! അവിടുന്നു പറഞ്ഞു, “ മകളേ... സമാധാനത്തില്‍ പോവുക! നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു!”  സുവിശേഷം  ഇനിയും ഇന്നും എന്നും  ആവര്‍ത്തിക്കാന്‍ പോകുന്ന  കാരുണ്യ വചസ്സുകളാണിത് ...“സമാധാനത്തില്‍ പോവുക! വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു!” ലോകത്തിന് ഇന്നാവശ്യം ഈ കരുണയാണ് – ദൈവികകാരുണ്യമാണ്. അതിനാല്‍ ജീവിതപരസരങ്ങളില്‍ നമുക്ക് കരുണയുള്ളവരായിരിക്കാം.

 

  1. ക്രിസ്തു നമുക്കായ് തുറക്കുന്ന കാരുണ്യകവാടം

നമ്മുടെ ഹൃദയങ്ങള്‍ ദൈവത്തിന്‍റെ മുന്നില്‍ സത്യസന്ധമായി തുറന്നാല്‍ ദൈവം അവിടുത്തെ കാരുണ്യകവാടം  നമുക്കായും തുറന്നുതരും. അവിടുത്തെ രക്ഷ നമുക്കായി നീട്ടിത്തരും.  ഹൃദയം തുറക്കാനും തെറ്റുകള്‍ ഏറ്റുപറഞ്ഞു വിലപിക്കാനും നമുക്ക് അവസരങ്ങളുണ്ട്.  ക്രിസ്തുവിനെ കണ്ടുമുട്ടാനും അവിടുത്തെ തിരുസന്നിധിയില്‍ പാപങ്ങള്‍ ഏറ്റുപറയുവാനുമുള്ള സാദ്ധ്യതകള്‍ ഏറെയാണ്.

പാപ്പാ ഫ്രാ‍ന്‍സിസ് പ്രഖ്യാപിച്ച സവിശേഷമായ ജൂബിലിവത്സരം, കാരുണ്യത്തിന്‍റെ ഉത്സവമാണ്, കാരുണ്യമഹോത്സവമാണ്! നമുക്കായി തുറന്നിരിക്കുന്ന ക്രിസ്തുവിന്‍റെ  കാരുണ്യകവാടം നമ്മെ ക്ഷണിക്കുന്നു,  മാടിവിളിക്കുന്നു.  സകലരെയും ക്രിസ്തുവിന്‍റെ കാരുണ്യത്തില്‍ ആശ്ലേഷിക്കുന്ന, സാകല്യസംസ്കൃതി വളര്‍ത്താന്‍ ക്രിസ്തുവിന്‍റെ കാരുണ്യാതിരേകം നമ്മെ സഹായിക്കട്ടെ, പ്രചോദിപ്പിക്കട്ടെ..! വിട്ടുവീഴ്ചയുടെ  മനോഭാവത്തില്‍ വിശുദ്ധിയുണ്ട്. ഇന്ന് സുവിശേഷത്തില്‍ വെളിപ്പെട്ടു കിട്ടുന്ന കാരുണ്യം സ്ഫുരിക്കുന്ന, കാരുണ്യം വഴിഞ്ഞൊഴുകുന്ന ക്രിസ്തുവിന്‍റെ യാഥാര്‍ത്ഥ്യബോധം അനുദിനജീവിതത്തില്‍ നമുക്കു പ്രചോദനമേകട്ടെ! നമ്മെ നയിക്കട്ടെ!!








All the contents on this site are copyrighted ©.